തിരുവനന്തപുരം: പാലോട് നവ വധു ഇന്ദുജയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. മരിച്ച ഇന്ദുജയെ അജാസാണ് കൂടുതല്‍ ഉപദ്രവിച്ചത് എന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് അജാസിന്റെ ഗൂഢാലോചനയ ആണോ എന്നാണ് പോലീസിന് സംശയം. ഇന്ദുജയുമായി അടുത്ത ബന്ധമുണ്ടായിരുന്ന അജാസ് യുവതിയുടെ ഫോണ്‍വിവരങ്ങളെല്ലാം നശിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നിലെ ആസൂത്രണമാണ് പോലീസ് സംശയിക്കുന്നത്.

ഇന്ദുജയുടെ മൊബൈല്‍ ഫോണ്‍ അജാസ് ഫോര്‍മാറ്റ് ചെയ്തിരുന്നു. ആത്മഹത്യക്ക് പിന്നാലെയാണ് ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതെന്ന് പോലീസിന് സംശയം. തെളിവ് നശിപ്പിച്ചത് തന്നെയെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്. അജാസ് ആത്മഹത്യ ചെയ്ത ഇന്ദുജയുടെയും ഭര്‍ത്താവ് അഭിജിത്തിന്റെയും സുഹൃത്തായിരുന്നു. ഇന്ദുജയുടെ ഫോണിന്റെ പാസ്വേര്‍ഡ് ഉള്‍പ്പെടെ അജാസിന് അറിയാമായിരുന്നു. അജാസിനെ കേന്ദ്രീകരിച്ചു കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസ് നീക്കം.

ഇന്ദുജ ആത്മഹത്യക്ക് മുന്‍പ് അവസാനം ഫോണില്‍ വിളിച്ചത് അജാസിനെ ആയിരുന്നു. കേസില്‍ ഭര്‍ത്താവ് അഭിജിത്തിന്റെയും അജാസിന്റെയും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അഭിജിത്താണ് കേസിലെ ഒന്നാം പ്രതി. അജാസിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് എടുത്തിരിക്കുന്നത്അജാസ് മര്‍ദിക്കുന്നത് കണ്ടെന്നാണ് ഭര്‍ത്താവ് അഭിജിത്ത് മൊഴി നല്‍കിയിരുന്നു. കേസില്‍ അറസ്റ്റിലായ ഇരുവരെയും റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ അജാസിന്റെ സാന്നിധ്യമാണ് കേസിനു വഴിത്തിരിവായതും അറസ്റ്റിലേക്കു വഴിതെളിച്ചതും.

അഭിജിത്തും ഇന്ദുജയും വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഇന്ദുജയുടെ സുഹൃത്തുക്കളെ ബന്ധപ്പെടുത്തി ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ നടന്നിരുന്നതായി പൊലീസ് പറയുന്നു. ഗാര്‍ഹിക പീഡനം ആരോപിച്ചു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അതിനു തെളിവില്ലെന്നും ഇന്ദുജയുടെ ദേഹത്ത് കണ്ട പാടുകള്‍ അജാസ് മര്‍ദിച്ചതു മൂലമാണെന്നും പറയുന്നു. കാട്ടാക്കട ഡിവൈഎസ്പി എന്‍. ഷിബു, പാലോട് എസ്എച്ച്ഒ അനീഷ്‌കുമാര്‍, എസ്.ഐമാരായ റഹിം, രാജന്‍ എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇന്ദുജയുടെ മരണവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത ഭര്‍ത്താവ് അഭിജിത്തിന്റെ മൊഴിയില്‍ അജാസിന്റെ പേര് കടന്നു വന്നതാണ് കേസിന് വഴിത്തിരിവായത്.

മരിക്കുന്നതിനു മൂന്നു ദിവസത്തിന് മുന്‍പ് അജാസ് ഇന്ദുജയെ ശംഖുമുഖത്ത് കൊണ്ടുപോയി കാറില്‍ വച്ച് മര്‍ദിച്ചതായി അഭിജിത്ത് പൊലീസിനോട് പറഞ്ഞു. ആദ്യം നിഷേധിച്ച അജാസ് പിന്നീട് അത് സമ്മതിച്ചുവെന്നും പറയുന്നു. ഇന്ദുജ മരിക്കുന്നതിനു മുന്‍പ് ആരെയോ ഫോണ്‍ ചെയ്തതായി അഭിജിത്തിന്റെ അമ്മൂമ്മ പറഞ്ഞതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ അജാസിനെയാണ് വിളിച്ചതെന്നു സൂചനയുണ്ട്. അറസ്റ്റ് നടന്നെങ്കിലും അജാസിന്റെ പങ്കും അനുബന്ധ വിഷയങ്ങളും കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നതടക്കം കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം നെടുമങ്ങാട് ഡിവൈഎസ്പി ഏറ്റെടുത്തിട്ടുണ്ട്.

അഭിജിത്തിന്റെയും ഇന്ദുജയുടേയും കോമണ്‍ ഫ്രണ്ടാണ് അജാസ്. ആത്മഹത്യ ചെയ്ത ദിവസം പെണ്‍കുട്ടിയെ അവസാനമായി കണ്ടത് മറ്റാരോ ആയി ഫോണില്‍ കൂടി സംസാരിക്കുമ്പോഴായിരുന്നുവെന്ന് അഭിജിത്തിന്റെ അമ്മൂമ്മ പോലീസിനോട് പറഞ്ഞിരുന്നു. ഇത് അജാസിനോടായിരുന്നു എന്നാണ് ഫോണ്‍ പരിശോധനയില്‍ കണ്ടെത്തിയത്. അജാസിനോട് സംസാരിച്ച തൊട്ടുപിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വവരം. അജാസും അഭിജിത്തും ചേര്‍ന്ന് പെണ്‍കുട്ടിയെ തങ്ങളുടെ ജീവിതത്തില്‍ നിന്ന് മാറ്റുന്നതിന് വേണ്ടി നടത്തിയ നാടകം ഒടുവില്‍ പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് സൂചനകള്‍.

ജാതി ചൂണ്ടിക്കാട്ടി അഭിജിത്തിന്റെ കുടുംബം ഇരുവരുടേയും വിവാഹത്തിന് എതിര്‍ത്തിരുന്നുവെന്ന് ഇന്ദുജയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ അഭിജിത്തിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇപ്പോള്‍ സുഹൃത്തിന്റേയും പങ്ക് വ്യക്തമാകുന്നത്. കൊടി ജാതി പീഡനം നടന്നുവെന്നാണ് വ്യക്തമാകുന്നത്. കാറില്‍ വച്ച് അജാസ് മര്‍ദ്ദിച്ചിട്ടും അഭിജിത് പ്രതികരിക്കാത്തത് തന്റെ ജീവിതത്തില്‍ നിന്നും ഇന്ദുജ ഒഴിഞ്ഞു പോകണമെന്ന സന്ദേശം നല്‍കാനായിരുന്നു.

രണ്ടര വര്‍ഷത്തോളമായി അഭിജിത്തും ഇന്ദുജയും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. തിരുവനന്തപുരത്ത് വഞ്ചിയൂരിലെ ആയുര്‍വേദ ആശുപത്രിയുടെ ത്രിവേണി ലാബില്‍ ജോലി ചെയ്യുകയായിരുന്നു ഇന്ദുജ. ഇന്ദുജയും അഭിജിത്തും അജാസും എല്ലാം ഒരു സ്‌കൂളില്‍ പഠിച്ചവരാണ്. നാല് മാസം മുമ്പ് ഇന്ദുജ അഭിജിത്തിനോടൊപ്പം ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ലാബിലെ ജീവനക്കാരാണ് ഇത് വീട്ടുകാരെ അറിയിക്കുന്നത്. അന്നേദിവസം തന്നെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പാലോട് പോലീസ് സ്റ്റേഷനില്‍ ഇരുവരേയും വിളിച്ചു വരുത്തിയിരുന്നു. ശേഷം വട്ടപ്പാറയിലുള്ള ഒരു ക്ഷേത്രത്തില്‍ വെച്ച് ഇവര്‍ വിവാഹിതരാവുകയായിരുന്നു.