ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍, പാസ്റ്റര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കിംഗ്‌സ് ജനറേഷന്‍ ചര്‍ച്ചിന്റെ പാസ്റ്ററായ ജോണ്‍ ജെബരാജ് (37) ആണ് മൂന്നാറില്‍ നിന്ന് അറസ്റ്റിലായത്.

പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌തെന്നതാണ് കേസ്. പൊലീസ് പോക്‌സോ കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വലിയ ഫോളോവേഴ്‌സ് ഉളള പാസ്റ്ററാണ് ജോണ്‍ ജെബരാജ്. കോയമ്പത്തൂരിലെ സെന്‍ട്രല്‍ വനിതാ പൊലീസ് സറ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇയാളെ മൂന്നാറില്‍ നിന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തത്. നേരത്തെ കോയമ്പത്തൂര്‍ സിറ്റി പൊലീസ് പാസ്റ്ററെ പിടികൂടാന്‍ അനവധി ടീമുകളെ നിയോഗിച്ചിരുന്നു. രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മെയില്‍, കോയമ്പത്തൂരിലെ തന്റെ വസതിയില്‍ ഒരുപാര്‍ട്ടിക്കിടെയാണ് ജെബരാജ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരകളില്‍ ഒരാള്‍ തന്റെ ബന്ധുവിനോട് ഇക്കാര്യം അടുത്തിടെ തുറന്നുപറഞ്ഞതോടെയാണ് വിവരം പുറത്തുവന്നത്. തുടര്‍ന്ന് സെന്‍ട്രല്‍ ഓള്‍ വിമന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ന്യൂജന്‍ ആരാധന രീതികളിലൂടെ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു പ്രതി. ഇയാളെ പൊലീസ് കോയമ്പത്തൂരിലെത്തിച്ചു. സംഭവം നടന്ന് 11 മാസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പരാതിയുമായി എത്തിയത്. പതിനെഴുകാരിയും പതിനാലുകാരിയുമാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തുന്ന വ്യക്തിയാണ് ഇയാള്‍. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സ് ഉള്ള ഇയാള്‍ പുതുതലമുറയ്ക്ക് ഇഷ്ടപ്പെടുന്ന പാട്ടും ഡാന്‍സുമൊക്കെയായിട്ടാണ് ആരാധന നടത്തുന്നത്.

2018 ലെ മറ്റൊരു ബലാല്‍സംഗ കേസില്‍ പഞ്ചാബിലെ പാസ്റ്റര്‍ ബജീന്ദര്‍ സിങ്ങിനെ ജീവപര്യന്തം തടവിന് വിധിച്ച് ഏതാനും ദിവസങ്ങള്‍ക്കകമാണ് ജോണ്‍ ജെബരാജും പിടിയിലായത്. ജെബരാജ് അടുത്തിടെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. താനുമായി അകന്ന് വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയ ഭാര്യയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് ജെബരാജ് ന്യായീകരിക്കാന്‍ ശ്രമിച്ചത്