കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി മൂലം ജീവനൊടുക്കിയതാണെന്നാരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തി. കൊടുങ്ങല്ലൂര്‍ എറിയാട് യു ബസാര്‍ പാലമുറ്റം കോളനിയില്‍ വാക്കാശ്ശേരി രതീഷിന്റെ ഭാര്യ ഷിനി (34)യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

ഇന്ന് ഉച്ചയോടെ ഒന്നിലധികം പലിശ ഇടപാട് സ്ഥാപനങ്ങളിലെ കളക്ഷന്‍ ഏജന്റുമാര്‍ ഒന്നിച്ച് വീട്ടിലെത്തി തിരിച്ചടവ് തുക ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.

ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഇവര്‍ വായ്പ എടുത്തിരുന്ന മൂന്നു സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവരെ അന്വേഷിച്ച് എത്തിയിരുന്നു. ജോലി ചെയ്യുന്ന കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയും സംഘം തിരിച്ചടവ് ചോദിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മൈക്രോഫിനാന്‍സ് സംഘങ്ങളില്‍ നിന്നു നാലു ജീവനക്കാര്‍ ഇവരുടെ വീട്ടിലെത്തി.

തിരിച്ചടവ് ലഭിക്കാതെ പോകില്ലെന്നു പറഞ്ഞ സംഘം വീട്ടില്‍ കയറി ഇരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. ഇതോടെ ഷിനി വീടിനകത്തു കയറി വാതില്‍ അടയ്ക്കുകയായിരുന്നു. ഇതോടെ വായ്പ സംഘം പെട്ടെന്ന് മടങ്ങി. അയല്‍വാസികള്‍ ഷിനിയുടെ ഭര്‍ത്താവിനെ വിവരം അറിയിച്ചു. അയല്‍വാസികള്‍ എത്തി വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഷിനിയെ ഉടന്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ട് അഞ്ചോടെ മരിച്ചു. സംസ്‌കാരം നാളെ നടക്കും. മക്കള്‍: രാഹുല്‍, രുദ്ര (ഇരുവരും എറിയാട് കെവിഎച്ച്എസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍).