തൃശൂര്‍: പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ പട്ടാപ്പകല്‍ ജീവനക്കാരെ കത്തി കാണിച്ച് ബന്ദികളാക്കി പണം കവര്‍ന്ന മോഷ്ടാവ് ബാങ്കിനെ കുറിച്ച് നല്ല അറിവുള്ളയാള്‍. ഇയാള്‍ നേരത്തെയും ബാങ്കില്‍ എത്തിയിട്ടുള്ള ആളെന്നാണ് നിഗമനം. ബാങ്ക് കൊള്ള തികച്ചും ആസൂത്രിതമെന്നും പൊലീസ് പറഞ്ഞു. ഉച്ചഭക്ഷണ വേളയില്‍, ബാങ്കില്‍ ഇടപാടുകാര്‍ ഇല്ലാത്ത സമയം നോക്കിയാണ് ഇയാള്‍ ബാങ്കില്‍ കടന്നത്. 15 ലക്ഷം രൂപയാണ് കവര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂട്ടറില്‍ എത്തിയ അക്രമിയാണ് കവര്‍ച്ച നടത്തിയത്.

ഉച്ചയോടെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു കവര്‍ച്ച. ബൈക്കിലെത്തിയ മോഷ്ടാവ് കസേര ഉപയോഗിച്ച് ക്യാഷ് കൗണ്ടറിന്റെ ഗ്ലാസ് തല്ലിത്തകര്‍ത്താണ് പണം കവര്‍ന്നത്. അതിനുശേഷം കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നു എസ്പി ബി. കൃഷ്ണകുമാര്‍ പറഞ്ഞു.

കവര്‍ച്ചയ്ക്ക് ശേഷം കയ്യില്‍ കിട്ടിയ കറന്‍സികള്‍ എടുത്ത ശേഷം രക്ഷപെടുകയായിരുന്നു. തിരക്കേറിയ ജംക്ഷനില്‍ പട്ടാപ്പകലായിരുന്നു കവര്‍ച്ച. പണം അപഹരിച്ച ശേഷം ഇയാള്‍ സ്‌കൂട്ടറില്‍ കയറി സ്ഥലം വിട്ടു. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ബാങ്കില്‍ ആ സമയം എട്ടു ജീവനക്കാരാണ് ഉണ്ടായിരുന്നത്.

പണം കവര്‍ന്നത് രണ്ടര മിനിറ്റിലാണ്. ദൃശ്യങ്ങളിലൊന്നും സ്‌കൂട്ടറിന്റെ നമ്പര്‍ വ്യക്തമല്ല. മോഷ്ടാവ് 35 വയസിന് താഴെയുള്ള ആളെന്നാണ് നിഗമനം. കവര്‍ച്ചാ സമയത്ത് ക്യാഷ് കൗണ്ടറില്‍ ഉണ്ടായിരുന്നത് വനിതാ ജീവനക്കാരിയാണ്. ക്യാഷറോട് താക്കോല്‍ എവിടെയെന്ന് മോഷ്ടാവ് ചോദിച്ചത് ഹിന്ദിയിലാണ്. കവര്‍ച്ചയ്ക്ക് ശേഷം ഇയാള്‍ രക്ഷപ്പെട്ടത് ഇടവഴികളിലൂടെയാണെന്നും വ്യക്തമായി.

2:30 മണിക്ക് ദേശിയ പാതയുടെ സമീപത്തുള്ള ബാങ്കില്‍ ഒറ്റയ്ക്ക് സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് കൊണ്ട് മുഖം മറച്ചാണ് അക്രമി എത്തിയത്. വലിയ ജാക്കറ്റും കൈ ഉറകളും ഒരു ബാഗും പ്രതി ധരിച്ചിരുന്നു. അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

ബാങ്കിന് സെക്യൂരിറ്റിയില്ലെന്നും ചുറ്റുപാടുമുള്ള മറ്റ് സ്ഥാപനങ്ങളിലൊന്നും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്നും മോഷ്ടാവ് മനസിലാക്കിയിട്ടുണ്ടാവാമെന്നും കരുതുന്നു. ബാങ്കിലേക്ക് കയറിയ മോഷ്ടാവ് അവിടെയുണ്ടായിരുന്ന ജീവനക്കാരില്‍ രണ്ടുപേരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ചോദിച്ച് മനസിലാക്കിയ ശേഷം ബാങ്കിനുള്ളിലെ ശുചിമുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നുമാണ് ബാങ്കിനുള്ളിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന.

ജീവനക്കാരെ തള്ളി ശുചിമുറിയില്‍ എത്തിച്ചശേഷം അത് തുറക്കാതിരിക്കാന്‍ കസേര ഡോര്‍ ഹാന്‍ഡിലിന്റെ ഇടയിലേക്ക് ഭിത്തിയോട് ചേര്‍ത്ത് തള്ളി കയറ്റി വയ്ക്കുന്നതും സി.സി.ടി.വി.ദൃശ്യത്തില്‍ കാണാം. നീലയും വെള്ളയും ചുവപ്പും നിറത്തിലുള്ള റൈഡിങ് ജാക്കറ്റും മുഖം തിരിയാതിരിക്കാനുള്ള ടിന്റഡ് ഗ്ലാസ് ഹെല്‍മറ്റുമാണ് മോഷ്ടാവ് ധരിച്ചത്.പണം സൂക്ഷിച്ചിരുന്ന ക്യാഷ് കൗണ്ടര്‍ പൊളിക്കാനുള്ള നീണ്ടനേരത്തെ പരിശ്രമത്തിനൊടുവില്‍ കൗണ്ടര്‍ കസേര ഉപയോഗിച്ച് തല്ലിപൊളിച്ച ശേഷം ട്രേയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നു.

അതേസമയം, ബാങ്കിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഫെഡറല്‍ ബാങ്ക് സി ഇ ഒ കെ വി എസ് മണിയന്‍ പ്രതികരിച്ചു.