ചേര്‍ത്തല: സഹായിച്ചതിന് പകരമായി മദ്യപിക്കാന്‍ പണം നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ ചേര്‍ത്തലയിലാണ് സംഭവം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ മാരാരിക്കുളം വടക്ക് ജിക്കുഭവനത്തില്‍ ആദിത്ത് (28), മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ പാവനാട് കോളനിയില്‍ ദീപുമോന്‍ (30), മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ നടുവിലെവീട് ജോമോന്‍ (27) എന്നിവരെയാണ് അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

മൂവരുടേയും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മാരാരിക്കുളം വടക്കുപഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ പറമ്പുകാട് മറ്റംവീട് രാജേഷ് കുമാര്‍ (39) ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സെപ്റ്റംബര്‍ 8ന് രാത്രി 9 മണിയോടെയാണ് മൂന്നംഗ സംഘം രാജേഷ് കുമാറിനെ ആക്രമിച്ചത്. കണിച്ചുകുളങ്ങരയിലെ കരപ്പുറം ബാറിന് സമീപം വെച്ചാണ് ഇവര്‍ അക്രമം നടത്തിയത്. ഹെല്‍മറ്റും കല്ലും ഉപയോഗിച്ചുള്ള ആക്രമത്തില്‍ രാജേഷ് കുമാറിന്റെ വാരിയെല്ലുകള്‍ക്കും തലയോട്ടിക്കും പൊട്ടലുണ്ടായി.

രാജേഷിനെ ആദിത്ത് സഹായിച്ചതുമായി ബന്ധപ്പെട്ട പ്രതിഫലം നല്‍കിയില്ലെന്നും മദ്യപിക്കാന്‍ പണം നല്‍കണമെന്നും പറഞ്ഞാണ് അക്രമം നടത്തിയത്. കണിച്ചുകുളങ്ങരയിലെ കരപ്പുറം ബാറിന് സമീപത്ത് വച്ച് മൂന്ന് പ്രതികളും ചേര്‍ന്ന് രാജേഷിന്റെ ബൈക്ക് തടഞ്ഞു നിര്‍ത്തുകയും മദ്യപിക്കുന്നതിന് പണം ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കാത്തതിനെ തുടര്‍ന്ന് പ്രകോപിതരായ മൂവരും ചേര്‍ന്ന് രാജേഷിനെ മര്‍ദ്ദിക്കുകയായിരുന്നു.

അക്രമത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ അര്‍ത്തുങ്കല്‍ സിഐ പി ജി മധു, എസ്‌ഐ സജീവ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സേവ്യര്‍, കെ ആര്‍ ബൈജു, ഗിരീഷ്, അരുണ്‍, പ്രവിഷ്, ജിതിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.