കാക്കനാട്: എറണാകുളം തൃപ്പൂണിത്തുറയില്‍ ആത്മഹത്യ ചെയ്ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ വാര്‍ത്താക്കുറിപ്പ് ഇറക്കി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍. മിഹിര്‍ സ്ഥിരം പ്രശ്‌നക്കാരന്‍ എന്ന് കുറ്റപ്പെടുത്തി കൊണ്ടാണ് വാര്‍ത്താക്കുറിപ്പ് സ്‌കൂള്‍ അധികൃതര്‍ ഇറക്കിയിരിക്കുന്നത്. റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ തെളിവില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

'ആരോപണത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കെതിരെ നടപടിയെടുക്കാനാവില്ല, റാഗിങ്ങിനെക്കുറിച്ച് പരാതി ഉയര്‍ന്നത് മിഹിറിന്റെ മരണശേഷം, തിരക്കിട്ട് നടപടികള്‍ എടുക്കരുതെന്ന് പൊലീസും നിര്‍ദേശിച്ചിട്ടുണ്ട്' ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ജനുവരി 14 ന് മിഹിര്‍ ഉള്‍പ്പടെയുളള സംഘം മറ്റൊരു കുട്ടിയെ മര്‍ദിച്ചെന്നും മുന്‍പ് പഠിച്ച സ്‌കൂളില്‍നിന്ന് ടിസി നല്‍കി പറഞ്ഞുവിട്ട വിദ്യാര്‍ഥിയാണ് മിഹിര്‍, മിഹിറിന്റെ രക്ഷകര്‍ത്താക്കളെ അടക്കം സ്‌കൂളിലേക്ക് വിളിപ്പിച്ചിരുന്നതായും ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

കുട്ടിയുടെ മാതാപിതാക്കള്‍ ഉന്നയിച്ച പരാതിയില്‍ തെളിവുകള്‍ ഇല്ല. ആരോപണ വിധേയരിയ കുട്ടികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തെളിവില്ലെന്ന് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു. ആത്മഹത്യയ്ക്ക് കാരണം സ്‌കൂളിലെ പ്രശ്നങ്ങളാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. മിഹിറിന് ഏതെങ്കിലും തരത്തിലുള്ള പീഡനമേറ്റതായോ റാഗിങ് നടന്നതായോ അധ്യാപകരോ സഹപാഠികളോ സമ്മതിച്ചിട്ടില്ല. സ്‌കൂള്‍ അധികൃതര്‍ക്ക് നടപടിയെടുക്കണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള തെളിവുകളോ മൊഴികളോ ആവശ്യമാണ്. എന്നാല്‍ ഇതേവരെ നടത്തിയ അന്വഷണത്തില്‍ ഇത് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. രക്ഷിതാക്കള്‍ക്ക് അയച്ച കത്തിലാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

മിഹിര്‍ ആത്മഹത്യ ചെയ്തതിന് ശേഷം മാത്രമാണ് റാഗിങ് നടന്നതായി കാണിച്ച് വിദ്യാര്‍ഥിയുടെ അമ്മ പരാതി നല്‍കിയതെന്നും അതിന് മുമ്പ് ഇത്തരത്തിലൊരു പരാതി നല്‍കിയിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. മിഹിറിന്റെ അമ്മ നല്‍കിയ പരാതി തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസിന് കൈമാറിയിരുന്നു. പരാതി ലഭിച്ചശേഷം മിഹിറിന്റെ സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മൊഴിയെടുത്തിരുന്നു. എന്നാല്‍ മിഹിറിന് ഏതെങ്കിലും തരത്തിലുള്ള പീഡനമേറ്റതായോ റാഗിങ് നടന്നതായോ അധ്യാപകരോ സഹപാഠികളോ സമ്മതിച്ചിട്ടില്ല. ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകളോ സാക്ഷിമൊഴികളോ ലഭിച്ചിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു.

ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പരാമര്‍ശിക്കുന്ന പേരുകളും മിഹിറിന്റെ അമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഏതെങ്കിലും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പേര് പരാമര്‍ശിച്ചതുകൊണ്ടുമാത്രം അവര്‍ക്കെതിരേ നടപടിയെടുക്കാനാവില്ലെന്നും അവര്‍ വിദ്യാര്‍ഥികളാണെന്ന കാര്യം പരിഗണിക്കേണ്ടതുണ്ടെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. സ്‌കൂള്‍ അധികൃതര്‍ക്ക് നടപടിയെടുക്കണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള തെളിവുകളോ മൊഴികളോ ആവശ്യമാണ്. എന്നാല്‍ ഇതേവരെ നടത്തിയ അന്വഷണത്തില്‍ ഇത് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

അതേസമയം അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ഏതെങ്കിലും തരത്തിലുള്ള നടപടികളെടുക്കാന്‍ പോലീസോ പൊതുവിദ്യാഭ്യാസവകുപ്പോ നിര്‍ദേശിച്ചാല്‍ അതെടുക്കുമെന്നും അധികൃതര്‍ വിശദീകരിക്കുന്നു. എറണാകുളം കളക്ടറേറ്റില്‍ നടത്തിയ മൊഴിയെടുപ്പില്‍ മരിച്ച കുട്ടി പഠിച്ച ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനോടും മുന്‍പ് പഠിച്ചിരുന്ന ജെംസ് മോഡേണ്‍ അക്കാദമിയോടും എന്‍.ഒ.സി. ഹാജരാക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇവര്‍ സമര്‍പ്പിച്ചില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് വ്യക്തമാക്കിയിരുന്നു. ഇതിന് കുറച്ച് സമയംകൂടി അനുവദിക്കും. അതിനുശേഷം തുടര്‍നടപടിക്കായി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യും.

സി.ബി.എസ്.ഇ. ആയാലും ഐ.സി.എസ്.ഇ. ആയാലും കേരളത്തില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിനു മുന്‍പ് സംസ്ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സി. ആവശ്യമാണ്. അത് ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ അനുവാദം നല്‍കിയിട്ടില്ലെന്നും എസ്. ഷാനവാസ് പറഞ്ഞു.

ഇതിനിടെ തൃപ്പൂണിത്തുറയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഫോര്‍ട്ട് കൊച്ചി സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ആത്മഹത്യ പ്രേരണാക്കുറ്റം കൂടി ചുമത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തു പറയാതിരിക്കാന്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നുവെന്ന് മിഹിറിന്റെ അമ്മ ആരോപിച്ചു.

തൃപ്പൂണിത്തുറ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ മിഹിര്‍ ഫ്‌ലാറ്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ആയിരുന്നു പൊലീസ് കേസെടുത്തിരുന്നത്. റാഗിങ് പരാതിയില്‍ രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാണ് ആത്മഹത്യ പ്രേരണാക്കുറ്റം കൂടി ചുമത്തിയത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഫോര്‍ട്ട് കൊച്ചി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് ഇന്നലെ സമര്‍പ്പിച്ചു.