തൃക്കരിപ്പൂർ: തൃക്കരിപ്പൂരിലെ യുവാവിന്റെ മരണം കൊലപാതകം. സൗത്ത് തൃക്കരിപ്പൂർ വില്ലേജിലെ വയലോടി പട്ടികജാതി കോളനിയിലെ മർണാടിയൻ പ്രിജേഷി(കുട്ടൻ34) നെയാണ് വീട്ടിനടുത്ത പറമ്പിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്. ചെളിയിൽ പുരണ്ട നിലയിൽ വീടിനടുത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ജനനേന്ദ്രിയത്തിലും ദേഹത്തിൽ പലയിടങ്ങളിലും അടിയേറ്റ പാടും മുറിവും ഉണ്ടായിരുന്നു. സംഭവത്തിൽ മുഖ്യ തെളിവിനുതകുന്ന പ്രിജേഷിന്റെ ഫോൺ കാണാനില്ല. അതേസമയം പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും റിപ്പോർട്ട് ഉണ്ട്യ

കഴിഞ്ഞദിവസം രാത്രി മീൻ വാങ്ങി വന്നു അമ്മയെ ഏൽപ്പിച്ച ശേഷം ചോറ് തയാറാക്കാൻ പറഞ്ഞ് ബൈക്കുമായി പുറത്തേക്കു പോയതാണ്. പിന്നീട് വീട്ടുമുറ്റത്തേക്ക് എത്തുന്നത് പ്രിജേഷിന്റെ ചേതനയറ്റ ശരീരമായിരുന്നു. പയ്യന്നൂരിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രിജേഷ്. ഇന്നലെ പുലർച്ചെ പ്രിജേഷിന്റെ ബൈക്ക്, പറമ്പിൽ നിർത്തിയിട്ട നിലയിൽ കണ്ടതിനെ തുടർന്നു പരിശോധിച്ചപ്പോഴാണ് ചെളിയിൽ പുരണ്ട നിലയിൽ സമീപം മൃതദേഹം കണ്ടത്. ശരീരത്തിൽ പാന്റ് മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിൽ നിന്നു 30 മീറ്റർ അകലത്താണ് മൃതദേഹം കിടന്നത്. ജനനേന്ദ്രിയത്തിലും ദേഹത്തിൽ പലയിടങ്ങളിലും അടിയേറ്റ പാടും മുറിവുമുണ്ട്.

എന്നാൽ എന്താണ് സംഭവിച്ചതെന്ന് ഇനിയും അറിവില്ല. രാത്രി പ്രദേശത്ത് നിന്നും ഒച്ചയും ബഹളവും കേട്ടതായും നാട്ടുകാർക്ക് അറിവില്ല. പരിസരവാസികൾ പൊലീസിൽ വിവരം നൽകിയതിനെ തുടർന്ന് ചന്തേര സിഐ പി.നാരായണൻ, എസ്‌ഐ എം വിശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന, കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി.ബാലകൃഷ്ണൻ നായർ എന്നിവർ സ്ഥലത്തെത്തി. പൊലീസ് നായയും വിരലടയാള വിദഗ്ധരും പരിശോധനയും നിരീക്ഷണവും നടത്തി. പൊലീസ് നായ മൃതദേഹം കിടന്ന സ്ഥലത്തു നിന്നു വയലോടി പാലം കടന്ന് തോടിന്റെ കരയിലെത്തി തിരിച്ചുവന്നു.

കൊടക്കൽ കൃഷ്ണന്മർണാടിയൻ അമ്മിണി ദമ്പതികളുടെ ഇളയ മകനാണ് അവിവാഹിതനായ പ്രിജേഷ്. കഴിഞ്ഞദിവസം രാത്രി മത്സ്യം വാങ്ങി വന്നു അമ്മയെ ഏൽപ്പിച്ചു. രാത്രി ഒൻപതോടെ ഒരു ഫോൺ വന്നതിനെ തുടർന്ന് ചോറ് തയാറാക്കാൻ പറഞ്ഞ് ബൈക്കുമായി പുറത്തേക്കു പോയതാണ്. നേരം വൈകിയിട്ടും മകനെ കാണാത്തതിനെ തുടർന്നു മാതാവ് ഫോണിൽ വിളിച്ചു കൊണ്ടിരുന്നെങ്കിലും ഈ നേരമത്രയും ഫോൺ തിരക്കിലായിരുന്നു.

പുലർച്ചെ ഒന്നോടെ ഫോൺ സ്വിച്ച് ഓഫ് ആയി. അതേസമയം ഈ ഫോൺ പ്രിജേഷിൽ നിന്നു കണ്ടെത്താനായില്ല. ഇതിനായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. കൃത്യം സംബന്ധിച്ച് പൊലീസിനു വ്യക്തമായ സൂചനകൾ ലഭ്യമായതായി വിവരമുണ്ട്. സഹോദരങ്ങൾ: പ്രീത, പ്രസീന (ബാങ്ക് ജീവനക്കാരി), പ്രിയേഷ്.

പൊരിച്ച മീനുമായി കാത്തിരുന്ന് അമ്മ
മീൻ വാങ്ങി അമ്മയുെ കയ്യിൽ നൽകിയ പ്രിജേഷ് പൊരിക്കണമെന്ന് പ്രത്യേകം പറഞ്ഞു. അതുകൊണ്ട് തന്നെ ആ അമ്മ മീൻ പൊരിച്ചു കാത്തിരുന്നു. പക്ഷേ, എത്തിയത് മകന്റെ ചേതനയറ്റ ശരീരം. പ്രിജേഷിന്റെ ഒടുവിലത്തെ വാക്കുകളോർത്ത് നിലവിളിക്കുകയാണ് മാതാപിതാക്കളും കുടുംബാംഗങ്ങളും. മീൻവാങ്ങി വീട്ടിലെത്തിച്ച ശേഷം മാതാവ് അമ്മിണിയോടു പൊരിക്കണമെന്നു പറഞ്ഞു. അതിനിടയിലാണ് ഒരു ഫോൺ വന്നത്. അത്യാവശ്യ കാര്യമുണ്ടെന്നും ഉടനെ വരാമെന്നും പറഞ്ഞു ബൈക്കുമായി പുറത്തേക്ക് പോവുകയായിരുന്നു.

വീടിനോടു ചേർന്നുള്ള പറമ്പിൽ മൃതദേഹം കിടന്നിട്ടും ഒരു കൊലപാതകം നടന്നിട്ടും പരിസരവാസികൾ ഒന്നും അറിഞ്ഞില്ല. ഇനിയും വയലോടിയിലെ നാട്ടുകാരുടെ നടുക്കം മാറിയിട്ടില്ല. നാട്ടുകാർക്ക് 'കറുത്തൂട്ട'നായിരുന്നു പ്രിജേഷ്. വിവിധ തൊഴിലുകൾ ചെയ്തു വന്നു. ഒടുവിൽ പയ്യന്നൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായി. മരണം കൊലപാതകമാണെന്നു പ്രാഥമിക നിഗമനത്തിൽ എത്തിയതോടെ രാത്രി വന്ന ഫോൺകോളിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ബന്ധപ്പെട്ടവർ. മുഖ്യ തെളിവായ ഫോൺ കാണാതെ പോയത് ദുരൂഹതയേറ്റിയിട്ടുണ്ട്. മൃതദേഹത്തിനു സമീപത്തെ പ്രിജേഷിന്റെ ബൈക്കിലും മരണവുമായി ബന്ധപ്പെട്ട് ചില സൂചനകൾ ലഭ്യമായിട്ടുണ്ട്.

പൊലീസിനു ലഭ്യമായ സൂചനകൾ അനുസരിച്ച് സംഭവത്തിലെ വിശദാംശങ്ങളും പിന്നിൽ പ്രവർത്തിച്ചവരുണ്ടെങ്കിൽ അതും ഇന്നു തന്നെ പുറത്തു വരുമെന്നാണ് അറിയുന്നത്. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തി ഇന്നലെ വൈകിട്ട് വയലോടിയിൽ കൊണ്ടുവന്ന മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു.