- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താലോലിച്ച് വളർത്തി വലുതാക്കിയ കൈകളെ തന്നെ വെട്ടിയ മകൻ; ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ചോരയിൽ കുളിച്ച ഉറ്റവരെ; സ്വന്തം അച്ഛനെ വെട്ടിയത് പോലും ഓർമ്മയില്ലന്ന് പറഞ്ഞ് നവജിത്ത്; അരുംകൊലയുടെ യഥാർത്ഥ കാരണം തേടി പോലീസ്; ആ കൊടുംക്രൂരനായ അഭിഭാഷകന്റെ നില ഞെട്ടിക്കുന്നതെന്ന് ഡോക്ടർമാർ
ആലപ്പുഴ: കായംകുളത്ത് സ്വന്തം അച്ഛനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയായ അഭിഭാഷകൻ നവജിത്തിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയിലിരിക്കെ പ്രതി കടുത്ത മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് അടിയന്തരമായി മാറ്റിയത്.
നവജിത്തിനെ ആദ്യം മാവേലിക്കര സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.
പുല്ലുകുളങ്ങര പീടികച്ചിറ സ്വദേശി നടരാജൻ ആണ് കൊല്ലപ്പെട്ടത്. നവജിത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് സിന്ധുവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
നവജിത്തും മാതാപിതാക്കളുമായി വീട്ടിൽ സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി വഴക്ക് പതിവായിരുന്നു എന്നാണ് അയൽവാസികളും ബന്ധുക്കളും പോലീസിന് മൊഴി നൽകിയത്. സംഭവ ദിവസം രാത്രിയിലും വീട്ടിൽ നിന്ന് വലിയ ബഹളം കേട്ടതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുനിൽക്കുന്ന നവജിത്തിനെയും ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കളെയും കണ്ടത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ബലംപ്രയോഗിച്ചാണ് നവജിത്തിനെ കീഴ്പ്പെടുത്തിയത്. ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് ആഴത്തിൽ മുറിവേറ്റ പിതാവ് നടരാജന്റെ ജീവൻ രക്ഷിക്കാനായില്ല.
അഭിഭാഷകനായ പ്രതി നവജിത്ത് കസ്റ്റഡിയിൽ തുടർച്ചയായി അസ്വാഭാവികമായ പെരുമാറ്റം പ്രകടിപ്പിച്ചതോടെയാണ് ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന സംശയം ഉയർന്നത്. തുടർന്നുള്ള വൈദ്യപരിശോധനയിൽ ഈ സംശയം ശരിവയ്ക്കുകയും വിദഗ്ധ ചികിത്സ അനിവാര്യമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുകയും ചെയ്തു.
പ്രതിയുടെ മാനസിക നില പൂർണ്ണമായും വ്യക്തമായാൽ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം കണ്ടെത്താനും തുടർ അന്വേഷണങ്ങളുമായി മുന്നോട്ട് പോകാനും പോലീസിന് സാധിക്കൂ. സാമ്പത്തിക തർക്കങ്ങൾക്കപ്പുറം മറ്റെന്തെങ്കിലും മാനസിക കാരണങ്ങൾ ഈ കൊടുംക്രൂരതയ്ക്ക് പിന്നിലുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.




