പത്തനംതിട്ട: ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് യുവാവിനെ കാറിടിപ്പിച്ചു കൊന്നു. റാന്നി മന്ദമരുതിയില്‍ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. കീക്കോഴൂരില്‍ വാടകയ്ക്ക് താമസിക്കുന്ന വെട്ടിക്കല്‍ വീട്ടില്‍ ബാബുവിന്റെ മകന്‍ അമ്പാടിയാ(23)ണ് മരിച്ചത്. അമ്പാടിയെ കാറിടിപ്പിച്ചു കൊന്ന ഗ്യാങിന് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാണ്.

ഇന്നലെ വൈകിട്ട് റാന്നി ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലയ്ക്ക് സമീപത്തു നിന്നാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം തുടങ്ങിയത്. ഇതിന് ശേഷം മന്ദമരുതിയില്‍ വച്ചും ഇവര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പിന്നീട് വീട്ടിലേക്ക് പോയ ഇരൂകൂട്ടരും രണ്ടു കാറുകളില്‍ സംഘാംഗങ്ങളുമായി മന്ദമരുതിയില്‍ എത്തി.

ഒരു കാറില്‍ നിന്നും അമ്പാടി ഇറങ്ങി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ഗ്യാങ് വന്ന സ്വിഫ്ട് കാര്‍ അമിതവേഗതയില്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് അമ്പാടിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി. പരുക്കേറ്റ അമ്പാടിയെ ഉടന്‍ തന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിക്കപ്പ് വാഹനത്തില്‍ കൈതച്ചക്ക കച്ചവടം നടത്തുന്നയാളാണ് അമ്പാടി. ഇടിച്ചിട്ട വാഹനത്തിന് വേണ്ടി പോലീസ് തെരച്ചില്‍ തുടരുകയാണ്.