- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് സമ്മതിച്ചു; കഴിഞ്ഞ വര്‍ഷം അച്ഛന്‍ ഡി അഡിക്ഷന്‍ സെന്ററില്‍ ആക്കിയെങ്കിലും ചികിത്സ പൂര്‍ത്തിയാക്കിയില്ല; പേടിച്ചോടിയ ദിവസം സജീറുമായി 20,000 രൂപയുടെ ഇടപാട്; കോള്‍ ലോഗ് വച്ചുള്ള പൊലീസിന്റെ ചോദ്യങ്ങളില്‍ ഉത്തരം മുട്ടി ഷൈന്; സാമ്പിള്‍ പരിശോധനയില്‍ കുടുങ്ങിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും
മെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് ഷൈന്
കൊച്ചി: വേദാന്ത ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ ദിവസം ലഹരി ഇടപാടുകാരന്‍ സജീറുമായി 20,000 രൂപയുടെ ഇടപാട് നടത്തിയെന്ന് പൊലീസിനോട് സമ്മതിച്ച് ഷൈന്‍ ടോം ചാക്കോ. എന്നാല്‍, താന്‍ ആ ദിവസം ലഹരി ഉപയോഗിച്ചില്ലെന്നും ലഹരി കൈവശം വച്ചില്ലെന്നും ഷൈന്‍ മൊഴി നല്‍കി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷൈനിന് ലഹരി പരിശോധന നടത്തുന്നത്. മെത്താംഫെറ്റമിനും, കഞ്ചാവും ഉപയോഗിക്കാറുണ്ടെന്നും ഷൈന്‍ പറഞ്ഞു. ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുമായി ബന്ധമുണ്ടെന്നും നടന്‍ സമ്മതിച്ചു.
കഴിഞ്ഞ വര്‍ഷം അച്ഛന്‍ തന്നെ ഡി അഡിക്ഷന്‍ സെന്ററില്‍ ആക്കിയെങ്കിലും 12 ദിവസത്തെ ചികിത്സയ്ക്ക് ശേഷം താന്‍ അവിടെ നിന്നു മടങ്ങിയെന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു. നേരത്തേ രാസലഹരി ഉപയോഗിച്ചിരുന്നെന്നും ഷൈന്‍ മൊഴി നല്‍കി. എന്നാല്‍ രണ്ടാഴ്ചയായി ഉപയോഗിച്ചില്ലെന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു.
പൊലീസിന്റെ തുടര്‍ച്ചയായ ചോദ്യങ്ങളില്‍ ഷൈന്‍ പതറി. ലഹരി ഇടപാടുകാരനുമായുള്ള ഫോണ്‍ വിളി എന്തിനെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. ലഹരി ഇടപാടുകാരന്‍ സജീറിനെയും കസ്റ്റഡിയില്‍ എടുത്തേക്കും. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയതുമായി ബന്ധപ്പെട്ടാണ് ഷൈനെ പൊലീസ് ചോദ്യം ചെയ്തത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടവരെ അറിയാമോ എന്നുള്ള ചോദ്യങ്ങളില്‍ ഇല്ലെന്നുള്ള മറുപടിയാണ് ഷൈന്‍ നല്‍കി കൊണ്ടിരുന്നത്. എന്നാല്‍, ഫോണ്‍ കോളുകളും ഡിജിറ്റല്‍ ഇടപാടുകളും അടക്കമുള്ള തെളിവുകള്‍ മുന്നില്‍ വച്ചുള്ള ചോദ്യങ്ങളില്‍ ഷൈന് ഉത്തരം മുട്ടി.
ലഹരിക്കേസിലാണ് ഷൈന്‍ ടോം ചാക്കോയെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിഉപയോഗിച്ചതിനും ഗൂഢാലോനചയ്ക്കുമാണ് കേസെടുത്തത് . എന്‍.ഡി.പി.എസ് ആക്ട് 27, 29 വകുപ്പുകള്‍ ചുമത്തി. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നാലുമണിക്കൂര്‍ പിന്നിട്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഷൈനെതിരെ ചുമത്തിയത്.
തലമുടി, നഖം, സ്രവങ്ങള്‍ എന്നിവ പരിശോധിക്കാന്‍ സാമ്പിളുകളെടുത്തു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് മെഡിക്കല്‍ പരിശോധന. സാമ്പിളുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലക്ക് അയയ്ക്കും. പേടിച്ചോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധനയില്‍ നിന്ന് വ്യക്തമാകും. ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്നും ഷൈനിന് ചോദ്യം ചെയ്യലില്‍ സമ്മതിക്കേണ്ടിവന്നു. സജീറിനെ തേടി ഹോട്ടലില്‍ പൊലീസെത്തിയപ്പോഴാണ് ഷൈന്‍ ജനല്‍ വഴി ചാടി രക്ഷപ്പെട്ടത്. ഷൈനിന്റെ വാട്‌സാപ് ചാറ്റും കോളുകളും ഗൂഗിള്‍പേ അക്കൗണ്ടും പരിശോധിച്ചാണ് പൊലീസ് വഴിവിട്ട ഇടപെടലുകള്‍ ഉറപ്പിച്ചത്. ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യം ചെയ്യലിനു മുന്നില്‍ നടന് പിടിച്ചു നില്‍ക്കാനായില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്