കോഴിക്കോട്: മലപ്പുറം താനൂരില്‍ നിന്ന് കാണാതായ രണ്ട് പ്ലസ്ടു വിദ്യാര്‍ഥിനികളായ ഫാത്തിമയും അശ്വതിയും മുംബൈയില്‍ എത്തിയതായി സൂചന. ഇവര്‍ക്കൊപ്പം മലപ്പുറം എടവണ്ണ സ്വദേശിയായ ഒരു യുവാവും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. വിദ്യാര്‍ഥിനികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

പെണ്‍കുട്ടികള്‍ കോഴിക്കോടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളും പൊലീസും ഇന്ന് മുഴുവന്‍ കോഴിക്കോട് കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടത്തിയത്, എന്നാല്‍ ഇതിന് ഫലമുണ്ടായില്ല. അതേസമയം, എടവണ്ണ സ്വദേശിയായ യുവാവിന്റെ വീട്ടിലെത്തിയ പൊലീസ് വീട്ടുകാരില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. ഇയാള്‍ മുംബൈയിലേക്ക് പോയി എന്ന് ബന്ധുക്കള്‍ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് മുംബൈ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുകയാണ് പൊലീസ്.

പെണ്‍കുട്ടികള്‍ ബുധനാഴ്ച തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സിസിടിവി ദൃശ്യം പുറത്ത് വന്നു. ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് ശേഷമാണ് പെണ്‍കുട്ടികള്‍ സ്റ്റെഷനില്‍ എത്തിയത്. സ്റ്റേഷനിലെ സിസിടിവിയിലാണ് പെണ്‍കുട്ടികളുടെ ദൃശ്യം പതിഞ്ഞത്. താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളായ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവര്‍ക്കായാണ് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്.

ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയ ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. ഇരുവരും പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന വിവരം അധ്യാപകര്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് താനൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പെണ്‍കുട്ടികളുടെ മൊബൈല്‍ഫോണ്‍ അവസാനമായി ഓണ്‍ ആയതെന്നാണ് പോലീസ് പറയുന്നത്. അവസാന ടവര്‍ ലൊക്കേഷന്‍ കോഴിക്കോടായിരുന്നു. ഇതോടെയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയത്.

അന്വേഷണത്തിനിടെ ബുധനാഴ്ച ഉച്ചയോടെ പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. സ്‌കൂള്‍ യൂണിഫോമില്‍ വീട്ടില്‍നിന്നിറങ്ങിയ കുട്ടികളെ മറ്റൊരുവസ്ത്രം ധരിച്ചനിലയിലാണ് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്.

കാണാതാകുന്നതിന് മുന്‍പ് എടവണ്ണ സ്വദേശിയുടെ പേരിലുള്ള സിംകാര്‍ഡില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളുടെയും മൊബൈല്‍ഫോണുകളിലേക്ക് കോള്‍ വന്നതായി പോലീസ് പറയുന്നുണ്ട്. എന്നാല്‍, ഈ സിംകാര്‍ഡിന്റെ ലൊക്കേഷന്‍ നിലവില്‍ മഹാരാഷ്ട്രയിലാണ്. മകള്‍ക്ക് പരീക്ഷ പേടി ഇല്ലായിരുന്നുവെന്നും, ഉടനെ ഇരുവരും തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാണാതായ ഫാത്തിമ ഷഹദയുടെ അച്ഛന്‍ പറഞ്ഞു.