കൊല്ലം: ഓമനിച്ചു വളർത്തുന്ന നായയോട് മോശമായി പെരുമാറി. ഒടുവിൽ നടന്ന തർക്കത്തെ തുടർന്ന് നടന്നത് അരുംകൊല. വളർത്തുനായയെ വിഷം കൊടുത്തുകൊല്ലുമെന്നു പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ കുത്തേറ്റ് യുവാവ് അതിദാരുണമായി കൊല്ലപ്പെട്ടു. പട്ടത്താനം വേപ്പാലുംമൂട് ഭാവന നഗർ 289ബി-യിൽ പി.ചെറിയാന്റെ മകൻ ഫിലിപ്പാണ് (ലാലു-42) കൊല്ലപ്പെട്ടത്.

ഫിലിപ്പിന്റെ കൈയിൽനിന്ന്‌ കത്തി പിടിച്ചുവാങ്ങി കുത്തിയ അയൽവാസി ഭാവന നഗർ 36എ-യിൽ മനോജ് (മാർഷൽ-45), ഒപ്പം കൃത്യത്തിൽ ഉണ്ടായിരുന്ന ഭാവന നഗർ 41ബി, ചെറുപുഷ്പത്തിൽ ജോൺസൺ (45) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. സഹോദരൻ റാഫി ഇപ്പോൾ ഒളിവിലാണെന്നും പോലീസ് പറയുന്നു. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ജോൺസന്റെ വീടിനു മുന്നിലാണ് ദാരുണ സംഭവം അരങേറിയത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ..

ഫിലിപ്പും പ്രതികളും അയൽവാസികളും സുഹൃത്തുക്കളുമാണ്. വൈകുന്നേരങ്ങളിൽ വളർത്തുനായയുമായി ഫിലിപ്പ് അതുവഴി പോകുന്നത് പതിവാണ്. ഫിലിപ്പിന്റെ ബന്ധുവീടും ഇതിനടുത്താണ്. വളർത്തുനായയെ ജോൺസന്റെ വീടിനടുത്ത്‌ കൊണ്ടുവരുന്നതിനെച്ചൊല്ലി ജോൺസനും റാഫിയുമായി വൈകീട്ട് തർക്കം ഉണ്ടായി.

ഫിലിപ്പിനെ ഇവർ കളിയാക്കുകയും നായയെ കല്ലെടുത്ത്‌ എറിയുകയും ചെയ്തു. തങ്ങളെയെങ്ങാനും കടിച്ചാൽ വിഷം കൊടുത്ത്‌ നായയെ കൊല്ലുമെന്നും പറഞ്ഞു. ഇതിൽ പ്രകോപിതനായ ഫിലിപ്പും ഇവരുമായി വാക്കുതർക്കവും കൈയേറ്റവുമുണ്ടായി.

വാക്കേറ്റത്തിൽ മനോജും ഇടപെട്ടു. സംഘർഷത്തിനിടെ മനോജ് കത്തികൊണ്ട് ഫിലിപ്പിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. കുത്തേറ്റ ഫിലിപ്പ് അവിടെനിന്ന്‌ ബന്ധുവീട്ടിലേക്ക് നടന്നു. ബഹളംകേട്ടെത്തിയ ബന്ധു ആന്റണി കുത്തേറ്റ ഫിലിപ്പിനെ ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഫിലിപ്പും പ്രതികളും പ്ലംബിങ്, പെയിന്റിങ് തൊഴിലാളികളാണ്.

അരുംകൊല നടന്നതിന് ശേഷം കൈക്ക് പരിക്കേറ്റ് ചികിത്സതേടിയ ജോൺസനെ ഒരു സ്വകാര്യ ആശുപത്രിയിൽനിന്നാണ് പോലീസ് ഒടുവിൽ അറസ്റ്റ് ചെയ്തത്. ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ എൽ.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെപിടികൂടിയത്. എ.സി.പി. എസ്.ഷെരീഫും സ്ഥലത്തെത്തി.കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു. നാടിനെ നടുക്കിയ ക്രൂര കൊലപാതകത്തിൽ നാട്ടുകാർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.