- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ശരത് ദീര്‍ഘകാലമായി സൗദിയില്‍ ഇലക്ട്രിക്, പ്ലമ്പിങ് ജോലിയില്‍; നാലു വര്‍ഷം മുമ്പാണ് പ്രീതിയുമായി വിവാഹം; ഭാര്യ സൗദിയിലേക്ക് എത്തിയിട്ട് രണ്ട് മാസം; സൗദിയില്‍ കടയ്ക്കല്‍ സ്വദേശികളായ ദമ്പതികളുടെ മരണത്തില്‍ ഞെട്ടലോടെ സുഹൃത്തുക്കളും ബന്ധുക്കളും
ശരത് ദീര്‍ഘകാലമായി സൗദിയില്‍ ഇലക്ട്രിക്, പ്ലമ്പിങ് ജോലിയില്‍
റിയാദ്: സൗദി അറേബ്യയില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടലോടെ പ്രവാസി സമൂഹം. പലവിധത്തിലുള്ള ജീവിതപ്രശ്‌നങ്ങളുമായി എത്തുന്ന മലയാളികള്‍ അതിജീവിക്കാന്‍ പലവഴിയില്‍ ശ്രമിക്കവേയാണ് ദാരുണമായ വാര്‍ത്ത എത്തിയത്. ഇതിന്റെ ഞെട്ടലിലാണ് മലയാളികള്‍. കൊല്ലം കടയ്ക്കല്‍ സ്വദേശികളായ ദമ്പതികളെ അല്‍ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലം കടയ്ക്കല്‍ ചിതറ ഭജനമഠം പത്മവിലാസത്തില്‍ മണിയുടെ മകന്‍ ശരത് (40), ഭാര്യ കൊല്ലം സ്വദേശി പ്രീതി (32) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരത് മുറിയില്‍ തൂങ്ങി മരിച്ച നിലയിലും പ്രീതി തറയില്‍ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. ശരത് ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സ്പോണ്‍സര്‍ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഫോണ്‍ എടുക്കാതെ വന്നതോടെ അന്വേഷിച്ച് ഇവര്‍ താമസിച്ച ഫ്‌ലാറ്റില്‍ എത്തുകയായിരുന്നു.
അടച്ചുപൂട്ടിയ പൂട്ടിയ നിലയിലാണ് ഫ്‌ലാറ്റു കാണപ്പെട്ടത്. പന്തികേട് തോന്നി വാതിലുകള്‍ പൊലീസ് സഹായത്തോടെ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് ഇരുവരും മരിച്ച വിവരം അറിയുന്നത്. മൃതദേഹങ്ങള്‍ ബുറൈദ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല.
ദീര്‍ഘകാലമായി ഉനൈസയില്‍ ഇലക്ട്രിക്, പ്ലമ്പിങ് ജോലി ചെയ്തിരുന്ന ശരത് നാലു വര്‍ഷം മുമ്പാണ് പ്രീതിയെ വിവാഹം കഴിച്ചത്. രണ്ട് മാസം മുമ്പാണ് സൗദിയിലേക്ക് പ്രീതിയെ കൂടെ കൂട്ടിയത്. ഇരുവര്‍ക്കും ഇടയില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നതായി നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അറിവില്ല. എന്തുകൊണ്ടാണ് ഇത്തരമൊരു കടുംകൈ ഇരുവരും ചെയ്തത് എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാന്‍ പ്രദേശത്തെ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശ്രമം നടത്തുന്നുണ്ട്.