ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചതായി പോലീസ് അറിയിച്ചു. ഞായറാഴ്ച അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്. ബിഹാർ സ്വദേശിയായ നിതേഷ് കുമാർ (35) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. പ്രദേശത്ത് കടുത്ത പ്രതിഷേധം നടക്കുന്നതിനിടെയാണ് പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചത്.

പോലീസ് പിടിയിലായതിന് പിന്നാലെ ഇയാൾ പോലീസുകാരെ ആക്രമിക്കുകയായിരുന്നെന്നും ആക്രമണത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റതായും പോലീസ് വ്യക്തമാക്കി. മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് ഓടാൻ ശ്രമിക്കുന്നതിനിടെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.

ബിഹാറിലെ പട്നയിൽ നിന്നുള്ളയാളാണ് പ്രതി. പ്രതിയുടെ താമസസ്ഥലത്ത് തിരിച്ചറിലിനായി കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ പോലീസുകാരെ ആക്രമിച്ചതെന്ന് ഹുബ്ബള്ളി പോലീസ് മേധാവി ശശി കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.

കൊപ്പൽ ജില്ലയിൽനിന്നുള്ളവരാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം. കുട്ടിയുടെ അമ്മ വീട്ടു ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കു പോകുമ്പോൾ മകളേയും അമ്മ കൂടെക്കൊണ്ടുപോയിരുന്നു. ഞായറാഴ്ച ജോലിസ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാകുന്നത്. തുടർന്ന് കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തി. ഇതിനിടെയാണ് തൊട്ടടുത്തുള്ള കെട്ടിടത്തിലെ കുളിമുറിയുടെ ഷീറ്റിനിടയിലായി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

സംഭവത്തിന് പിന്നാലെ പ്രദേശത്തെ സിസിടിവികളക്കം പോലീസ് പരിശോധന നടത്തി. പിന്നാലെ പ്രതി പിടിയിലാകുകയായിരുന്നു. കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. വൈദ്യപരിശോധനയും മറ്റും നടന്നുവരുന്നതിനിടെയാണ് പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചതായി പോലീസ് പറഞ്ഞു.

കർണാടകയിലെ അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത് ഷീറ്റ് മേഞ്ഞ ഒരു കെട്ടിടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ലൈംഗികാതിക്രമം നടന്നതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും പോലീസ് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. വൈദ്യപരിശോധനയും തുടർന്നുള്ള അന്വേഷണവും നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

ഇതിനിടെ, സംഭവത്തിൽ രോഷാകുലരായ പ്രദേശവാസികളിൽ വലിയൊരു വിഭാഗം അശോക് നഗർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനവും നടത്തി. പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് ലഭിച്ച പരാതിയിന്മേൽ അന്വേഷണം നടക്കുകയായണെന്നും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഹുബ്ബള്ളി-ധാർവാഡ് പോലീസ് കമ്മീഷണർ എൻ. ശശി കുമാർ വ്യക്തമാക്കിയിരുന്നു.