- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യുകെയിലാണെന്ന് കരുതി രക്ഷപ്പെടാമെന്ന് മോഹിക്കേണ്ട; തട്ടുകട ഉടമയെയും സംവിധായികയെയും പൂട്ടാന്‍ ഹൈക്കോടതി; കേന്ദ്ര ആഭ്യന്തര, വിദേശ മന്ത്രാലയങ്ങള്‍ക്ക് നോട്ടീസ്; ബിജു ഗോപിനാഥിനെ ലണ്ടനില്‍ നിന്ന് കെട്ടുകെട്ടിക്കാനുള്ള നീക്കം സജീവം; സിനിമയെ വെല്ലുന്ന 'തട്ടുകട' തട്ടിപ്പിന്റെ കുരുക്ക് മുറുകുന്നു!
സിനിമയെ വെല്ലുന്ന 'തട്ടുകട' തട്ടിപ്പിന്റെ കുരുക്ക് മുറുകുന്നു!

കൊച്ചി: യുകെയില്‍ മലയാളികള്‍ എത്തിയ കാലം മുതലേ കേട്ട് തുടങ്ങിയതാണ് പല വിധത്തില്‍ ഉള്ള സാമ്പത്തിക തട്ടിപ്പുകള്‍. യുകെ വിസയുടെ പേരില്‍ പണ്ടും തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെങ്കിലും കോവിഡിന് ശേഷം കെയര്‍ വിസകള്‍ ഒരു യോഗ്യതയും നോക്കാതെ അനുവദിച്ചു തുടങ്ങിയതോടയാണ് നൂറുകണക്കിന് തട്ടിപ്പുകാര്‍ ഒരേ സമയം രംഗത്ത് എത്തിയത്. തട്ടിപ്പ് നടത്തിയാല്‍ അനേക കോടികള്‍ കൈകളില്‍ എത്തും എന്നതിനാല്‍ ആ പണം മാന്യത നല്‍കും എന്ന ചിന്തയാണ് മിക്കവര്‍ക്കും പ്രചോദനമായത്. മാത്രമല്ല തട്ടിപ്പു കേസുകളില്‍ ശിക്ഷ നടപടികള്‍ ഉണ്ടാകില്ലെന്നും നടപടികള്‍ അനന്തമായി നീളും എന്നതുമൊക്കെ തട്ടിപ്പുകാര്‍ക്ക് ആവേശമായി മാറി. തട്ടിപ്പിനിരയായവര്‍ കൈ വയ്ക്കാന്‍ അധികം മിനക്കെടാറില്ല എന്ന ധൈര്യവും തട്ടിപ്പുകാര്‍ക്ക് വളമായി.
ഇതിനിടയില്‍ പലവിധ നിക്ഷേപ തട്ടിപ്പുകള്‍ക്കും യുകെ മലയാളികള്‍ സാക്ഷികളായി. പലപ്പോഴും ലക്ഷങ്ങളാണ് ഇത്തരം തട്ടിപ്പുകളില്‍ കൈമറിഞ്ഞിരുന്നതെങ്കില്‍ ഒന്നേകാല്‍ കോടി രൂപ കൈമാറിയ തട്ടിപ്പാണ് ഈസ്റ്റ് ഹാമിലെ തട്ടുകടയുടെ പേരില്‍ ഉയര്‍ന്ന ആരോപണ വിവാദത്തെ ശ്രദ്ധയമാക്കിയത്. ഒപ്പം തട്ടിപ്പില്‍ സിനിമ സംവിധായിക കേന്ദ്ര ബിന്ദു ആയതോടെ വാര്‍ത്തയുടെ രൂപവും ഭാവവും മാറി. ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളില്‍ വരെ തട്ടുകടയുടെ പേരില്‍ നടന്ന തട്ടിപ്പ് ഇടം പിടിക്കുക ആയിരുന്നു.മലയാളി ഭക്ഷണം
ബിജുവിനെയും നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ നീക്കം
നിര്‍ണായക നീക്കത്തില്‍ കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി യുകെയിലെ ഈസ്റ്റ് ഹാം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന തട്ടുകട റസ്റ്ററന്റിന്റെ മറവില്‍ നടന്ന നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രധാന പ്രതികളായ സിനിമ സംവിധായക കൂടിയായ ഹസീന സുനീര്‍, യുകെ മലയാളിയായ റെസ്റ്ററന്റ് ഉടമ ബിജു ഗോപിനാഥ് എന്നിവരെ കോടതിയില്‍ എത്തിക്കാന്‍ കേന്ദ്ര ആഭ്യന്തര, വിദേശ മന്ത്രാലയങ്ങള്‍ക്ക് നോട്ടീസ് നല്‍കി. വിദേശ മലയാളികള്‍ പ്രതികളാകുന്ന ഇത്തരം കേസുകള്‍ തീരുമാനം ആകാതെ, പ്രതികള്‍ വിദേശത്താണ് എന്ന് പോലീസ് നല്‍കുന്ന മറുപടിയില്‍ കാലങ്ങളോളം ഇഴയുക പതിവാണ്. എന്നാല്‍, ഈ കേസില്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ വാര്‍ത്തകളില്‍ നിറയുന്ന കേസിനാണ് ഇപ്പോള്‍ വഴിത്തിരിവ് സംഭവിക്കുന്നത്.
യുകെയില്‍ എത്തി നിശ്ചിത സമയത്തിനകം രാജ്യം വിട്ടിരിക്കണം എന്ന വ്യവസ്ഥ മൂലം മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ കയ്യില്‍ ഉണ്ടായിരുന്ന ഹസീന യുകെയില്‍ തുടരാനാകാത്ത സാഹചര്യത്തില്‍ ഇക്കഴിഞ്ഞ നവംബറില്‍ നാട്ടില്‍ എത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം നേടി ഹസീന പുറത്തിറങ്ങുക ആയിരുന്നു.
ഇതേതുടര്‍ന്ന് ഹസീനയെയും നിക്ഷേപ തട്ടിപ്പില്‍ പങ്കാളിയാണെന്നു വാദി ഭാഗം ചൂണ്ടികാട്ടുന്ന പ്രതി തട്ടുകട റസ്റ്ററന്റ് ഉടമ ബിജു ഗോപിനാഥിനെയും കോടതിയില്‍ ഹാജരാക്കണം എന്ന വാദി ഭാഗം ആവശ്യം അംഗീകരിച്ചാണ് ഇപ്പോള്‍ ഹൈക്കോടതി കേന്ദ്ര ആഭ്യന്തര, വിദേശ മന്ത്രാലയങ്ങള്‍ക്ക് നോട്ടീസ് കൈമാറിയിരിക്കുന്നത്. സാമ്പത്തിക - ക്രിമിനല്‍ കേസുകളില്‍ പ്രതികളെ കൈമാറാന്‍ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ധാരണയുള്ള സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ലണ്ടനിലെ ഹൈക്കമ്മിഷന്‍ സഹായത്തോടെ ബിജു ഗോപിനാഥിനെ ഹൈകോടതിക്ക് മുന്നില്‍ എത്തിക്കും എന്നാണ് വാദി ഭാഗം അഭിഭാഷകന്‍ കോടതി വിധി ചൂണ്ടിക്കാട്ടി അറിയിക്കുന്നത്. ഹൈക്കോടതി നോട്ടീസ് നിയമ നടപടികളുടെ ഭാഗമായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, എറണാകുളം - തിരുവനന്തപുരം ജില്ലാ പോലീസ് മേധാവികള്‍ എന്നിവര്‍ക്കും കൈമാറിയിട്ടുണ്ട്. ബെഡ്ഫോര്‍ഡില്‍ താമസിക്കുന്ന സുനില്‍ ജി ആര്‍ എന്ന മലയാളിയാണ് നിക്ഷേപ തട്ടിപ്പില്‍ കുടുങ്ങി എന്ന് കാണിച്ചു പരാതി നല്‍കി ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഏകദേശം ഒന്നേകാല്‍ കോടി രൂപയാണ് ഇയാള്‍ക്ക് നഷ്ടമായിരിക്കുന്നത്.
തട്ടുകട കേസില്‍ നിര്‍ണായക നീക്കങ്ങള്‍
തട്ടുകട കേസില്‍, ബിജുവിനും സ്പീഡ് പോസ്റ്റില്‍ കോടതി നോട്ടീസ് കൈമാറാനാണ് നിര്‍ദേശം. അങ്ങനെ സംഭവിച്ചാല്‍ യുകെയില്‍ നിന്നും കേരളത്തിലെ കോടതിയില്‍ ആദ്യമായി എത്തിക്കുന്ന പ്രതിയാകും ബിജു ഗോപിനാഥ് എന്നതും വലിയ വാര്‍ത്ത പ്രാധാന്യത്തിനു ഇടയാക്കും. ഇങ്ങനെ സംഭവിക്കുന്ന പക്ഷം നിലവില്‍ കോടതികളില്‍ നിലനില്‍ക്കുന്ന അനേകം സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതികളായിട്ടുള്ള - വിസ തട്ടിപ്പുകള്‍ അടക്കം - യുകെ മലയാളികളെ ഇന്ത്യന്‍ നിയമത്തിനു മുന്നില്‍ എത്തിക്കാനാകും എന്ന പ്രത്യേകതയും ഉരുത്തിരിയുകയാണ്. ഈ കേസിനെ തുടര്‍ന്നു സാമ്പത്തിക പ്രതിസന്ധിയിലായ തട്ടുകട ഇപ്പോഴും അടഞ്ഞുകിടക്കുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. യുകെ മലയാളികളുടെ ഐക്കണ്‍ എന്ന നിലയില്‍ പ്രശസ്തമായിരുന്ന റെസ്റ്ററന്റ് ആണ് ഇപ്പോള്‍ ഒരു വര്‍ഷത്തോളമായി അടഞ്ഞ നിലയില്‍ കിടക്കുന്നത്. താന്‍ ചതിക്കപ്പെടുകയായിരുന്നു എന്ന് മനസിലാക്കിയതോടെയാണ് സുനില്‍ ഏറെ പ്രതീക്ഷകളോടെ നിയമ നടപടികള്‍ക്ക് തയാറായത്.
തുടക്കത്തില്‍ താന്‍ പണം കൈപറ്റിയിട്ടില്ല എന്നാണ് ബിജു ഗോപിനാഥ് നിലപാട് എടുത്തിരുന്നതെങ്കില്‍ കോടതിയില്‍ അടക്കം ഹസീന വെളിപ്പെടുത്തുന്നത് പണം ബിജു ഗോപിനാഥ് നിര്‍ദേശിച്ച അകൗണ്ടുകളിലേക്ക് കൈമാറി എന്നാണ്. വാദിയായ സുനിലില്‍ നിന്നും കേരളത്തിലെ ബാങ്ക് അകൗണ്ട് മുഖേനെ പണം കൈപ്പറ്റിയതായി കോടതിയില്‍ സമ്മതിച്ച ഹസീന പണമൊക്ക യുകെ പൗരന്‍ ആയ ബിജു ഗോപിനാഥിന് കൈമാറി എന്നാണ് കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. ഇതോടെയാണ് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സഹായം ആവശ്യമായി വന്നിരിക്കുന്നത്. പണം ഒടുവില്‍ എവിടെ എത്തി എന്ന അന്വേഷണത്തിനു കേന്ദ്ര ഏജന്‍സികള്‍ കൂടി ഇടപെടേണ്ട സാഹചര്യവും ഉണ്ടെന്നു വാദി ഭാഗം വക്കീല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തില്‍ പല പോലീസ് സ്റ്റേഷനുകളിലും കോടതികളിലും കേസ് നേരിടുന്ന വ്യക്തിയാണ് ഹസീന എന്ന വിവരവും ഹൈക്കോടതിക്ക് മുന്‍പാകെ എത്തിക്കാന്‍ വാദി ഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. മറ്റൊരു കേസില്‍ രണ്ടര കോടി രൂപ പ്രവാസി മലയാളിക്ക് നഷ്ടമാകാന്‍ കാരണക്കാരിയും ഹസീനയാണെന്നു ഈ കേസിന്റെ നടപടികളുടെ ഭാഗമായി പുറത്തു വന്ന വിവരമാണ്. ഇതിടെയാണ് നാലു കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്ന വിവരവുമായി ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത എത്തിയത്. പ്രകാശന്റെ മെട്രോ എന്ന സിനിമ സംവിധാനം ചെയ്ത നിലയിലാണ് ഹസീനയുടെ പേര് സിനിമ വൃത്തങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത്.
എന്നാല്‍ നിക്ഷേപത്തിനായി വ്യാജ പാര്‍ട്ണര്‍ഷിപ് സമ്മത പത്രം തയാറാക്കി ഇടനിലക്കാരിയായ ഹസീന തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമായി മാറുക ആയിരുന്നു എന്നാണ് കോടതിയില്‍ എത്തിയ കേസില്‍ ഇപ്പോള്‍ പുറത്തു വരുന്ന പ്രധാന വിവരം. കേസില്‍ കേന്ദ്ര - കേരള സര്‍ക്കാരുകള്‍ക്ക് നോട്ടീസ് നല്‍കിയ കോടതി പ്രതികള്‍ക്ക് അടിയന്തര പ്രാധാന്യത്തോടെ സ്പീഡ് പോസ്റ്റില്‍ നോട്ടീസ് കൈമാറാന്‍ ആണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസില്‍ അനാവശ്യ കാലതാമസം ഉണ്ടാകാതിരിക്കാന്‍ കോടതി ആഗ്രഹിക്കുന്നു നിന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. സിവില്‍, ഭരണഘടനാ വിഷയങ്ങളില്‍ നിപുണനായ ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചിലാണ് ഈ കേസ് എത്തിയിരിക്കുന്നത് .അനേകമാളുകള്‍ മരിക്കാന്‍ ഇടയായ പുറ്റിങ്ങല്‍ തീ പിടുത്ത ദുരന്തത്തില്‍ ഹൈക്കോടതി ഇദ്ദേഹത്തിന്റെ സേവനമാണ് തേടിയിരുന്നത്.


