കൊച്ചി: കളമശേരിയില്‍ വീട്ടമ്മ ജെയ്‌സിയുടേത് ആസുത്രിത കൊലപാതകമെന്ന് പൊലീസ്. പ്രതികള്‍ അരുകൊല നടത്തിയത് പണത്തിന് വേണ്ടിയെന്ന് പൊലീസ് വ്യക്തമാക്കി. കടക്കെണിയില്‍നിന്നു കരകയറാന്‍ ജെയ്‌സിയുടെ സുഹൃത്ത് ആസൂത്രണം ചെയ്തതാണ് കൊലപാതകം.

കളമശേരി കൂനംതൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കുതാമസിക്കുകയായിരുന്നു ജെയ്‌സി. വിപുലമായ ആസൂത്രണം നടത്തിയതിനാല്‍ പിടിക്കപ്പെടില്ലെന്നാണ് പ്രതി കരുതിയത്. ഓട്ടോറിക്ഷകള്‍ മാറി കയറുകയും, ഹെല്‍മറ്റ് ധരിച്ച് സ്ത്രീയുടെ വീട്ടിലെത്തിയും കൊലപാതകത്തിനുശേഷം വസ്ത്രം മാറ്റി രക്ഷപ്പെടുകയും ചെയ്ത പ്രതി പൊലീസിനെ കബളിപ്പിക്കാന്‍ വ്യക്തമായ പദ്ധതി ആസൂത്രണം ചെയ്തിരുന്നു.

പെരുമ്പാവൂര്‍ ചുണ്ടക്കുഴി കൊറാട്ടുകുടി വീട്ടില്‍ ജെയ്‌സി ഏബ്രഹാമിനെ (55) ഈ മാസം 17നാണ് കൂനംതൈ അമ്പലം റോഡിലുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. കൊലപാതകത്തില്‍ അറസ്റ്റിലായത് സുഹൃത്തും ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനുമായ ഗിരീഷ് കുമാറും അടുത്ത സുഹൃത്ത് കദീജ എന്ന പ്രബിതയുമാണ്. ഇരുവരുടെയും പൊതു സുഹൃത്തായിരുന്ന കൊല്ലപ്പെട്ട ജെയ്‌സി ഏബ്രഹാം, ഈ അപ്പാര്‍ട്ട്‌മെന്റില്‍ ഒരു വര്‍ഷമായി തനിച്ചായിരുന്നു താമസം.

അമ്മയെ ഫോണില്‍ കിട്ടാതെ വന്നതോടെ, കാനഡയിലായിരുന്ന മകള്‍ അറിയിച്ചതനുസരിച്ചാണ് പൊലീസ് അപ്പാര്‍ട്ട്‌മെന്റിലെത്തി പരിശോധിച്ചത്. കുളിമുറിയില്‍ തലയടിച്ചു വീണ രീതിയില്‍ കാണപ്പെട്ട ജെയ്‌സിയെ ആശുപത്രിലെത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമെന്ന് തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗിരീഷ് കുമാറും കദീജയും അറസ്റ്റിലാകുന്നത്.

എംസിഎ ബിരുദധാരിയും ഐടി കമ്പനിയിലെ ജീവനക്കാരനുമാണ് തൃക്കാക്കര സ്വദേശിയായ ഗിരീഷ് ബാബു. തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശിയാണ് കദീജ. ലോണ്‍ ആപ്പ് വഴിയും ക്രെഡിറ്റ് കാര്‍ഡിലൂടെയും മറ്റും വലിയൊരു തുകയുടെ കടക്കാരനായിരുന്ന ഗിരീഷ് ബാബു. കടംവീട്ടാന്‍ കണ്ടെത്തിയ വഴിയായിരുന്നു ജെയ്‌സിയുടെ കൊലപാതകം. റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെ സമ്പാദിച്ച ധാരാളം പണവും സ്വര്‍ണാഭരണങ്ങളും ജെയ്‌സിയുടെ അപാര്‍ട്ട്‌മെന്റില്‍ ഉണ്ടാകുമെന്നായിരുന്നു പ്രതികളുടെ ധാരണ. ജെയ്‌സിയുമായി നേരത്തെ മുതല്‍ പരിചയമുള്ള ഗിരീഷ് കുമാര്‍ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് കദീജയെ പരിചയപ്പെടുന്നത്. ഇതു പിന്നീട് അടുപ്പമായി മാറി. ജെയ്‌സിയെ കൊലപ്പെടുത്തി പണവും സ്വര്‍ണവും കവരാമെന്ന് തീരുമാനിച്ച ഇരുവരും രണ്ടു മാസം മുന്‍പു ഗൂഢാലോചന തുടങ്ങിയെന്ന് പൊലീസ് പറയുന്നു. ആരുടേയും കണ്ണില്‍പ്പെടാതെ എങ്ങനെ ജെയ്‌സിയുടെ ഫ്‌ലാറ്റിലെത്താമെന്ന് രണ്ട് വട്ടം ഗീരീഷ് കുമാര്‍ ട്രയല്‍ നടത്തി.

നവംബര്‍ 17 ഞായറാഴ്ച ജെയ്‌സിയുടെ ഫ്‌ലാറ്റില്‍ മറ്റാരും ഉണ്ടാകില്ല എന്നുറപ്പിച്ചു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ സഹോദരന്റെ ബൈക്കില്‍ കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപമുള്ള വീട്ടില്‍ നിന്നും ഗിരീഷ് ബാബു പല വഴികളിലൂടെയും ചുറ്റിക്കറങ്ങി ഉണിച്ചിറ പൈപ്പ്‌ലെയിന്‍ റോഡില്‍ എത്തി. അവിടെ നിന്നു രണ്ട് ഓട്ടോറിക്ഷകള്‍ മാറിക്കയറി ജെയ്‌സിയുടെ ഫ്‌ലാറ്റില്‍ എത്തുകയായിരുന്നു. സിസിടിവിയില്‍ മുഖം പതിയാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചായിരുന്നു ഗിരീഷ് കുമാര്‍ മുഴുവന്‍ സമയവും സഞ്ചരിച്ചിരുന്നത്. രാവിലെ പത്തരയോടെ അപ്പാര്‍ട്ട്‌മെന്റിലെത്തിയ പ്രതി കൈയില്‍ കരുതിയിരുന്ന മദ്യം ജെയ്‌സിയുമൊത്ത് കഴിച്ചു. മദ്യലഹരിയിലായ ജെയ്‌സിയെ പ്രതി ബാഗില്‍ കരുതിയിരുന്ന ഡംബല്‍ എടുത്ത് തലയ്ക്ക് പലവട്ടം അടിച്ചു. ജെയ്‌സി നിലവിളിച്ചപ്പോള്‍ മുഖം തലയിണ വച്ച് അമര്‍ത്തിപ്പിടിക്കുകയും ചെയ്തു. തുടര്‍ന്ന് കുളിമുറിയില്‍ തെന്നി വീണതാണ് എന്നു വരുത്താനായി പ്രതി ജെയ്‌സിയെ വലിച്ച് ശുചിമുറിയിലെത്തിച്ചു.

ശരീരത്തിലെ രക്തം കഴുകിക്കളഞ്ഞ ഗിരീഷ് കുമാര്‍ ധരിച്ചിരുന്ന ഷര്‍ട്ട് മാറി ബാഗില്‍ കരുതിയിരുന്ന മറ്റൊരു ഷര്‍ട്ട് ധരിച്ചു. ജെയ്‌സിയുടെ കൈകളില്‍ ധരിച്ചിരുന്ന രണ്ടു സ്വര്‍ണ വളകളും രണ്ടു മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത് ഫ്‌ലാറ്റിന്റെ വാതില്‍ പൂട്ടി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാട് ഉള്ളതിനാല്‍ ജെയ്‌സിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ ധാരാളം ആളുകള്‍ വന്നു പോകുന്നതിനാല്‍ സംശയം തങ്ങളിലേക്ക് വരില്ലെന്നായിരുന്നു പ്രതികളുടെ ധാരണ. കൊലപാതകത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ പരിസരത്തെത്തി പൊലീസിന്റെ നീക്കങ്ങള്‍ പ്രതി നിരീക്ഷിച്ചു. അപ്പാര്‍ട്ട്‌മെന്റിന്റെ അകത്തേക്ക് പോകുന്ന ഒരാള്‍ മറ്റൊരു ഷര്‍ട്ട് ധരിച്ച് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ആദ്യ ദിവസങ്ങളില്‍ തന്നെ ലഭിച്ചിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ ആളെ മനസ്സിലായിരുന്നില്ല. എന്നാല്‍ തുടരന്വേഷണത്തില്‍ ഗിരീഷ് കുമാറും കദീജയും കുടുങ്ങുകയായിരുന്നു.