ഡൽഹി: ഇപ്പോൾ എല്ലാ ബന്ധങ്ങളും പണം ഉണ്ടെങ്കിലേ നിലനിൽക്കൂ എന്ന സ്ഥിതിയിലാണ്. പ്രണയ ബന്ധങ്ങൾ ഉൾപ്പടെ അങ്ങനെയാണ്. കാമുകി എന്ത് പറഞ്ഞാലും അതുപോലെ ചെയ്തുകൊടുക്കുന്ന കാമുകന്മാരാണ് കൂടുതലും.അങ്ങനെ കാമുകിയുടെ ആഗ്രഹം സഫലമാക്കാൻ ഇറങ്ങിയ കാമുകന് പറ്റിയ വിനയാണ് ഇപ്പോഴത്തെ സംഭവം.

കാമുകിയ്ക്ക് ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് നൽകാൻ പണം കണ്ടെത്താൻ യുവാവ് ചെയ്തത് കടുംകൈയ്. പോം വഴിയായി യുവാവ് കണ്ടെത്തിയത് തനിച്ച് താമസിക്കുന്ന വയോധികനായ വ്യാപാരിയുടെ വീട്ടിലെ മോഷണം. മോഷണത്തിനിടെ അപ്രതീക്ഷിതമായി 64കാരൻ ഉണർന്നതോടെ കൊലപ്പെടുത്തി യുവാവ്. ഡൽഹിയിലെ ആഡംബര മേഖലയിലെ മൂന്ന് നില വസതിയിൽ നടന്ന കൊലപാതകത്തിലാണ് യുവാവിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.

സാമ്പത്തിക സ്ഥിരതയില്ലാതെ പ്രണയവുമായി മുന്നോട്ട് പോകാനാവില്ലെന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് പരിചയപ്പെട്ട കാമുകി അന്ത്യശാസനം നൽകിയതോടെയാണ് പണം കണ്ടെത്താനുള്ള എളുപ്പ വഴിയായി മോഷണത്തിന് പദ്ധതിയിട്ടത്.

അഭയ് സികാർവാർ എന്ന യുവാവാണ് പിടിയിലായത്. പാചക തൊഴിലാളിയായ യുവാവ് കടത്തിൽ മുങ്ങിയതിന് പിന്നാലെയാണ് മോഷണത്തിന് പദ്ധതിയിട്ടത്. നേരത്തെ ഈ വീട്ടിൽ വീട്ടുജോലിക്ക് നിന്നിരുന്നതിനാൽ വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറാനും യുവാവിന് സാധിച്ചു. അടുക്കളയിലെ കൊതുകുവല അറുത്ത് മാറ്റി ജനൽ തകർത്ത് അകത്ത് കയറിയ യുവാവ് മോഷണം നടത്തുന്നതിനിടയിൽ വയോധികനായ വ്യാപാരി ഉറക്കമുണർന്നതോടെയാണ് കൊലപാതകം നടത്തിയത്.

റോഹിത് അലഹ് എന്ന വ്യാപാരിയെയാണ് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് നിലയുള്ള വീടിന്റെ താഴെ നില 64കാരനായിരുന്നു ഉപയോഗിച്ചിരുന്നത്. രണ്ടാം നില വ്യാപാരിയുടെ വീട്ടുകാരും മൂന്നാം നിലയിൽ വാടകക്കാരുമാണ് തങ്ങിയിരുന്നത്. രാവിലെ പതിവ് സമയം ആയിട്ടും വ്യാപാരി പുറത്തിറങ്ങിയത് കാണാതെ വന്നതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കൊലപാതകം പുറത്ത് അറിയുന്നത്.

കൃത്യമായ പദ്ധതിയോടെ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമെന്നാണ് സംഭവത്തേക്കുറിച്ച് ഡൽഹി ഡിസിപി അങ്കിത് ചൌഹാൻ വിശദമാക്കുന്നത്. ആഡംബര വീടുകളുള്ള മേഖലയിൽ നിന്നുള്ള 500ലേറെ സിസിടിവി ദൃശ്യങ്ങൾ അരിച്ച് പെറുക്കിയതിൽ നിന്നാണ് കൊലപാതകിയേക്കുറിച്ചുള്ള സൂചന ഒടുവിൽ ലഭിച്ചത്. സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ.