- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രസവത്തിന് ശേഷം പ്ലാസന്റ പൂര്‍ണമായി നീക്കാത്തതോടെ അണുബാധ മറ്റ് അവയവങ്ങളെയും ബാധിച്ചു; പ്രസവസമയത്തെ പിഴവുകള്‍ മുഹ്‌സിനയുടെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മകളെ ആഭിചാര പ്രവൃത്തികള്‍ക്കും വിധേയയാക്കി, ശരീരമാസകലം പാടുകളുണ്ടായിരുന്നതായി പിതാവ്; വ്യാജ അക്യുപങ്ചര്‍ ചികിത്സകനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യം
പ്രസവത്തിന് ശേഷം പ്ലാസന്റ പൂര്‍ണമായി നീക്കാത്തതോടെ അണുബാധ മറ്റ് അവയവങ്ങളെയും ബാധിച്ചു

തൃശൂര്‍: വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞും ചികിത്സ നിഷേധിക്കപ്പെട്ട് ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി മുഹ്‌സിനയും (37) കഴിഞ്ഞ വര്‍ഷം ഇതേ വീട്ടില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നു വയസ്സുകാരി മകളും മരിച്ച സംഭവങ്ങള്‍ വ്യാജ അക്യൂപങ്ചര്‍ ചികിത്സയും ഗാര്‍ഹിക പീഡനവും മൂലമുള്ള കൊലപാതകങ്ങളാണെന്നും കേസ് ഒന്നായി പൊലീസ് അന്വേഷിക്കണമെന്നും ബന്ധുക്കളുടെ ആവശ്യം. കേവലം ചികിത്സാ പിഴവല്ല, കൊലപാതകം തന്നെയാണ് ഉണ്ടായിരിക്കുന്നതെന്നാണ് മുഹ്‌സിനയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്.
നവജാതശിശു മരിച്ച കേസില്‍ പ്രതികളായ മുഹ്‌സിനയുടെ ഭര്‍ത്താവ് ഇബ്രാഹിം, ഇയാളുടെ മാതാവ്, സഹോദരങ്ങള്‍, മൂന്നാം പ്രതിയും ഇബ്രാഹിമിന്റെ സഹായിയുമായ റുവൈദ ഫൈസല്‍, നാലാം പ്രതി ജുനൈദ് എന്നിവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍, മനുഷ്യാവകാശ കമീഷന്‍ എന്നിവര്‍ക്ക് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്ന് മുഹ്‌സിനയുടെ പിതാവ് ഉസ്മാന്‍ മുല്ലക്കര, ബന്ധു അനീസ് ആദം എന്നിവര്‍ പറഞ്ഞു.
പ്രസവം ആശുപത്രിയില്‍ നടത്താന്‍ ഇബ്രാഹിം വിസമ്മതിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് മുഹ്‌സിന പൂര്‍ണവളര്‍ച്ചയില്ലാതെ ഏഴാമത്തെ കുഞ്ഞിനെ വീട്ടില്‍ പ്രസവിച്ചത്. ഇബ്രാഹിമും വീട്ടുകാരും സഹായിയും ചേര്‍ന്ന് ചികിത്സ തുടങ്ങി ദിവസങ്ങള്‍ക്കകം കുഞ്ഞ് മരിച്ചു. പ്രസവത്തിന് ശേഷം പ്ലാസന്റ പൂര്‍ണമായി നീക്കാതെ ഉള്ളിലിരുന്ന് അണുബാധ ഉണ്ടാകുകയും മറ്റു അവയവങ്ങളെ ബാധിക്കുകയും ചെയ്തു. പ്രസവസമയത്തെ പിഴവുകളാണ് മുഹ്‌സിനയുടെ മരണകാരണമെന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പൊലീസിന് ആശുപത്രി ഫോറന്‍സിക് വിഭാഗം നിര്‍ദേശം നല്‍കിയിട്ടും ചാവക്കാട് പൊലീസ് നടപടിയെടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
താന്‍ നിര്‍ബന്ധം പിടിച്ചാണ് മകളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും യഥാസമയം ചികിത്സ ലഭിക്കാത്തതിനാല്‍ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നെന്നും മകളെ പല ആഭിചാര പ്രവൃത്തികള്‍ക്കും വിധേയയാക്കിയിരുന്നതിന്റെ പാടുകള്‍ ശരീരമാസകലം ഉണ്ടായിരുന്നെന്നും പിതാവ് ഉസ്മാന്‍ മുല്ലക്കര പറഞ്ഞു.
മുഹ്‌സിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ മൃതദേഹം മറവു ചെയ്യുന്നതു വരെയും ഇബ്രാഹിമും കുടുംബവും ഗുണ്ടകളും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കളായ പി.എച്ച്. റഫീഖ്, കെ.എസ്. ഉമൈറ, മനുഷ്യാവകാശ പ്രവര്‍ത്തക ഹൈറുന്നിസ ആരിഫ് എന്നിവര്‍ ആരോപിച്ചു.


