- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളെ ആകര്‍ഷിക്കുന്നതിനായി മെത്താംഫെറ്റാമൈനില്‍ രുചിയും നിറവും ചേര്‍ക്കുന്നുണ്ടെന്നുമായിരുന്നു സന്ദേശം ആദ്യം എത്തിയത് 2007ല്‍; 2025 ആയപ്പോഴേക്കും ആ വാര്‍ത്ത മട്ടാഞ്ചേരിയിലും എത്തി; 'സ്ട്രോബെറി കിക്ക് ' യാഥാര്‍ത്ഥ്യമോ? നെടുമങ്ങാട്ടെ മിഠായിയില്‍ ലഹരി; പാഴ്‌സല്‍ കവറിലെത്തിയത് 105 മിഠായികള്‍; ആശങ്ക കൂട്ടി തിരുവനന്തപുരത്ത് മൂന്ന് പേര് അറസ്റ്റിലാകുമ്പോള്‍
തിരുവനന്തപുരം: കുട്ടികളെ ആകര്‍ഷിക്കുന്നതിനായി മെത്താംഫെറ്റാമൈനില്‍ രുചിയും നിറവും ചേര്‍ക്കുന്നുണ്ടെന്നുമായിരുന്നു സന്ദേശം ആദ്യം എത്തിയത് 2007ലാണ്. 2025 ആയപ്പോഴേക്കും ആ വാര്‍ത്ത കേരളത്തിലെ സകലമാന സ്ഥലങ്ങളിലും എത്തി. പൊട്ടിത്തെറിക്കുന്ന മിഠായി രൂപത്തില്‍ സ്‌കൂള്‍ പരിസരങ്ങളില്‍ പുതിയ മയക്കുമരുന്ന് എത്തുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 'സ്ട്രോബെറി കിക്ക് ' എന്നാണ് ആ മിഠായികള്‍ക്ക് പേര് നല്‍കിയിരുന്നത്. ഈ മിഠായി എക്സൈസിനോ പോലീസിനോ കണ്ടെത്താനായിട്ടില്ല. പക്ഷേ മട്ടാഞ്ചേരി പോലുള്ള സ്ഥലങ്ങളില്‍ ഇത്തരം മിഠായികള്‍ വില്‍ക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോള്‍ നെടുമങ്ങാട്ട് നിന്നും അത്തരത്തിലൊരു വാര്‍ത്തയാണ് കേള്‍ക്കുന്നത്. നെടുമാങ്ങാട്ടെ മിഠായിയിലും ലഹരി കണ്ടെത്തിയിരിക്കുകയാണ്. പാഴ്‌സലായി കവറില്‍ എത്തിയത് 105 മിഠായികള്‍. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട് സ്വദേശികളായ പ്രശാന്ത് (32), ഗണേഷ് (32), മാര്‍ഗ്ഗ ( 22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡാന്‍സഫ് ( ഡിസ്ട്രിക് ആന്റി നെര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ്) ഇവരെ പിടികൂടിയത്. സ്ഥലം റൂറല്‍ എസിപിക്കാണ് വിവരം ലഭിച്ചത്.
വട്ടപ്പാറയിലെ സ്വകാര്യ ബോയ്‌സ് ഹോസ്റ്റലില്‍ അഡ്രസിലാണ് പാഴ്‌സല്‍ എത്തുന്നത്. ഇത് വാങ്ങിയ 3 പേരെയാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് ഇവരെ പിടികൂടുന്നത്.105 മിഠായികള്‍ പാഴ്‌സല്‍ -കവറില്‍ ഉണ്ടായിരുന്നു. ഈ മിഠായിയില്‍ ടെട്രാഹൈഡ്രോകന്നാബിനോള്‍ എന്ന ലഹരി വസ്തു ഉണ്ടെന്ന് പോലീസ് പറയുന്നു. കറുത്ത കളറിലാണ് ഈ മിഠായി എത്തിയത്.
സ്‌കൂള്‍, കോളെജ്, ട്യൂഷന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. അതോടൊപ്പം പഴ്‌സല്‍ സര്‍വ്വീസുകളും പോലീസ് നിരീക്ഷണത്തിലാണ്. ബോയ്‌സ് ഹോസ്റ്റലിലെ സമീപത്തെ വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ഇവര്‍ ടൈല്‍ ജോലിക്കാരാണ്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
അതേസമയം, ലഹരി അടങ്ങിയ മിഠായി സഹപാഠികള്‍ക്ക് വിറ്റ കോളജ് വിദ്യര്‍ഥിളെ പോലീസ് പിടികൂടി. ബത്തേരിയിലാണ് സംഭവം. രണ്ട് കുട്ടികളാണ് പിടിയിലായത്. ഇവര്‍ സഹപാഠികള്‍ക്ക് നല്‍കിയ മിഠായിയില്‍ കഞ്ചാവിന്റെ അംശം ഉണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. സംശയകരമായി ഇവര്‍ വഴിയില്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ട് പരിശോധക്കുമ്പോഴാണ് കഞ്ചാവ് മിഠായികള്‍ പിടിച്ചെടുത്തത്.
മിഠായിയുടെ ഉറവിടം അന്വേഷിച്ച പൊലീസ് അതേ കോളജിലെ വിദ്യാര്‍ഥികള്‍ വില്‍പന നടത്തിയതാണെന്നു കണ്ടെത്തി. വിദ്യാര്‍ഥികളെ ചോദ്യം ചെയ്തപ്പോഴാണ് മിഠായികള്‍ ഓണ്‍ലൈന്‍ വഴി വരുത്തിയതാണെന്നും ഒന്നിന് 30 രൂപ തോതിലാണ് വില്‍ക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞത്.കഴിഞ്ഞ 3 മാസമായി ഇത്തരത്തില്‍ മിഠായി വില്‍ക്കുന്നുണ്ടെന്നാണ് പിടിയിലായവര്‍ പറഞ്ഞത്.ഒരു പായ്ക്കറ്റില്‍ 40 മിഠായികളാണ് ഉള്ളത്. കഞ്ചാവിന്റെ അംശമടങ്ങിയ മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങാമെന്നത് സമൂഹമാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
പാന്‍ മസാലയില്‍ ഉപയോഗിക്കുന്ന ലഹരി വസ്തുക്കള്‍ ചേര്‍ത്ത മിഠായികളും വിപണിയിലുണ്ട്. കുറഞ്ഞ പൈസയ്ക്ക് ലഭിക്കുമെന്നുള്ളതുകൊണ്ട് കുട്ടികള്‍ വ്യാപകമായി ഇത് ഉപയോഗിക്കുകയാണ്. നൈട്രോസിപാം, സ്പാസ്മോ പ്രോക്സിയോണ്‍ എന്നീ ഗുളികകളും ടെന്റസോസിന്‍ ഇഞ്ചക്ഷനുമെല്ലാം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപിക്കുന്നുണ്ട്. മൈസൂര്‍, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ഇത്തരം മരുന്നുകള്‍ സംസ്ഥാനത്തേക്ക് എത്തിക്കുന്നത്.