- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രണ്ട് സ്ത്രീകളെ കാണാതായ കേസില്‍ നിര്‍ണായക വഴിത്തിരിവ്; ക്രൈം ബ്രാഞ്ച് അന്വേഷണത്തിനിടെ പ്രതിയുടെ വീട്ടുവളപ്പില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി; കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് ഒരു വര്‍ഷത്തോളം പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങള്‍
രണ്ട് സ്ത്രീകളെ കാണാതായ കേസില്‍ നിര്‍ണായക വഴിത്തിരിവ്
ആലപ്പുഴ: സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടം കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി. ആലപ്പുഴ ചേര്‍ത്തല കടക്കരപ്പള്ളിയിലാണ് സംഭവം. ബിന്ദു പത്മനാഭന്‍ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നാണ് ശരീരാവശിഷ്ടം കണ്ടെത്തിയത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി ജയമ്മയുടെ തിരോധാന കേസിലെ അന്വേഷണത്തിലായിരുന്നു ക്രൈംബ്രാഞ്ച്. അന്വേഷണത്തിനിടയിലാണ് ഒരു വര്‍ഷത്തോളം പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. 2024 ലാണ് ജയമ്മയെ കാണാതായത്. കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് കേസ് റീ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുനരാരംഭിക്കുകയായിരുന്നു.
ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കലില്‍നിന്നു കാണാതായ ബിന്ദു പത്മനാഭന്റെ തിരോധാനത്തില്‍ പ്രധാനപ്രതി സെബാസ്റ്റ്യനു നുണപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവ്. ബിന്ദു പത്മനാഭന് പുറമെ കോട്ടയം ഏറ്റുമാനൂരില്‍നിന്നും കാണാതായ ജയമ്മ എന്നീ കേസുകളില്‍ ആരോപണ വിധേയനായ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തിരോധാനക്കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്.
ചേര്‍ത്തല കടക്കരപ്പള്ളി പത്മാനിവാസില്‍ പത്മനാഭപിള്ളയുടെ മകള്‍ ബിന്ദു പത്മനാഭനെ(52) കാണാനില്ലെന്ന് കാട്ടി സഹോദരന്‍ പ്രവീണ്‍കുമാര്‍ 2017 സെപ്തംബറില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. ആദ്യം പട്ടണക്കാട് പോലീസും കുത്തിയതോട് സിഐയും തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എ. നസീമും അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ പള്ളിപ്പുറം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ ചെങ്ങുംതറ വീട്ടില്‍ സെബാസ്റ്റ്യനെ ഒന്നാംപ്രതിയാക്കിയായിരുന്നു കേസുകള്‍.
പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ സെബാസ്റ്റ്യനുമായി കാണാതായ ബിന്ദു 2003 മുതല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും പലതവണ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ വന്നിട്ടുള്ളതായും മൊഴിലഭിച്ചിരുന്നു. ഇതിനൊപ്പം ബിന്ദുവിന്റെ പേരില്‍ ഇടപ്പള്ളിയിലെ ഭൂമി വ്യാജപ്രമാണമുണ്ടാക്കി കൈമാറ്റം നടത്തിയ കേസിലും സെബാസ്റ്റ്യന്‍ പ്രതിയായിരുന്നു. ബിന്ദുവിന്റെ മാതാപിതാക്കളുടെ മരണശേഷം ഏറ്റവും കൂടുതല്‍ ഇടപഴകിയിട്ടുള്ളത് സെബാസ്റ്റ്യന്‍ മാത്രമായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
സെബാസ്റ്റ്യന്റെ ജീവിതപശ്ചാത്തലം ദുരൂഹമാണെന്നും ബിന്ദുവുമായി പരിചയപ്പെടുന്നതിന് മുന്‍പ് സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന സെബാസ്റ്റ്യന്‍ തിരോധാനത്തിനുശേഷം സാമ്പത്തികനില മെച്ചപ്പെട്ട നിലയിലെത്തിയതായും സാക്ഷിമൊഴികളുള്ളതായി ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, വിവിധ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെല്ലാം ഇയാള്‍ നല്‍കിയത് വിരുദ്ധമായ മൊഴികളാണ്. ഇതില്‍ വ്യക്തതവരുത്താന്‍ നുണപരിശോധന നടത്തണമെന്നായിരുന്നു ആവശ്യം.