- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഗോപന്‍ സ്വാമിയെ സമാധി ഇരുത്തിയത് മരണ ശേഷമോ അതോ ജീവനോടെയോ? പോലീസ് അന്വേഷണം ദുരൂഹത നീക്കാന്‍; സ്വാമി മരിച്ച ദിവസം രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നെന്ന മക്കളുടെ മൊഴിയില്‍ അന്വേഷണം; കല്ലറ പൊളിക്കുന്ന തീയ്യതി ഇന്ന് നിശ്ചയിക്കും; ദുരൂഹത നീങ്ങാതെ സമാധി
ഗോപന്‍ സ്വാമിയെ സമാധി ഇരുത്തിയത് മരണ ശേഷമോ അതോ ജീവനോടെയോ?
തിരുവനന്തപുരം: വഴിമുക്കില്‍ ഗോപന്‍ സ്വാമി എന്നയാളുടെ മരണത്തില്‍ അടിമുടി ദുരൂഹതയെന്ന് ആക്ഷേപം ശക്തമാകവേ കൂടുതല്‍ അന്വേഷണങ്ങളിലേക്ക് പോലീസ്. ഗോപന്‍ സ്വാമി മരിച്ച ദിവസം രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നുവെന്ന മക്കളുടെ മൊഴി കണക്കിലെടുത്ത് പൊലീസ് ആ വഴിക്കും അന്വേഷണം നടത്തും.
വീട്ടിലേക്ക് വന്നുവെന്ന് മക്കള്‍ പറഞ്ഞ രണ്ടുപേരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നെയ്യാറ്റിന്‍കര പ്ലാവില സ്വദേശികളാണ് വീട്ടിലെത്തിയതെന്നായിരുന്നു മൊഴി. കുടുംബാംഗങ്ങള്‍ അല്ലാതെ മറ്റാരും വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് ഇതുവരെ മക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടുപേര്‍ രാവിലെ വന്ന് ഗോപന്‍ മരിക്കുന്നതിന് മുമ്പ് തിരിച്ചുപോയി എന്നാണ് ഒരു മകന്‍ മൊഴി നല്‍കിയിരിക്കുന്നത്. മക്കളുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട് എന്നാണ് പൊലീസ് നിഗമനം. വീട്ടില്‍വന്നു പോയവര്‍ ആരെന്ന വിധത്തിലാകും അന്വേഷണം.
കഴിഞ്ഞ ദിവസം ഗോപന്‍ സ്വാമിയെ അടക്കിയ കല്ലറ പൊളിക്കാനുള്ള തീരുമാനം കനത്ത പ്രതിഷേധം മൂലം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. ഇന്ന് പുതിയ തിയതി തീരുമാനിക്കും. സ്ഥലത്തെ ക്രമ സമാധാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പൊലീസിനോടും ക്രൈബ്രാഞ്ചിനോടും കൂടി സംസാരിച്ച ശേഷമാവും ഇനി തിയതി നിശ്ചയിക്കുക. ഗോപന്‍ സ്വാമിയെ സമാധി ഇരുത്തിയത് മരണ ശേഷമോ അതോ ജീവനോടെ ആണോ എന്നത് അടക്കമുള്ള വിഷയങ്ങളാണ് അറിയേണ്ടത്.
പലരും വിഷയം മതപരമായ രീതിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ നിയമ വശങ്ങള്‍ കുടുംബത്തോട് പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പൊലീസ് റിപ്പോര്‍ട്ട് കൂടി വന്നതിന് ശേഷമാവും തീരുമാനം എടുക്കുക. ഏതൊരു സ്ഥലത്തും അസ്വാഭിക മരണം റിപ്പോര്‍ട്ട് ചെയ്താല്‍ എടുക്കുന്ന തീരുമാനങ്ങള്‍ തന്നെയാണ് ഇവിടെയും എടുത്തിട്ടുള്ളതെന്നും സബ് കളക്ടര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കല്ലറ പൊളിക്കാന്‍ തീരുമാനമായതോടെ തിങ്കളാഴ്ച നാട്ടുകാരും ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഇരു വിഭാഗത്തെയും പൊലീസ് സ്ഥലത്ത് നിന്ന് മാറ്റാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകുകയായിരുന്നു. കല്ലറ പൊളിക്കാനായി നോട്ടീസ് നല്‍കിയിട്ടില്ലെന്നും, കുടുംബത്തിന്റെ കൈവശമുള്ള, പൂജകള്‍ ചെയ്യുന്ന സ്ഥലമായതിനാല്‍ കല്ലറ പൊളിക്കാനായി സാധിക്കില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം.
ശനിയാഴ്ച രാവിലെയാണ് 78 വയസ്സുകാരനായ നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി മരിച്ചത് എന്നാണ് മകന്‍ സനന്ദന്‍ പറയുന്നത്. മക്കളായ സനന്ദനും രാജസേനനും ചേര്‍ന്നാണ് വീടിനടുത്ത് സംസ്‌കാരം നടത്തി അവിടെ സമാധി മണ്ഡപം സ്ഥാപിച്ചത്. സ്വാമിയെ കാണാനില്ലെന്ന അയല്‍വാസിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് സ്വാമിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുക്കാന്‍ ഇതിനായി പൊലീസ് കലക്ടറുടെ അനുമതിയും തേടി.
പട്ടാപ്പകല്‍ ഇതുപോലൊരു തുറന്ന സ്ഥലത്ത് നടന്ന ഈ കാര്യങ്ങളൊന്നും നാട്ടുകാരോ അയല്‍വാസികളോ ആരും കണ്ടവരില്ല. അതുതന്നെയാണ് ദുരൂഹത ആരോപിക്കുന്നതിന്റെ കാരണം. നാട്ടുകാര്‍ ദുരൂഹത ആരോപിച്ചതോടെ സമാധി മണ്ഡപമെന്ന പേരില്‍ കെട്ടിയ കല്ലറ ശനിയാഴ്ച വൈകീട്ടോടെ പൊലീസ് സീല്‍ ചെയ്തു. ബന്ധുക്കള്‍ പരാതി നല്‍കാത്ത സാഹചര്യത്തില്‍ സ്വാമിയെ കാണാനില്ലെന്ന അയല്‍വാസിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനും തീരുമാനിച്ചു. ഇതിനായി ജില്ലാ കലക്ടറുടെ അനുമതി തേടി.
കല്ലറ പൊളിക്കാന്‍ പൊലീസ് എത്തിയതോടെ കല്ലറയ്ക്ക് മുന്നില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും ബന്ധുക്കളും കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് നടപടി ഏകപക്ഷീയമാണെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്. ബഹളമായതോടെ കല്ലറ പൊളിക്കല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ബന്ധുക്കളുടെ ഭാഗംകൂടി കേള്‍ക്കുമെന്ന് സബ്കലക്ടര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഒടുവില്‍ നെയ്യാറ്റിന്‍കര സമാധി വിവാദത്തില്‍ ഗോപന്‍ സ്വാമിയുടെ കല്ലറ തല്‍ക്കാലം പൊളിക്കില്ലെന്ന് തീരുമാനമായി.
പൊളിക്കുന്ന തിയതി ഇന്ന് തീരുമാനിക്കുമെന്ന് സബ് കലക്ടര്‍ ഒ.വി. ആല്‍ഫ്രഡ് അറിയിച്ചു. കല്ലറ പൊളിക്കുന്നത് നിയമപരമായ നടപടിയെന്ന് കുടുംബത്തെ ബോധ്യപ്പെടുത്തും. ഉത്തരവിന്റെ പകര്‍പ്പ് കുടുംബത്തിന് നല്‍കും, അവര്‍ക്ക് നിയമനടപടി സ്വീകരിക്കാമെന്നും അസിസ്റ്റന്റ് കലക്ടര്‍ പറഞ്ഞു. കല്ലറ പൊളിക്കുന്നതിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് കുടുംബം അറിയിച്ചു.