- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പി പി ദിവ്യയുടെ ഫോണ്‍ വിവരങ്ങള്‍ മുഴുവന്‍ ശേഖരിക്കണം; നവീന്‍ ബാബുവിന് പണം നല്‍കാന്‍ പ്രശാന്തന്‍ ആഭരണം പണയം വെച്ചോ എന്നത് പരിശോധിക്കണം; ഇരുവരും കൂടിക്കാഴ്ച്ച നടത്തിയെങ്കില്‍ അതിന്റെ വിവരങ്ങള്‍ ശേഖരിക്കണം; വിജിലന്‍സ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തണം; നവീന്‍ ബാബുവിന്റെ മരണത്തില്‍ നാല് കാര്യങ്ങളില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്
പി പി ദിവ്യയുടെ ഫോണ്‍ വിവരങ്ങള്‍ മുഴുവന്‍ ശേഖരിക്കണം

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ അഡിഷണല്‍ ജില്ല സെഷന്‍സ് കോടതിയുടെ നിര്‍ണായക ഉത്തരവ്. കേസില്‍ പുനരന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രധാനമായും നാല് കാര്യങ്ങള്‍ പരിശോധിക്കണം എന്നാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയുടെ ഫോണ്‍ വിവരങ്ങള്‍ മുഴുവന്‍ ശേഖരിക്കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നത്. ദിവ്യയുടെ ഔദ്യോഗിക ഫോണിന്റെ വിവരങ്ങള്‍ ശേഖരിക്കണം എന്നതാണ് പ്രധാന നിര്‍ദേശം. ദിവ്യക്ക് നാല് ഫോണുകള്‍ ഉണ്ടായിരുന്നു. ഇതില്‍ സ്വകാര്യ ഫോണിന്റെ വിവരങ്ങളാണ് പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചത്. ഇതില്‍ കുടുംബം പരാതി ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതി വിശദമായ പരിശോധനക്ക് ഉത്തരവിട്ടിരിക്കുന്നത്.
ഇത് കൂടാതെ നവീന്‍ ബാബുവിന് പണം നല്‍കാന്‍ പ്രശാന്തന്‍ ആഭരണം പണയം വെച്ചോ എന്നത് പരിശോധിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. പ്രശാന്തന്‍ കൈക്കൂലി നല്‍കിയെന്നാണ് നേരത്തെ ആരോപിച്ചിരുന്നത്. ഇത് പരിശോധിക്കാനാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇരുവരും കൂടിക്കാഴ്ച്ച നടത്തിയെങ്കില്‍ സിസി ടിവി ദൃശ്യങ്ങളുടെ വിവരങ്ങള്‍ അടക്കം ശേഖരിക്കണം. കൂടാതെ കേസ് അന്വേഷിച്ച വിജിലന്‍സ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു. മെയ് മാസത്തിനകം അന്വേഷണം പൂര്‍ത്തീകരിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
കേസില്‍ നീതി ലഭിക്കാന്‍ ഒരു വര്‍ഷത്തിലധികമായി നിയമപോരാട്ടം തുടരുന്ന കുടുംബം, അന്വേഷണ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ചായ്വ് ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങള്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ വാദിച്ചു. എന്നാല്‍ അന്വേഷണത്തിലെ 13 വീഴ്ച്ചകള്‍ കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന ഘട്ടത്തില്‍ ഹൈക്കോടതിയും സുപ്രീംകോടതിയും ഒരു ഘട്ടത്തില്‍ ഈ അന്വേഷണ നടപടികള്‍ ശരിവച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുണ്ടെന്നും അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും പ്രതിഭാഗം വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ.സി.പി രത്‌നകുമാറിന് ഭരണകക്ഷിയുമായി രാഷ്ട്രീയ അടുപ്പമുണ്ടെന്ന ഗുരുതര ആരോപണമാണ് കുടുംബത്തിന്റെ ഹര്‍ജിയുടെ കാതല്‍. രത്‌നകുമാര്‍ നിലവില്‍ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയില്‍ സി.പി.എം കൗണ്‍സിലറാണ്. ഈ ബന്ധം അന്വേഷണത്തെ സ്വാധീനിച്ചേക്കുമെന്നും കേസില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നുവെന്നും കുടുംബം ആരോപിച്ചു.
അതേസമയം തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ പോലീസ് എതര്‍ത്തിരുന്നു. ഉത്തരമേഖലാ ഐജിയുടെ ഉത്തരവനുസരിച്ചു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു ഹൈക്കോടതിയുടെ നിര്‍ദേശം പാലിച്ചാണ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്നും കുറ്റപത്രത്തിന്റെ കരട് തയാറാക്കി പരാതിക്കാരിയെ ബോധ്യപ്പെടുത്തിയ ശേഷമാണു കുറ്റപത്രം സമര്‍പ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് നവീന്‍ ബാബുവിന്റെ കുടുംബം തുടരന്വേഷണം ആവശ്യപ്പെട്ട് സെഷന്‍സ് കോടതിയെ സമീപിച്ചത്. കേസില്‍ സിസിടിവി ദൃശ്യങ്ങളും തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എഡിഎമ്മിന്റെ ഭാര്യ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും കണ്ണൂര്‍ ടൗണ്‍ സി ഐ തലശേരി അഡീ. സെഷന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വാദിച്ചിരുന്നു.
പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനായിരുന്ന രത്‌നകുമാറിന്റെ രാഷ്ട്രീയബന്ധം സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യക്കെതിരെയുള്ള കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പ്രധാനമായും ഹര്‍ജിയിലുണ്ടായിരുന്നത്. നേരത്തെ, സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രിംകോടതി തള്ളിയിരുന്നു.
2024 ഒക്ടോബര്‍ 15നാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ഔദ്യോഗിക വസതിയില്‍ നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീന്‍ ബാബുവിന് 2024 ഒക്ടോബര്‍ 14-ന് കളക്ടറേറ്റില്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ ക്ഷണിക്കാതെയെത്തി അധിക്ഷേപകരമായ രീതിയില്‍ പ്രസംഗിച്ചിരുന്നു. പിറ്റേന്ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്ന് രാത്രി മലബാര്‍ എക്‌സ്പ്രസിന് ചെങ്ങന്നൂരിലേക്ക് പോകേണ്ടിയിരുന്ന അദ്ദേഹത്തെ കുടുംബം കാത്തുനിന്നെങ്കിലും എത്തിയത് ദുരന്തവാര്‍ത്തയായിരുന്നു.
എഡിഎമ്മിന്റെ ആത്മഹത്യ സംസ്ഥാന സര്‍ക്കാരിനെയും സിപിഎമ്മിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയതോടെ പി.പി.ദിവ്യ ആത്മഹത്യാപ്രേരണക്കേസില്‍ ഏക പ്രതിയായി. മുന്‍കൂര്‍ജാമ്യം കിട്ടാതിരുന്നതോടെ 10 ദിവസം ജയിലില്‍ കഴിഞ്ഞു. ദിവ്യയെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്നെല്ലാം സിപിഎം നീക്കുകയുംചെയ്തു. നവീന്‍ ബാബുവിന്റെ ആത്മഹത്യക്കിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചും പെട്രോള്‍ പമ്പിനുള്ള എതിര്‍പ്പില്ലാരേഖയ്ക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചും റവന്യു വകുപ്പും പോലീസും അന്വേഷണം നടത്തിയിരുന്നു. കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ല.
യാത്രയയപ്പ് യോഗത്തില്‍ പി.പി.ദിവ്യ നടത്തിയ പ്രസംഗമാണ് എഡിഎമ്മിന്റെ ആത്മഹത്യക്കിടയാക്കിയതെന്നാണ് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ നല്‍കിയ ഹര്‍ജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കാണിച്ചാണ് നവീന്‍ ബാബുവിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.


