- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരോ ജീവന്റെയും ശാപം നിറഞ്ഞ നരക ഭൂമിയാണിത്, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇത് പുറംലോകത്തെ അറിയിക്കണം'; വേണു സുഹൃത്തിന് സന്ദേശം അയച്ചത് അധികൃതരുടെ അവഗണനയില്‍ മനംമടുത്ത്; അടിയന്തരമായി ആന്‍ജിയോഗ്രാമിന് നിര്‍ദേശിച്ചിട്ടും പരിശോധന സാധ്യമായില്ല; ഉന്നതര്‍ക്ക് വിളിപ്പുറത്ത് ചികിത്സയെത്തുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സാധാരക്കാരുടെ ജീവന് പുല്ലുവിലയോ?
'ഒരോ ജീവന്റെയും ശാപം നിറഞ്ഞ നരക ഭൂമിയാണിത്,
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കേളേജില്‍ രോഗികള്‍ക്ക് അടിയന്തരമായി ചികിത്സ എത്തിക്കുന്നതിന് സിസ്റ്റം തടസമാകുന്ന കാര്യം ചൂണ്ടിക്കാട്ടിയത് ഡോ.ഹാരിസ് ചിറയ്ക്കലാണ്. ഈ തുറന്നു പറച്ചിലിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ സംഘടിതമായി ആക്രമണം തന്നെ നേരിടേണ്ടി വന്നു. ഇതിന് മെഡിക്കല്‍ കോളേജിലെ തന്നെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ കൂട്ടുനില്‍ക്കുകയുണ്ടായി. ഹാരിസിനെ കുറ്റപ്പെടുത്താന്‍ വാര്‍ത്താസമ്മേളനം വിളിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്തത്. എന്നാല്‍, ഡോ. ഹാരിസ് ചൂണ്ടിക്കാട്ടിയ സിസ്റ്റം തകരാറാണ് കരുനാഗപ്പള്ളി സ്വദേശി വേണുവിന്റെ ജീവനെടുത്തത്.
മെഡിക്കല്‍ കോളേജില്‍ വെച്ച് ചികിത്സ ലഭിക്കാതെയാ പന്മന ഇടപ്പള്ളികോട്ട സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ കൊല്ലം കരുനാഗപ്പള്ളി പന്മന മനയില്‍ പൂജാ ഭവനില്‍ വേണു (48) ആണ് മരിച്ചത്. താന്‍ അനുഭവിച്ച ദുരന്തത്തെ വിവരിക്കുന്നതാണ് വേണു സുഹൃത്തിന് അയച്ച ശബ്ദസന്ദേശം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരുമാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് മരിക്കുന്നതിന് തൊട്ടു മുന്‍പ് വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. തനിക്ക് ചികിത്സ നിഷേധിച്ചുവെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.
ഒക്ടോബര്‍ 31ന് നെഞ്ചുവേദനയെ തുടര്‍ന്ന് കൊല്ലം ജില്ല ആശുപത്രിയില്‍ നിന്ന് അടിയന്തരമായി ആന്‍ജിയോഗ്രാമിന് വിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തെങ്കിലും അഞ്ച് ദിവസം മരുന്നും അത്യാവശ്യ ചികിത്സയും ലഭ്യമാക്കിയിരുന്നില്ല. ഇതാണ് മരണത്തിലേക്ക് നയിച്ചത്. അടിയന്തര ചികിത്സ ലഭിക്കാത്തതും വൈദ്യ സഹായം നിഷേധിച്ചതുമാണ് തന്റെ ഭര്‍ത്താവ് മരിക്കാന്‍ ഇടയായതെന്ന് കാണിച്ചു ഭാര്യ സിന്ധു മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും ഇമെയില്‍ മുഖേന പരാതി നല്‍കിയിട്ടുണ്ട്.
വേണു അവസാനമായി സുഹൃത്തിനയച്ച ശബ്ദ സന്ദേശവും ആശുപത്രിയില്‍ സാധാരണക്കാരായ രോഗികളെ അവഗണിക്കുന്നതിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. ആ സന്ദേശം ഇങ്ങനയാണ്:
'തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഭയങ്കര അഴിമതിയാണ്. നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നില്ലേ, ഒരു മനുഷ്യന്‍ ഹോസ്പിറ്റലില്‍ വന്ന് എന്തെങ്കിലും അറിയേണ്ട കാര്യങ്ങള്‍ ചോദിച്ചാല്‍ ആരും മറുപടി നല്‍കില്ല. യൂണിഫോമിട്ട് ആളുകളോടു കാര്യം ചോദിച്ചാല്‍ നായയെ നോക്കുന്ന കണ്ണു കൊണ്ടുപോലും നോക്കില്ല. പിന്നീട് പോലും ഒരു മറുപടി പറയില്ല. എല്ലായിടത്തും കൈക്കൂലിയാണ്. വെള്ളിയാഴ്ച രാത്രിയാണ് ഞാന്‍ എമര്‍ജന്‍സി ആന്‍ജിയോഗ്രാം ചെയ്യാന്‍ ഇവിടെ വന്നത്. കിട്ടുന്നതില്‍ വച്ച് ഏറ്റവും വേഗതയുള്ള ആംബുലന്‍സ് വിളിച്ചാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോന്നത്. അഞ്ച് ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയും ഇല്ല. എന്നോട് കാണിക്കുന്ന ഉദാസീനത എന്താണെന്നു മനസിലാകുന്നില്ല. എന്നെ പരിശോധിക്കാന്‍ വരുന്ന ഡോക്ടറോട് പലവട്ടം ചോദിച്ചു ചികിത്സ എപ്പോള്‍ നടക്കുമെന്ന്. അവര്‍ക്ക് ഒരറിവും ഇല്ല. ഇവര്‍ കൈക്കൂലി വാങ്ങിയാണ് ഇവര്‍ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് അറിയില്ല. ഒരു സാധാരണ കുടുംബത്തില്‍പെട്ട രണ്ടു പേര്‍ തിരുവനന്തപുരത്തു വന്ന് നില്‍ക്കണമെങ്കില്‍ എത്ര രൂപ ചെലവാകുമെന്ന് അറിയാമല്ലോ. സാധാരണക്കാര്‍ക്ക് ഏറ്റവും വലിയ ആശ്രയം ആകേണ്ട സര്‍ക്കാര്‍ ആതുരാലയം ശാപങ്ങളുടെ പറുദീസയാണ്. ഒരോ ജീവന്റെയും ശാപം നിറഞ്ഞിരിക്കുന്ന ഒരു നരകഭൂമി തന്നെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ്.
ഞാന്‍ അടിവില്ലിനകത്തു വീണു പോയി. ഒരു കാര്യം ഞാന്‍ പറയാം, എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍, എന്റെ ജീവന്‍വെച്ച് നിസാരമായിട്ട് കാര്യങ്ങള്‍ നടത്തിയ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണം. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എന്റെ വോയ്‌സ് റെക്കോര്‍ഡ് നീ പുറംലോകത്തെ അറിയിക്കണം'' - വേണുവിന്റെ ശബ്ദസന്ദേശത്തില്‍ പറയുന്നു.
ഏതു സാഹചര്യത്തിലാണ് ശബ്ദസന്ദേശമെന്ന് അറിയില്ല: കൈമലര്‍ത്തി മെഡിക്കല്‍ കോളജ് സൂപ്രണ്ട്
മഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊല്ലം സ്വദേശി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ജയചന്ദ്രന്‍ വാദിക്കുന്നത്. കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള ചികിത്സകളാണ് നല്‍കിയിരുന്നതെന്നും രോഗി ഏതു സാഹചര്യത്തിലാണ് ആശുപത്രിക്കെതിരെ ശബ്ദസന്ദേശം ഇട്ടതെന്ന് അറിയില്ലെന്നും സൂപ്രണ്ട് പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത അറിഞ്ഞതെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ജയചന്ദ്രന്‍ പറയുന്നു.
''ബന്ധപ്പെട്ട വിഭാഗങ്ങളില്‍ അന്വേഷിച്ചു. ഒന്നാം തീയതിയാണ് വേണു ആശുപത്രിയില്‍ എത്തിയത്. 24 മണിക്കൂറായി രോഗിക്ക് നെഞ്ചുവേദനയുണ്ടായിരുന്നു. മറ്റു പല രോഗങ്ങളും ഉണ്ടായിരുന്നു. ചെസ്റ്റ് പെയിന്‍ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ കണ്ട ശേഷം മെഡിസിന്‍ വിഭാഗത്തിലാണ് അഡ്മിറ്റ് ചെയ്തത്. ആന്‍ജിയോഗ്രാം ചെയ്യേണ്ട സമയം കഴിഞ്ഞിരുന്നു. ക്രിയാറ്റിന്റെ അളവ് കൂടുതലായിരുന്നു. കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള ചികിത്സകളും മരുന്നുകളുമാണ് നല്‍കിയിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് രോഗിക്ക് ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ഐസിയുവിലേക്കു മാറ്റുകയും വെന്റിലേറ്റര്‍ സഹായം നല്‍കുകയും ചെയ്തു.
രാത്രിയാണ് മരണം സംഭവിച്ചത്. ഏതു സാഹചര്യത്തിലാണ് രോഗി മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ശബ്ദസന്ദേശം അയച്ചതെന്ന് അറിയില്ല. വിവരം ശ്രദ്ധയില്‍പെട്ടിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ഇടപെടുമായിരുന്നു. ബന്ധുക്കള്‍ ആരും പരാതി നല്‍കിയിട്ടില്ല'' ഡോ. ജയചന്ദ്രന്‍ പറഞ്ഞു. അതേസമയം മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ ഉന്നതര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കാറുണ്ടെന്നും എന്നാല്‍ സാധാരണക്കാരുടെ അവസ്ഥ മറിച്ചാണെന്നുമാണ് ഉയരുന്ന ആരോപണം. അതേസമയം സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.




