- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി നേതാവ് സൊനാലി ഫോഗട്ടിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം; ഗോവയിലെ റസ്റ്ററന്റിൽ നിന്നു ഭക്ഷണം കഴിച്ച ശേഷം സൊനാലിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു; ഭക്ഷണത്തിൽ എന്തോ ചേർത്തെന്ന് സംശയം; സൊനാലിയുടെ ഭർത്താവിന്റെ മരണവും ദൂരൂഹ സാഹചര്യത്തിൽ
പനാജി: ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ട് (42) മരിച്ചതിന്റെ ഞെട്ടലിലാണ് കുടുംബവും അനുയായികളും. 42ാം വയസിലാണ് സൊനാലിയുടെ ഭർത്താവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. അതേ പ്രായത്തിൽ തന്നെയാണ് ദുരൂഹമായി സൊനിലിയും മരിക്കുന്നതും എന്നതും ശ്രദ്ധേമാണ്.
സൊനാലിയുടെ മരണത്തിൽ ചില സംശയങ്ങൾ ഉന്നയിച്ചു കുടുംബവും രംഗത്തുവന്നു. ഗോവയിൽ റസ്റ്ററന്റിൽവച്ച് ശാരീരികാസ്വാസ്ഥ്യം വന്നതിനു പിന്നാലെയായിരുന്നു മരണം. ഹൃദയാഘാതമാണു മരണകാരണമെന്നു ഡോക്ടർമാർ അറിയിച്ചെങ്കിലും ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
''റസ്റ്ററന്റിൽനിന്നു ഭക്ഷണം കഴിച്ച ശേഷം സൊനാലിക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി കൂടെയുണ്ടായിരുന്ന ബിജെപി നേതാവ് അമ്മയോടു പറഞ്ഞിരുന്നു. ഭക്ഷണത്തിൽ എന്തെങ്കിലും കലർത്തിയിരുന്നോ എന്നു ഞങ്ങൾ സംശയിക്കുന്നുണ്ട്. ആരെങ്കിലും ഗൂഢാലോചന നടത്തിയോ എന്നതും അന്വേഷിക്കണം'' സൊനാലിയുടെ സഹോദരി മാധ്യമങ്ങളോടു പറഞ്ഞു.
എന്നാൽ സൊനാലിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഗോവ ഡിജിപി തള്ളിക്കളഞ്ഞു. ഗോവ മെഡിക്കൽ കോളജിൽ മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമേ കൂടുതലെന്തെങ്കിലും പറയാനാകൂ എന്നാണു പൊലീസിന്റെ നിലപാട്. ടിവി റിയാലിറ്റി ഷോ ബിഗ് ബോസിൽ പങ്കെടുത്തതിലൂടെ പ്രശസ്തയായ സൊനാലി പിന്നീടാണു ബിജെപിയിൽ ചേർന്നത്. 2019ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദംപുർ മണ്ഡലത്തിൽ കോൺഗ്രസിലെ കുൽദീപ് ബിഷ്‌ണോയിയോടു പരാജയപ്പെട്ടു.
ബിഷ്‌ണോയി ഈയിടെ ബിജെപിയിൽ ചേർന്നിരുന്നു. ടിക് ടോക് താരവുമായിരുന്ന സൊനാലിക്ക് ഇൻസ്റ്റഗ്രാമിലും വൻ ആരാധകനിരയുണ്ട്. മരിക്കുന്നതിന് ഏതാനും മണിക്കൂർ മുൻപും ഇൻസ്റ്റഗ്രാം റീലും ഫോട്ടോകളും പോസ്റ്റ് ചെയ്തിരുന്നു. 'മദർഹുഡ്' എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സൊനാലിയുടെ ഭർത്താവ് സഞ്ജയ് ഫൊഗറ്റിനെ 2016ൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഓഗസ്റ്റ് 22-ന് തന്റെ ചില സ്റ്റാഫ് അംഗങ്ങളോടൊപ്പം ഗോവയിലേക്ക് എത്തിയ സോണാലി ഓഗസ്റ്റ് 24 ന് തിരിച്ചു പോകാനിരുന്നതാണ്. തിങ്കളാഴ്ച രാത്രി പാർട്ടിക്ക് പോയ സൊണാലി തിരിച്ചെത്തി മണിക്കൂറുകൾക്ക് ശേഷം അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിനോദ വ്യവസായ രംഗത്തെ ഒട്ടേറെ പേർ സോനാലിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
ബിജെപിയുടെ മഹിളാ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റും ഹരിയാന, ന്യൂഡൽഹി, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ പട്ടികവർഗ വിഭാഗത്തിന്റെ ചുമതലയുമായിരുന്നു സൊണാലിക്കുണ്ടായിരുന്നത്. ബിജെപി ദേശീയ നിർവാഹക സമിതി അംഗം കൂടിയായിരുന്നു അവർ. ഝാർഖണ്ഡിലെയും മധ്യപ്രദേശിലെയും ആദിവാസി മേഖലകളിലും അവർ ചുമതല നിർവ്വഹിച്ചു.
2019ലെ ഹരിയാന തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ആദംപൂരിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. അടുത്തിടെ കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിലേക്ക് മാറിയ കുൽദീപ് ബിഷ്‌ണോയിക്കെതിരെയാണ് അവർ മത്സരിച്ചത്.
2016-ൽ ഏക് മാ ജോ ലാഖോൻ കെ ലിയേ ബാനി അമ്മ എന്ന ടിവി സീരിയലിലൂടെയാണ് സോണാൽ ഫൊഗട്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഹരിയാൻവി ചിത്രമായ ഛോറിയാൻ ഛോരോൻ എസ് കാം നഹി ഹോതിയിൽ അവർ അഭിനയിച്ചു. നിരവധി പഞ്ചാബി, ഹരിയാൻവി മ്യൂസിക് വീഡിയോകളുടെ ഭാഗമായിട്ടുണ്ട്. ദ സ്റ്റോറി ഓഫ് ബദ്മാഷ്ഗഡ് (2019) എന്ന വെബ് സീരീസിലാണ് അവർ അവസാനമായി കണ്ടത്.
മറുനാടന് ഡെസ്ക്