കൊല്ലം: കൊല്ലം അഴിക്കല്ലില്‍ യുവതിയെ തീകൊളുത്തി യുവാവ് ജീവനൊടുക്കിയത് വാക്കു തര്‍ക്കത്തെ തുടര്‍ന്ന്. യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവാവ് സ്വയം തീകൊളുത്തുകയായിരുന്നു. അഴീക്കല്‍ പുതുവല്‍ സ്വദേശിനി ഷൈജമോള്‍ക്കാണ് (41) പൊള്ളലേറ്റത്. പൊള്ളലേറ്റ പാലാ സ്വദേശി ഷിബു ചാക്കോ(47) യാണ് മരിച്ചത്.

നാലുവര്‍ഷമായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരിച്ച ഷിബു നിരവധി കേസുകളില്‍ പ്രതിയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.പൊള്ളലേറ്റ ഷൈജാമോളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.

ഷിബു പെട്രോളുമായെത്തിയ ശേഷം ഷൈജയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും വാഗ്വാദം മൂര്‍ച്ഛിച്ചതോടെ ഷൈജയുടെ തലയിലൂടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. തുടര്‍ന്ന് സ്വയം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി.

ആദ്യ ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച ഷൈജയും ഷിബു ചാക്കോയും ഏതാനും വര്‍ഷങ്ങളായി ഒന്നിച്ചു താമസിക്കുകയായിരുന്നു. ഷിബുവിന്റെ പേരില്‍ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. ഈ കേസില്‍ ഷൈജയും ഷിബുവും ജയിലില്‍ ആയിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ഷിബു മറ്റൊരിടത്ത് താമസിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ഏഴരയോടയാണ് ഇയാള്‍ വീട്ടില്‍ തിരിച്ചെത്തുകയും ഷൈജയുമായി തര്‍ക്കമുണ്ടാകുകയും ചെയ്തത്. ഷൈജയ്ക്ക് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.