കോഴിക്കോട്: ഷാനിദിന്റെ മരണം അമിത അളവില്‍ ലഹരി അകത്തുചെന്നതിനെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് പോലിസ് പിടികൂടാനെത്തിയപ്പോള്‍ ഷാനിദ് ലഹരിപാക്കറ്റുകള്‍ വിഴുങ്ങിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ഷാനിദിന്റെ ശരീരത്തില്‍നിന്ന് രണ്ടുപാക്കറ്റുകള്‍ കണ്ടെത്തി. ഒരു പാക്കറ്റിലുള്ള ഒന്‍പതുഗ്രാം കഞ്ചാവ് വയറിനുള്ളില്‍നിന്ന് കിട്ടി. മറ്റൊരു പാക്കറ്റിലെ ലഹരി പൂര്‍ണമായി രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു.

കഴിഞ്ഞദിവസമാണ് കോടഞ്ചേരി മൈക്കാവ് കരിമ്പാലക്കുന്ന് അമ്പായത്തോട് ഇയ്യാടന്‍ ഹൗസില്‍ എ.എസ്. ഷാനിദ് (28) പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. അതേസമയം ഫൊറന്‍സിക് പരിശോധനയ്ക്കുശേഷമേ ഷാനിദിന്റെ ശരീരത്തില്‍ കലര്‍ന്നത് എം.ഡി.എം.എ. ആണോയെന്ന് ഉറപ്പിക്കാന്‍ സാധിക്കൂ. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഞായറാഴ്ച മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി.

രാവിലെ പത്തോടെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങിയത്. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചതിനാല്‍ കുന്ദമംഗലം മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. ഉച്ചയ്ക്ക് 1.30-ഓടെയാണ് മൃതദേഹം ബന്ധുകള്‍ ഏറ്റുവാങ്ങിയത്.

അതേസമയം ഷാനിദ് മരിക്കാനിടയായത് സംബന്ധിച്ച് പേരാമ്പ്ര ഡിവൈ.എസ്.പി. വി.വി. ലതീഷ് അന്വേഷിക്കും. ഗള്‍ഫിലായിരുന്ന ഷാനിദ് നാലുവര്‍ഷമായി നാട്ടിലെത്തിയിട്ട്. ഷാനിദ് ലഹരിക്കടിമയും മയക്കുമരുന്ന് കച്ചവട റാക്കറ്റിലെ കണ്ണിയുമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. നേരത്തേ കഞ്ചാവ് ഉപയോഗിച്ചതിനും കേസുകളുണ്ട്.

മയക്കുമരുന്ന് പ്ലാസ്റ്റിക് കവര്‍ സഹിതം വിഴുങ്ങി അവശനിലയില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച പകല്‍ 11.20-ഓടെയാണ് ഷാനിദിന്റെ മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം മൈക്കാവ് കരിമ്പാലക്കുന്ന് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. കുന്ദമംഗലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം. ആതിര, താമരശ്ശേരി തഹസില്‍ദാര്‍ കെ. ഹരീഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇന്‍ക്വസ്റ്റ് നടപടികള്‍.NEWS