തൊടുപുഴ: ചുങ്കം സ്വദേശിയായ കാറ്ററിംഗ് കമ്പനി മുന്‍ ഉടമ ബിജു ജോസഫിന്റെ കേസ് തെളിഞ്ഞത് കാപ്പ കേസില്‍ പറവൂര്‍ സ്വദേശി അറസ്റ്റിലായതോടെ. പിടിയിലായ പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത പണം എവിടെ നിന്നും എത്തിയെന്ന അന്വേഷണത്തിലൊടുവിലാണ് കൊലപാതകത്തിലേക്ക് എത്തിയത്. പറവൂര്‍ വടക്കേക്കര കുഞ്ഞിത്തൈ സ്വദേശി ആഷിക്കി (27)നെയാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്.

ആഷിക്ക് നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്. കയ്യിലുണ്ടായിരുന്ന പണം നല്‍കിയത് ജോമോനാണെന്ന് പറഞ്ഞപ്പോള്‍ എന്തിന് നല്‍കിയെന്ന അന്വേഷണം ട്വിസ്റ്റായി. ജോമോന്‍ കൂടി കസ്റ്റഡിയിലായതോടെ പണം ബിജു ജോസഫിനെ കൊല്ലാന്‍ നല്‍കിയ ക്വട്ടേഷന്‍ തുകയാണെന്ന് തെളിഞ്ഞു. ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ കൂടി പൊലീസ് ഉടന്‍ പിടികൂടി.

അതേ സമയത്ത് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ ബിജുവിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബവുമെത്തി. ജോമോന്റെ മൊഴിയും ബിജു ജോസഫിന്റെ ഭാര്യയുടെ പരാതിയും ചേര്‍ത്തുവായിച്ചതോടെയാണ് കൊലപാതക കുറ്റം തെളിഞ്ഞത്. ഒരാളെ കാറില്‍ തട്ടിക്കൊണ്ടുപോകുന്നത് കണ്ടുവെന്ന ദൃക്‌സാക്ഷി മൊഴിയും തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് ലഭിച്ച ബിജുവിന്റെ ചെരുപ്പും, പേഴ്‌സും നിര്‍ണായകമായി. കാറ്ററിങ് ബിസിനസ് നടത്തിയിരുന്ന ബിജു അടുത്തിടെയാണ് ആംബുലന്‍സ് സര്‍വീസ് ബിസിനസിലേക്ക് മാറിയത്. ഭാര്യയും മൂന്ന് പെണ്‍മക്കളും അടങ്ങുന്നതാണ് കുടുംബം. ഇളയ മകള്‍ നാലാം ക്ലാസിലാണ്.

ബിജുവുമായി പ്രശ്‌നമുള്ളവരുടെ പേരുകള്‍ കുടുംബം നല്‍കിയതില്‍ മുന്‍ ബിസിനസ് പങ്കാളിയായ ജോമോന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍ കാപ്പ കേസ് ചുമത്താന്‍ തക്ക കുറ്റങ്ങള്‍ ചെയ്തിട്ടുള്ള ആഷിക്ക് എന്തിനാണ് ബിജുവിനെ കാണാതായ ദിവസങ്ങളില്‍ തൊടുപുഴയില്‍ വന്നതെന്ന സംശയം പൊലീസിനുണ്ടായി. തുടര്‍ന്ന് ഇയാളില്‍ നിന്ന് പൊലീസ് ശേഖരിച്ച വിവരമാണ് എല്ലാം തെളിയാന്‍ ഇടവരുത്തിയത്. ആഷിക്കിനു പുറമെ പ്രതികളായ മുഹമ്മദ് അസ്ലം, ജോമിന്‍ എന്നിവര്‍ കസ്റ്റഡിയിലാണ്. ക്വട്ടേഷന്‍ സംഘത്തെ ജോമോന് പരിചയപ്പെടുത്തിയത് ജോമിനാണ്. കണ്ണൂരില്‍ നിന്നുള്ള ആംബുലന്‍സ് ഡ്രൈവറാണ് ജോമിന്‍.

ആറു ലക്ഷം രൂപയ്ക്കാണ് ജോമോന്‍ ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് എന്നും മുന്‍കൂറായി 10,000 രൂപ നല്‍കിയിരുന്നു എന്നുമാണ് വിവരം.ജോമോന്‍ മറ്റ് പ്രതികള്‍ക്ക് ഗൂഗിള്‍ പേ വഴി പണം നല്‍കിയതിന് തെളിവുണ്ടെന്നും ഇടുക്കി എസ്.പി ടി.കെ.വിഷ്ണു പ്രദീപ് പറഞ്ഞു.

രാവിലെ നടക്കാനിറങ്ങിയ ബിജുവിനെ ജോമോനും സംഘവും ചേര്‍ന്ന് വാഹനത്തിലേക്ക് പിടിച്ചു കയറ്റിയെന്നും എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തില്‍ ചവിട്ടിപ്പിടിച്ചു എന്നുമാണ് പ്രതികളുടെ പ്രാഥമിക മൊഴി. കലയന്താനി ചെത്തിമറ്റത്തുള്ള ഗോഡൗണില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു എന്നും തുടര്‍ന്ന് മാന്‍ഹോളിലിട്ട് മൂടുകയായിരുന്നു എന്നുമാണ് വിവരം.

സംഭവം ഇങ്ങനെ:

കാലങ്ങളായി പങ്കാളികളായിരുന്നു ബിജുവും ജോമോനും. തൊടുപുഴ, ഉപ്പുതറ, തൊടുപുഴ ഡിവൈഎസ്പി ഓഫിസ് എന്നിവിടങ്ങളില്‍ പരാതികളും നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് ബിജുവില്‍ നിന്ന് പണം തിരികെ വാങ്ങാന്‍ ജോമോന്‍ ക്വട്ടേഷന്‍ നല്‍കുന്നത്. പരിചയക്കാരനായ ബിബിന്‍, വിപിന്‍ മുഹമ്മദ് അസലം, ആഷിക്ക് എന്നിവരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച എത്തിയ ഇവര്‍ ബിജുവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ശബ്ദം കേട്ട നാട്ടുകാര്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചിരുന്നു. മരണം സംഭവിച്ചതിനെ തുടര്‍ന്ന് കലയന്താനിയിലെ ഗോഡൗണിലെത്തിച്ച് ബിജുവിന്റെ മൃതദേഹം മാന്‍ ഹോളിന് ഉള്ളിലേക്ക് തള്ളിയിടുകയായിരുന്നു

വൈകുന്നേരത്തോടെ, മൃതദേഹം കലയന്താനിയിലെ മാന്‍ഹോളില്‍നിന്നു പുറത്തെടുത്തു. ഭിത്തിയടക്കം തുരന്നു പുറത്തെടുത്ത മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മാറ്റി. ബിജുവിനെ കൊന്നു കലയന്താനിയിലെ ഗോഡൗണില്‍ കുഴിച്ചുമൂടി എന്നായിരുന്നു പ്രതികളുടെ മൊഴി. ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളുന്ന മാലിന്യ സംസ്‌കരണ കുഴിയിലേക്ക് പോകുന്ന മാന്‍ഹോളിലായിരുന്നു മൃതദേഹം. ശരീരത്തിനു മുകളില്‍ മാലിന്യങ്ങള്‍ തള്ളിയ നിലയിലായിരുന്നു. മൃതദേഹം മാന്‍ഹോളില്‍ നിന്ന് പുറത്തെത്തിക്കുന്നത് ശ്രമകരമായിരുന്നു. മാന്‍ഹോളിന്റെ മറുവശത്തെ കോണ്‍ക്രീറ്റ് പൊട്ടിച്ച് വിസ്താരം വര്‍ധിപ്പിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ഇന്നലെ വൈകിട്ട് തൊടുപുഴ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്വട്ടേഷന്‍ സംഘത്തെ പിടികൂടിയത്.