മലപ്പുറം: താനൂരില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളെ മുംബൈയിലെ ബ്യൂട്ടി പാര്‍ലറില്‍ കണ്ടെത്തിയതായി സൂചന. വിവരത്തിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ പൊലീസ് നാല് സംഘങ്ങളായി മഹാരാഷ്ട്രയിലേക്ക് തിരിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ നമ്പറിലേക്ക് വിളിച്ച എടവണ്ണ സ്വദേശിയുടെ കൂടെയാണ് ഇവര്‍ മുംബൈയിലെത്തിയതെന്നാണ് നിഗമനം.

ടെക്സ്റ്റൈല്‍സ് മേഖലയില്‍ ജോലിയെടുക്കുന്ന എടവണ്ണ സ്വദേശി ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇയാളുമായി പൊലീസ് ബന്ധപ്പെട്ടെങ്കിലും കുട്ടികളെ കണ്ട കാര്യം ഇയാള്‍ നിഷേധിച്ചെന്നാണറിയുന്നത്. ഇതിനിടെ മുംബൈയിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ ഇവരെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുംബൈ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. എന്നാല്‍, മലയാളിയായ ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ സഹായത്തോടെ പിന്‍വാതില്‍ വഴി ഇവര്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണറിയുന്നത്.

എന്തായാലും കുട്ടികളെ മുംബൈയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത പരന്നതോടെ മലയാളി സംഘടന പ്രവര്‍ത്തകരും മഹാരാഷ്ട്ര പൊലീസും കുട്ടികളെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ല പൊലീസ് മേധാവി താനൂര്‍ സ്റ്റേഷനിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി.

താനൂര്‍ ദേവദാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നിറമരുതൂര്‍ സ്വദേശി മംഗലത്ത് നസീറിന്റെ മകള്‍ ഫാത്തിമ ഷഹദ (16), മലപ്പുറം സ്വദേശിയും ഇപ്പോള്‍ താനൂര്‍ മഠത്തില്‍ റോഡില്‍ താമസക്കാരനുമായ പ്രകാശന്റെ മകള്‍ അശ്വതി (16) എന്നിവരെയാണ് ബുധനാഴ്ച ഉച്ച മുതല്‍ കാണാതായത്. പരീക്ഷയ്ക്കെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്നിറങ്ങിയത്. പരീക്ഷയ്ക്കെത്താത്തതിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ വീട്ടില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വിവരമറിയുന്നത്.

ഇരുവരുടെയും അവസാന ടവര്‍ ലൊക്കേഷന്‍ കോഴിക്കോട് ആണ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഫോണുകള്‍ സ്വിച്ച് ഓഫ് ആയത്. രണ്ട് പേരുടെയും മൊബൈലിലേക്ക് കാണാതാവുന്നതിന് മുമ്പ് മറ്റൊരു നമ്പറില്‍ നിന്ന് കോള്‍ വന്നിട്ടുണ്ട്. എടവണ്ണ സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നാണ് കോളുകള്‍ വന്നിരിക്കുന്നത്. എന്നാല്‍ ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്രയിലാണ് കാണിക്കുന്നത്.

അതിനിടെ പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സി.സി.ടി.വി ദൃശ്യങ്ങള്‍ റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. പരീക്ഷാ പേടി കൊണ്ടായിരിക്കില്ല മകള്‍ പോയതെന്നും അത്തരത്തിലുള്ള പേടി ഉണ്ടായിരുന്നില്ലെന്നും ഫാത്തിമ ഷഹദയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള പ്രത്യേക പരീക്ഷ സ്‌കൂളില്‍ നടക്കുന്നുണ്ടായിരുന്നു. ഈ പരീക്ഷയ്ക്കെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്നിറങ്ങിയത്. താനൂര്‍ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.