ബെംഗളൂരു: ബെംഗളൂരുവില്‍ 28 കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. യുവതിയുടെ മൃതദേഹം കല്‍ക്കര തടാകത്തിന് സമീപം ഉപേക്ഷിച്ചു. ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നതായി രാമമൂര്‍ത്തി നഗര്‍ പൊലീസ് പറഞ്ഞു.

വള്ളിയാഴ്ച രാവിലെ പത്തോടെയാണ് 28-കാരിയായ യുവതിയുടെ മൃതദേഹം കല്‍കെരെ തടാകത്തിന് സമീപത്ത് നിന്ന് ലഭിക്കുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു.

ആറ് വര്‍ഷമായി ഭര്‍ത്താവിനും മൂന്ന് കുട്ടികള്‍ക്കുമൊപ്പം ബെംഗളൂരുവില്‍ താമസിക്കുകയായിരുന്നു യുവതി. നഗരത്തിലെ സ്വകാര്യ അപാര്‍ട്‌മെന്റുകളില്‍ വീട്ടുജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച ജോലി കഴിഞ്ഞ ഇറങ്ങിയ യുവതി വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്ന്, നടത്തിയ തിരച്ചിലിലാണ് തടാകത്തിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ് നിയമപരമായാണ് ഇന്ത്യയിലെത്തിയത്. എന്നാല്‍, കൊല്ലപ്പെട്ട യുവതിക്ക് പാസ്‌പോര്‍ട്ട് ഇല്ലായിരുന്നുവെന്ന് ബെംഗളൂരു ഈസ്റ്റ് ഡിവിഷന്‍ ജോയിന്റ് കമ്മിഷണര്‍ രമേഷ് പറഞ്ഞു. ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമത്തിനും കൊലപാതകത്തിനും കേസെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് യുവതി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വെള്ളിയാഴ്ച രാവിലെ കല്‍ക്കര തടാകത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.