തിരുവനന്തപുരം: കടയ്ക്കാവൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ 14കാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലയ്ക്കാമുക്ക് പെരുംകുളം ഭജനമഠം മംഗ്ലാവില്‍ വീട്ടില്‍ തങ്കരാജ്-അശ്വതി ദമ്പതികളുടെ മകന്‍ വൈഷ്ണവ് ടി. രാജ് ആണ് മരിച്ചത്. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കി. മകന്‍ മരണത്തിന് തൊട്ടു മുന്‍പ് വരെ സന്തോഷവാനായാണ് കാണപ്പെട്ടതെന്ന് മാതാപിതാക്കള്‍ പറയുന്നു. വളരെ പെട്ടെന്നാണ് അവന്‍ ആത്മഹത്യയിലേക്ക് തിരിഞ്ഞത്.

കടയ്ക്കാവൂര്‍ എസ്എസ്പിബിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച രാത്രിയോടെ അച്ഛനും അമ്മയും കടയില്‍ പോയ സമയത്താണ് വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം ക്ലാസ് ഇല്ലാതിരുന്നിട്ടും വൈഷ്ണവ് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് സ്‌കൂളില്‍ പോയിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. വൈകുന്നേരം ക്ഷേത്രത്തില്‍ പോയി മടങ്ങിവന്ന തങ്കരാജന്‍ ഭാര്യ അശ്വതിയേയും കൂട്ടി വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് പോയി. ഇരുവരും മടങ്ങി വന്നപ്പോളാണ് വീടിനുള്ളില്‍ മകനെ തൂങ്ങി മരിച്ചനിലയില്‍ കാണുന്നത്.

സന്ധ്യക്ക് വിളക്ക് കത്തിച്ചശേഷം വൈഷ്ണവിനെ വളരെ സന്തോഷവാനായാണ് കാണപ്പെട്ടതെന്നാണ് മാതാപിതാക്കള്‍ കടയ്ക്കാവൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ സമയം മകന്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. കടയില്‍ പോയിവരുന്ന ചെറിയ സമയത്തിനുള്ളിലാണ് മരിച്ചതെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ പറയുന്നു.