ആംസ്റ്റര്‍ഡാം: ആംസ്റ്റര്‍ഡാമിലെ പ്രസിദ്ധമായ ഡാം ചത്വരത്തിന് അടുത്ത് ആളുകള്‍ക്ക് നേരേ ആക്രമണം. അക്രമിയുടെ കത്തിക്കുത്തേറ്റ് അഞ്ചുപേര്‍ക്ക് പരുക്കേറ്റു. സിന്റ് നിക്കോളാസ് സ്ട്രാറ്റിലാണ് പ്രാദേശിക സമയം 3.30 ഓടെ ആക്രമണം ഉണ്ടായത്. തെരുവില്‍ നിന്ന് പൊടുന്നനെ നിലവിളികള്‍ ഉയര്‍ന്നതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടി മാറി.

ഒരു പെണ്‍കുട്ടിക്കും മുതിര്‍ന്ന സ്ത്രീക്കും കുത്തേറ്റതായി സമീപത്തെ ഷോപ്പിലെ ജീവനക്കാരന്‍ പറഞ്ഞു. വളരെ ഭയപ്പാടുണ്ടാക്കുന്ന സംഭവമായിരുന്നു അതെന്ന് അയാള്‍ പറഞ്ഞു. മുതിര്‍ന്ന സ്ത്രീയുടെ പിന്നില്‍ കുത്തുന്നത് കടയില്‍ എത്തിയവര്‍ കണ്ടു. അവര്‍ക്കൊപ്പം ഭര്‍ത്താവും ഉണ്ടായിരുന്നു. കുത്തേറ്റ് സ്ത്രീ നിലത്തുവീണു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.




ആക്രമിയെന്ന് കരുതുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തല മറച്ച് വസ്ത്രം ധരിച്ച ആളാണ് ആക്രമണം നടത്തിയത്. എന്താണ് പ്രകോപനമെന്ന് വ്യക്തമായിട്ടില്ല. അതേസമയം, തങ്ങള്‍ക്ക് മോഷണത്തെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കിട്ടിയതായി പൊലീസ് വക്താവ് അറിയിച്ചു.

സംഭവത്തിന്റെ ക്യാമറ ദൃശ്യങ്ങള്‍ ഉള്ളവര്‍ അന്വേഷണത്തില്‍ സഹായിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.

ആക്രമണത്തെ തുടര്‍ന്ന് ആംസ്റ്റര്‍ഡാം സെന്‍ട്രലിനും ഡാം സ്‌ക്വയറിനും മധ്യേയുള്ള ട്രാമുകള്‍ നിര്‍ത്തി വച്ചു. സ്ഥലത്തെ കടകളും അടച്ചു.