- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യുവാവിന്റെ പല്ലടിച്ചു തകർത്ത കേസിൽ അപ്പൻ വിയ്യൂരിലെ അഴികൾക്കുള്ളിൽ; കാപ്പ ചുമത്തി മകനെ ജയിലിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് അമ്മയും കുടുങ്ങി; 7 ലിറ്റർ മദ്യവുമായി പിടിയിലായത് കുപ്രസിദ്ധ ക്രിമിനൽ 'പാഞ്ചാലി' രേഷ്മ

കൊച്ചി: അച്ഛനും മകനും കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ ജയിലിലെ അഴികൾക്കുള്ളിലായപ്പോൾ, മകനെ ജയിലിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് അമ്മയും പോലീസിന്റെ വലയിലായി. തിരുവനന്തപുരം സ്വദേശികളായ 'പാഞ്ചാലി' എന്നറിയപ്പെടുന്ന രേഷ്മയും മകൻ കണ്ണനും (പാഞ്ചാലി കണ്ണൻ - 26) ആണ് ഒടുവിൽ പിടിയിലായത്. രേഷ്മയുടെ ഭർത്താവ് തിയോഫിൻ (അനിൽ) നിലവിൽ കാപ്പ തടങ്കലിൽ ജയിലിലാണ്.
കണ്ണനെ കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലടക്കാൻ വിയ്യൂർ ജയിലിലേക്ക് കൊണ്ടുപോകാൻ പോലീസ് ഒരുങ്ങുമ്പോഴാണ് നാടകീയമായ മറുഭാഗം അരങ്ങേറിയത്. പ്രതിയുമായി പോലീസ് സംഘം തിരിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ, എറണാകുളം മാർക്കറ്റ് പരിസരത്ത് നിന്ന് 7 ലിറ്റർ വിദേശമദ്യവുമായി മാതാവ് രേഷ്മയെ സെൻട്രൽ പോലീസ് പിടികൂടുകയായിരുന്നു.
കൊലപാതകശ്രമം, ഭീഷണിപ്പെടുത്തി കവർച്ച തുടങ്ങി 11 ഓളം കേസുകളിൽ പ്രതിയായ കണ്ണനെ കഴിഞ്ഞ വർഷം ആറുമാസത്തേക്ക് കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. ഡിസംബറിൽ പുറത്തിറങ്ങിയ ഇയാൾ ഫെബ്രുവരിയിൽ സ്കൂട്ടർ മോഷ്ടിച്ച കേസിൽ വീണ്ടും പിടിയിലായി. കാക്കനാട് ജയിലിൽ കഴിയവെയാണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഇപ്പോൾ ഒരു വർഷത്തേക്ക് കൂടി കാപ്പ ചുമത്തിയത്.
നഗരത്തിൽ അനധികൃത മദ്യവിൽപന നടത്തുന്ന രേഷ്മയെ നേരത്തെ ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നു. വിലക്ക് ലംഘിച്ച് പാലാരിവട്ടം മാമംഗലം ഭാഗത്ത് രഹസ്യമായി താമസിക്കുന്നതിനിടെ നവംബറില്‍ പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. കാപ്പ ലംഘിച്ച കേസില്‍ ജാമ്യത്തില്‍ കഴിയവെയാണ് അനധികൃത മദ്യവിതരണത്തിന് ഇന്നലെ അറസ്റ്റിലായത്. ഇവർക്കെതിരെ 7 അബ്കാരി-ക്രിമിനൽ കേസുകളുണ്ട്.
പനമ്പിള്ളിനഗറിൽ വെച്ച് ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയി പല്ലുകൾ തല്ലിപ്പൊട്ടിച്ച കേസിലാണ് തിയോഫിൻ കുടുങ്ങിയത്. ഭീഷണിപ്പെടുത്തി പണം തട്ടൽ, നരഹത്യാശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയായ ഇയാൾ ഒൻപത് മാസത്തെ തടങ്കലിലാണ്. വർഷങ്ങളായി കൊച്ചി നഗരവും പരിസരവും കേന്ദ്രീകരിച്ച് ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിവന്ന ഈ കുടുംബത്തെ തളയ്ക്കാൻ കഴിഞ്ഞത് കൊച്ചി സിറ്റി പോലീസിന് വലിയ നേട്ടമായി.


