അടിമാലി: സ്വര്‍ണവ്യാപാരത്തിന്റെ പേരില്‍ നിരവധി പേരെ കബളിപ്പിച്ച് യുവതി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി സൂചന. സ്വര്‍ണവ്യാപാരത്തില്‍ വന്‍തുക ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് നിരവധിപേരെയാണ് ശല്യംപാറ സ്വദേശിയായ യുവതി തട്ടിപ്പിന് ഇരയാക്കിയത്. ശല്യംപാറ സ്വദേശി സിയാമോനാണ് യുവതിക്കെതിരെ പരാതി നല്‍കിയത്. 64 ലക്ഷം രൂപ യുവതി തട്ടിയെടുത്തെന്നാണ് സിയാമോന്റെ പരാതിയില്‍ പറയുന്നത്.

തനിക്ക് സ്വര്‍ണനാണയക്കച്ചവടം ഉണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്. പണം നിക്ഷേപിച്ചാല്‍ വില കൂടിവരുന്ന സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങിവില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തതെന്ന് പരാതിക്കാരന്‍ പറഞ്ഞു. ഇഥ്തരത്തില്‍ യുവതി നിരവധി പേരെ പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയതായി പോലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. അടിമാലി മേഖലയില്‍ വ്യാപകമായി തട്ടിപ്പ് നടത്തിയതായാണ് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. ഒരാഴ്ച മുന്‍പാണ് സംഭവം പുറത്താകുന്നത്.

അടിമാലിയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന യുവതി രണ്ടുവര്‍ഷത്തിനിടെ ആറുകോടിയോളം രൂപ ഇത്തരത്തില്‍ നിരവധിപേരില്‍നിന്ന് തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. മൂന്നുവര്‍ഷം മുന്‍പ് യുവതി അഞ്ചുലക്ഷം രൂപയുടെ ചിട്ടി തുടങ്ങി. ചിട്ടി വട്ടമെത്തുമ്പോള്‍ പണം വാങ്ങാതിരുന്നാല്‍ ഈ പണം സ്വര്‍ണവ്യാപാരത്തില്‍ നിക്ഷേപിച്ച് ഇതിന്റെ ലാഭവിഹിതമായി 30 മുതല്‍ 40 ശതമാനംവരെ അധികം പണം നല്‍കാമെന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചു. പണം നല്‍കിയവര്‍ക്ക് സമ്മാനമായി ഒരു സ്വര്‍ണനാണയവും നല്‍കി. ഇതോടെ യുവതി വിശ്വാസ്യത പിടിച്ചുപറ്റുക ആയിരുന്നു. ഇതോടെ കൂടുതല്‍ പേര്‍ പണം നിക്ഷേപിക്കാന്‍ തയ്യാറായി.

ആദ്യഘട്ടത്തില്‍ യുവതി ചിലര്‍ക്ക് കുറച്ചുതുക ലാഭവിഹിതമായി നല്‍കി. ഇതോടെ കൂടുതല്‍ ആളുകള്‍ യുവതിയുടെ പക്കല്‍ പണം നിക്ഷേപിച്ചു. ഇതോടെ ലാഭവിഹിതം നല്‍കല്‍ നിലച്ചു. മാസങ്ങളായി കൊടുത്ത പണമോ ലാഭവിഹിതമോ ലഭിക്കാതെവന്നതോടെയാണ് യുവതി പണം തട്ടിയെന്ന് സംശയം നിക്ഷേപകര്‍ക്ക് ഉണ്ടായത്. ഇതോടെ പലരും പണം തിരികെച്ചോദിച്ചു. യുവതി നിരവധി അവധി പറഞ്ഞെങ്കിലും പണം തിരികെ കിട്ടിയില്ല. ഇതോടെയാണ് പരാതി ഉയര്‍ന്നത്. അടിമാലി സ്റ്റേഷനില്‍ പരാതി നല്‍കിയ സിയാമോന്‍ 75 ലക്ഷം രൂപയാണ് യുവതിക്ക് നല്‍കിയത്. 11 ലക്ഷം രൂപ തിരികെ നല്‍കി. ബാക്കി 64 ലക്ഷം രൂപ ലഭിച്ചിട്ടില്ല.