ന്യൂഡല്‍ഹി: ഡല്‍ഹി പ്രശാന്ത് വിഹാറില്‍ തീയറ്ററിന് മുന്നിലുണ്ടായ സ്‌ഫോടനത്തില്‍ എന്‍എസ്ജി പരിശോധന തുടരുന്നു. ഇവിടെ നിന്ന് വെളുത്ത പൊടി കണ്ടെത്തിയിരുന്നു. സിആര്‍പിഎഫ് സ്‌കൂളിന് സമീപം ഒക്ടോബര്‍ 20ന് നടന്ന സ്‌ഫോടനവുമായി പ്രശാന്ത് വിഹാറിലെ സ്‌ഫോടനത്തിന് ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

രണ്ടിടത്തും വെളുത്ത പൊടി കണ്ടെത്തിയിരുന്നു. രണ്ടു സ്‌ഫോടക വസ്തുക്കളും സ്ഥാപിച്ചത് മതിലിനോട് ചേര്‍ന്നാണ്. സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ മതില്‍ തകര്‍ന്നെങ്കിലും ആളാപായമില്ലായിരുന്നു. പ്രശാന്ത് വിഹാറിലെ സ്‌ഫോടനത്തില്‍ എന്‍ഐഎ പ്രാഥമിക പരിശോധന നടത്തും.

പ്രദേശത്ത് നിന്നും എന്‍എസ്ജി മറ്റെല്ലാ ഏജന്‍സികളെയും ഒഴിപ്പിച്ചു. പി വി ആര്‍ സിനിമാ തീയറ്ററിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടോ എന്ന് പരിശോധനയാണ് സ്ഥലത്ത് നടക്കുന്നത്. പാര്‍ക്കിന്റ മതിലിനോട് ചേര്‍ന്ന അഴുക്ക് ചാലില്‍ ആണ് പരിശോധന. എന്‍എസ്ജിയുടെ ബോംബ് പരിശോധനക്കായുള്ള മൂന്ന് നായകളും സ്ഥലത്തെത്തിയിരുന്നു.

ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച്, ബോംബ് സ്‌ക്വഡ്, ഫോറന്‍സിക് സംഘം എന്നിവര്‍രും പരിശോധനയ്ക്കായി സ്ഥലത്തെത്തിയിരുന്നു. സ്ഫോടന ഭീഷണി സന്ദേശം 11.48ന് വന്നിരുന്നു ഇതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം നടന്നത്. എന്ത് സ്‌ഫോടക വസ്തുവാണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചതെന്ന് കണ്ടെത്താനായി കൂടുതല്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണ്.

പ്രശാന്ത് നഗറിലെ സിആര്‍പിഎഫ് സ്‌കൂളിനു സമീപമാണ് നേരത്തെ സ്‌ഫോടനമുണ്ടായിരുന്നു. എന്നാല്‍ അത് ആസൂത്രിത സ്‌ഫോടനമല്ലെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. സ്‌ഫോടനത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ജീവഹാനിയോ പരുക്കുകളോ ഇല്ല. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.