കൊല്ലം: കൊല്ലം കുന്നത്തൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ബന്ധുക്കളായ ദമ്പതിമാര്‍ അറസ്റ്റില്‍. ആത്മഹത്യ ചെയ്ത ആദികൃഷ്ണന്റെ ബന്ധുക്കളായ സുരേഷ്, ഭാര്യ ഗീതു എന്നിവരാണ് അറസ്റ്റിലായത്. 2024 ഡിസംബര്‍ ഒന്നിനാണ് 15 കാരനായ ആദികൃഷ്ണനെ വീട്ടിനുള്ളിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളുടെ ശാരീരികവും മാനസികവുമായ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.

ഒളിവിലായിരുന്ന കുന്നത്തൂര്‍ പടിഞ്ഞാറ് തിരുവാതിരയില്‍ ഗീതു, ഭര്‍ത്താവ് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷന്‍സ് കോടതി തള്ളിയിരുന്നു. മൊബൈല്‍ ഫോണ്‍ ഓഫാക്കിയ ശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ ബന്ധുവീടുകളിലും ഇവര്‍ പോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ശാസ്താംകോട്ട പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ആലപ്പുഴയില്‍നിന്നു എസ് എച്ച് ഒ കെ.ബി.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

കുന്നത്തൂര്‍ പടിഞ്ഞാറ് ഗോപി വിലാസം (ശിവരഞ്ജിനി) ഗോപുവിന്റയും രഞ്ജിനിയുടെയും മകനും നെടിയിവിള വിജിഎസ്എസ് അംബികോദയം എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ആദികൃഷ്ണനെ (15) ഡിസംബര്‍ 1ന് ഉച്ചയ്ക്കാണ് വീടിനുള്ളിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ഭിന്നശേഷിക്കാരനായ ഇളയ സഹോദരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വിദ്യാര്‍ഥിയായ മകള്‍ക്കു സമൂഹമാധ്യമത്തിലൂടെ സന്ദേശം അയച്ചെന്ന പേരില്‍ ദമ്പതികള്‍ ആദികൃഷ്ണനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ശേഷം മര്‍ദിച്ചിരുന്നു. മുഖത്തു നീരും ചെവിയില്‍നിന്നു രക്തസ്രാവവും ഉണ്ടായി. സംഭവത്തില്‍ ബാലാവകാശ കമ്മിഷനു പരാതി നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണു കുട്ടി ജീവനൊടുക്കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ശാസ്താംകോട്ട പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്നു പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതു വരെ പൊലീസ് കാത്തിരിക്കുകയാണെന്നു പരാതി ഉയര്‍ന്നിരുന്നു. രോഗിയായ പിതാവും ഭിന്നശേഷിക്കാരനായ സഹോദരനും ഉള്‍പ്പെടുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷയായിരുന്നു ആദികൃഷ്ണന്‍. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുമിടുക്കനായിരുന്നു ആദികൃഷ്ണന്‍.

വീട്ടിലെത്തിയ ബന്ധുക്കളായ സുരേഷ്, ഭാര്യ ഗീതു ആദികൃഷ്ണനെ മര്‍ദിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും രക്ഷിതാക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ശാസ്താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളിയതോടെ ഇവര്‍ ഒളിവില്‍ പോയി. ഇവരെ റിമാന്‍ഡ് ചെയ്‌തേക്കും. പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.