തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീ അവിട്ടം തിരുനാള്‍ (എസ്എടി) ആശുപത്രിയില്‍ പ്രസവിച്ച ജെ.ആര്‍. ശിവപ്രിയയെന്ന (26) യുവതി, 18ാം ദിവസം മരിക്കാനിടയായ സംഭവം വിവാദമായിരിക്കയാണ്. ് 'അസിനെറ്റോബാക്ടര്‍' ബാക്ടീരിയയുടെ സാന്നിധ്യമാണ് അവരുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. മണ്ണിലും ജലത്തിലുമെല്ലാം കാണപ്പെടുന്ന ഈ ബാക്ടീരിയയ്ക്കു പല വകഭേദങ്ങളുണ്ട്. ഇതില്‍ ചിലത് ആന്തരികാവയവങ്ങളെയെല്ലാം ബാധിക്കുന്നതും മരണകാരണമാകുന്നതുമാണ്. മുറിവുകളിലൂടെയാണിതു ശരീരത്തില്‍ പ്രവേശിക്കുക. ശിവപ്രിയയുടെ കാര്യത്തില്‍ സംഭവിച്ചതും ബാക്ടീരിയല്‍ സാന്നിധ്യമാണെന്നാണ് പുറത്തുവരുന്ന വിവരം.

വൃത്തിഹീനമായ ഏതു സാഹചര്യത്തിലും ഈ ബാക്ടീരിയ വളരാന്‍ ഇടയാക്കുമെങ്കിലും ആശുപത്രി സാഹചര്യങ്ങളില്‍ ഇതിനുള്ള സാധ്യത കൂടുതലാണെന്നു പറയപ്പെടുന്നു. പ്രസവശേഷമുള്ള തുന്നല്‍ വഴിയോ മറ്റോ അകത്തു കടന്നിരിക്കാമെന്നാണു നിഗമനം. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന വിദഗ്ധ അന്വേഷണത്തില്‍ മാത്രമേ ഇക്കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ.

കരിക്കകം ശ്രീരാഗം റോഡില്‍ വാടകയ്ക്കു താമസിക്കുന്ന മനുവിന്റെ ഭാര്യയാണ് ശിവപ്രിയ. ഇന്നലെ രാവിലെയാണ് മരിച്ചത്. പ്രസവത്തിനെത്തിയപ്പോഴാണ് അണുബാധയുണ്ടായത് എന്നാരോപിച്ച്, നവജാതശിശുവുമായി ബന്ധുക്കള്‍ എസ്എടി ആശുപത്രി വളപ്പില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. അതേസമയം പ്രസവശേഷം ആശുപത്രി വിടുന്നതു വരെ ശിവപ്രിയയ്ക്ക് മറ്റു പ്രശ്‌നങ്ങളില്ലായിരുന്നുവെന്ന വിശദീകരണവുമായി എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ബിന്ദു വ്യക്തമാക്കിയത്. ആശുപത്രിയില്‍നിന്ന് അണുബാധയുണ്ടായെന്നത് ആരോപണം മാത്രമാണെന്നും സൂപ്രണ്ട് വിശദീകരിച്ചു.

എല്ലാ മാസവും ലേബര്‍ റൂമും ഐസിയുവും ഉള്‍പ്പെടെ മൈക്രോ ബയോളജി സംഘം പരിശോധന നടത്താറുണ്ട്. ആശുപത്രിയില്‍ അണുബാധയോ, മറ്റു പ്രശ്‌നങ്ങളോ ഉണ്ടോയെന്നു നോക്കാനാണു പരിശോധന. ഈ മാസം ശിവപ്രിയ ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് തന്നെ പരിശോധന പൂര്‍ത്തിയാക്കി പ്രശ്‌നങ്ങളില്ലെന്നു കണ്ടെത്തിയിരുന്നു. 26നു പനിയും വയറിളക്കവുമായി വീണ്ടും ആശുപത്രിയില്‍ എത്തുമ്പോള്‍ ആരോഗ്യസ്ഥിതി മോശമായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ നല്‍കിയിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം നടത്തുക തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പുറത്ത് നിന്നുള്ള വിദഗ്ധര്‍ ആയിരിക്കും. ക്രിട്ടിക്കല്‍ കെയര്‍, ഇന്‍ഫക്ഷന്‍ ഡിസീസ്, ഗൈനക്കോളജി വിഭാഗം മേധാവിമാരെ അന്വേഷണത്തിന് ചുമതലപ്പെടുത്തും. ഡെര്‍മറ്റോളജി വിദഗ്ധനും അന്വേഷണ സംഘത്തില്‍ ഉണ്ടാകും. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം.

ഇന്നലെയാണ് 26 കാരിയായ കരിയ്ക്കകം സ്വദേശി ശിവപ്രിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. അവിടെ നിന്നാണ് അണുബാധ ഉണ്ടായത് എന്നാണ് ബന്ധുക്കളുടെ പരാതി.തുടര്‍ച്ചയായ ചികിത്സ പിഴവ് ആരോപണങ്ങളില്‍ കടുത്ത നാണക്കേട് ഉണ്ടായ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ്,വിദഗ്ധ സമിതിയെ നിയോഗിച്ചുള്ള അന്വേഷണത്തിലേക്ക് കടക്കുന്നത്. ശിവപ്രിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടുനല്‍കും.

അണുബാധ ഉണ്ടായത് ആശുപത്രിയില്‍ നിന്നുതന്നെയെന്ന് ശിവപ്രിയയുടെ സഹോദരന്‍ ശിവപ്രസാദ് ആരോപിച്ചത്. എസ്.എ.ടി ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം 26ന് വീണ്ടുമെത്തിയ ശിവപ്രിയക്ക് സ്റ്റിച്ചില്‍ അണുബാധ എന്നാണ് പറഞ്ഞത്. പിന്നീട് അണുബാധ രക്തത്തില്‍ പടര്‍ന്നു. ശ്വാസകോശത്തില്‍ നീര്‍ക്കെട്ടായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് പറഞ്ഞു. ഒമ്പത് ദിവസം വെന്റിലേറ്ററിലായിരുന്നു. രണ്ട് ദിവസം മുമ്പുവരെ കണ്ണ് തുറക്കുമായിരുന്നു. ഭക്ഷണവും മരുന്നും നല്‍കാന്‍ തൊണ്ടയില്‍ ട്യൂബിടുന്ന 'ട്രക്കോസ്മി' ചെയ്തതിന് ശേഷം ഉണര്‍ന്നിട്ടില്ല.

സാമ്പിള്‍ റിസള്‍ട്ട് പ്രകാരം ഹോസ്പിറ്റലില്‍നിന്ന് പിടിപെടുന്ന ബാക്ടീരിയ എന്നാണറിഞ്ഞത്. 'അസിനെറ്റോ ബാക്ട്' എന്നാണ് പറഞ്ഞത്. ഉപയോഗിച്ച ബ്ലേഡോ, ഗ്ലൗസോ ഉപയോഗിക്കുന്നതിലൂടെ വരാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞിരുന്നു. ഒന്നുകില്‍ മെഡിക്കല്‍ കോളജില്‍നിന്ന് അല്ലെങ്കില്‍ എസ്.എ.ടിയില്‍നിന്ന് കിട്ടിയതാകാമെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും സഹോദരന്‍ആരോപിച്ചു.