- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ വൃക്ക മാറ്റിവച്ച ലോകത്തെ മൂന്നാമത്തെ സര്‍ജന്‍; മസ്തിഷ്ക മരണം സംഭവിച്ചയാളില്‍ നിന്നുള്ള വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സംസ്ഥാനത്ത് ആദ്യമായി നടത്തിയ ഡോക്ടര്‍; മൂത്രനാളിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അഗ്രഗണ്യന്‍; ആത്മഹത്യക്ക് പ്രേരിപ്പിച്ചത് ഡോക്ടറുടെ 'കൈവിറയല്‍'; ഡോ.ജോര്‍ജ് പി.ഏബ്രഹാം ജീവനൊടുക്കിയത് എന്തിന്?
കൊച്ചി: വി.പി.എസ് ലേക്ഷോര്‍ ആശുപത്രി യൂറോളജി ആന്‍ഡ് റീനല്‍ ട്രാന്‍സ്പ്ലാന്റ് തലവനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായിരുന്ന ഡോ. ജോര്‍ജ് പി. എബ്രഹാമിന്റെ ആത്മഹത്യയല്‍ പോലീസിന് മുന്നില്‍ ദുരൂഹതാ സംശയമൊന്നുമില്ല. രാജ്യത്തെ അതിപ്രശസ്ത വൃക്കരോഗ ചികിത്സാ വിദഗ്ധനായിരുന്നു ഡോ. ജോര്‍ജ് പി. എബ്രഹാം. ഏതായാലും അത്മഹത്യ ചെയ്താണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്തുവെന്ന് തെളിയിക്കുന്ന സിസിടിവി അടക്കം പോലീസിന് കിട്ടിയിട്ടുണ്ട്. ഏതായാലും ഇതിന് അപ്പുറത്തേക്ക് അന്വേഷണം കടക്കാന്‍ സാധ്യതയില്ല. വൃക്ക കച്ചവടവുമായി ബന്ധപ്പെട്ട് പല കേസുകളും സജീവമാണ്. ഇതില്‍ പലതും സിബിഐ പോലും അന്വേഷിക്കുന്നുണ്ട്. ഇതുമായി ജോര്‍ജ് പി എബ്രഹാമിന്റെ ആത്മഹത്യയ്ക്ക് ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. ജോലിക്കിടയിലെ സമ്മര്‍ദം ഒഴിവാക്കാനാണ് അദ്ദേഹം നെടുമ്പാശ്ശേരിക്കടുത്ത ഫാം ഹൗസിലേക്ക് ഇടക്ക് പോയിക്കൊണ്ടിരുന്നത്. ഇവിടെയാണ് ആത്മഹത്യ ചെയ്തതും.
തനിക്കിനിയും പഴയതുപോലെ ഈ രംഗത്ത് മികവു തെളിയിക്കാനാവില്ലെന്ന തോന്നലാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കൈയ്ക്ക് വിറയലുണ്ടെന്നും അതുകൊണ്ട് തന്നെ കത്തി പിടിക്കാന്‍ പോലും കഴിയുന്നില്ലെന്നുമെല്ലാം പറയുന്നുണ്ട്. ഇനി സര്‍ജറി ചെയ്യാന്‍ കഴിയില്ലെന്ന മാനസികാവസ്ഥയില്‍ എടുത്ത ആത്മഹത്യാ തീരുമാനമായിട്ടാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. ജോര്‍ജ് പി അബ്രഹാം 2,500 ഓളം ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് സഹോദരനൊപ്പമാണ് ഫാം ഹൗസിലെത്തിയത്. പിന്നീട് സഹോദരന്‍ മടങ്ങി. രാത്രി വൈകി മരിച്ച നിലയില്‍ ഡോക്ടറെ കണ്ടെത്തുകയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ് ഡോക്ടര്‍ ജോര്‍ജ് പി എബ്രഹാം.
ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നു , ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല. പോക്കറ്റില്‍ നിന്നും പൊലീസ് കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്. ആറുമാസം മുമ്പ് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനുശേഷം കൈക്ക് വിറയല്‍ അനുഭവപ്പെട്ടു തുടങ്ങി. സര്‍ജന്‍ എന്ന നിലയില്‍ ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ ജോലിയെ ബാധിച്ചത് മാനസികമായി ഡോക്ടറെ തളര്‍ത്തി എന്നാണ് കുടുംബവും പറയുന്നത്. സങ്കീര്‍ണമായ മൂത്രാശയ സംബന്ധമായ രോഗങ്ങള്‍പോലും ശസ്ത്രക്രിയയിലൂടെ മാറ്റിയെടുക്കുന്നതില്‍ മിടുക്കനായിരുന്നു. പ്രഫഷനല്‍ രംഗത്തെ മികവ് മാത്രമല്ല, രോഗികളോടുള്ള സൗമ്യമായ പെരുമാറ്റവും സ്‌നേഹാര്‍ദ്രമായ ഇടപെടലും ജനകീയനാക്കിയ ഡോക്ടറാണ് ഇദ്ദേഹം. ജീവനുള്ള ദാതാവില്‍നിന്ന് ലാപറോസ്‌കോപിക് ശസ്ത്രക്രിയയിലൂടെ വൃക്ക മാറ്റിവെച്ച ലോകത്തെ മൂന്നാമത്തെ ഡോക്ടറാണ് ഇദ്ദേഹം.
സംസ്ഥാനത്തെ ആദ്യ കഡാവര്‍ ട്രാന്‍സ് പ്ലാന്റും വൃക്കയിലെ കല്ലുകള്‍ നീക്കാനുള്ള മിനിമലി ഇന്‍വേസിവ് ശസ്ത്രക്രിയയായ പി.സി.എന്‍.എല്ലും ലാപ് ഡോണര്‍ നെഫ്രെക്ടമി ത്രിഡി ലാപറോസ്‌കോപിയും ചെയ്തത് ഡോ. ജോര്‍ജ് ആയിരുന്നു. കേരളത്തിലെ എന്‍ഡോ യൂറോളജിക്കല്‍ പ്രക്രിയകളിലെ പ്രധാനിയായിരുന്നു. പതിനായിരത്തിനടുത്ത് ലാപറോസ്‌കോപിക് യൂറോളജിക്കല്‍ ശസ്ത്രക്രിയക്കും നേതൃത്വം നല്‍കി. ചികിത്സാരംഗത്തെ മികവിന് നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും തേടിയെത്തി. ഭാരത് ചികിത്സക് രത്തന്‍ അവാര്‍ഡ്, ഭാരത് വികാസ് രത്‌ന അവാര്‍ഡ്, യൂറോളജി രംഗത്തെ മികവിന് ലൈഫ്‌ടൈം ഹെല്‍ത്ത് അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങിയവ ഇതില്‍ ചിലതാണ്. ചികിത്സാ തിരക്കുകള്‍ക്കിടെ അധ്യാപനത്തിനും സമയം കണ്ടെത്തിയിരുന്നു. രാജ്യത്ത് ആദ്യമായി ത്രീഡി ലാപറോസ്‌കോപിക് യൂറോളജി ശില്‍പശാലയും സംഘടിപ്പിച്ചു.
ഡോ.ജോര്‍ജ് പി.ഏബ്രഹാം വിട പറഞ്ഞത് രാജ്യത്തെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിദഗ്ധര്‍ക്കായി നടത്താനിരുന്ന രാജ്യാന്തര സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ക്കിടെയാണ്. യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ മേയില്‍ കൊച്ചിയില്‍ നടത്താനിരുന്ന സമ്മേളനം 'കെടികോണിന്റെ' സംഘാടക സമിതി രക്ഷാധികാരിയായിരുന്നു ഡോ. ജോര്‍ജ്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അവയവമാറ്റ ശസ്ത്രക്രിയയുടെ തുടക്ക കാലത്ത് അദ്ദേഹം വലിയ പങ്കുവഹിച്ചു. പിന്നീട് പിവിഎസ് ആശുപത്രിയിലും പ്രവര്‍ത്തിച്ചു. അതിനു ശേഷമാണു ലേക്ഷോര്‍ ആശുപത്രിയില്‍ യൂറോളജി വിഭാഗം മേധാവിയാകുന്നത്. ഇതിനൊപ്പം വി.ജി. സറഫ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന്റെയും ഭാഗമായി.വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കു പുറമേ മൂത്രാശയ കല്ലുകള്‍ നീക്കാനുള്ള 8,500 ശസ്ത്രക്രിയകളും, പ്രോസ്റ്റേറ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള 12,000 ശസ്ത്രക്രിയകളും അദ്ദേഹം നടത്തിയിട്ടുണ്ട്.
ശരീരത്തില്‍ ചെറിയ മുറിവുകള്‍ മാത്രമുണ്ടാക്കി (എന്‍ഡോയൂറോളജിക്കല്‍ പ്രൊസീജിയര്‍) മൂത്രനാളിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അഗ്രഗണ്യനായിരുന്നു ഡോക്ടര്‍. ഇത്തരത്തിലുള്ള 15,000 ശസ്ത്രക്രിയകളാണു ഡോക്ടര്‍ നടത്തിയിട്ടുള്ളത്. മൂത്രാശയ, വൃക്ക സംബന്ധമായ അസുഖങ്ങളുളള രോഗികള്‍ക്കു ഡോ. ജോര്‍ജ് പി. ഏബ്രഹാമിന്റെ വിയോഗം തീരാ നഷ്ടമാണെന്നു ലേക്ഷോര്‍ ആശുപത്രി മാനേജിങ് ഡയറക്ടര്‍ എസ്.കെ. അബ്ദുല്ല പറഞ്ഞു. ശസ്ത്രക്രിയ രംഗത്തെ പ്രാഗത്ഭ്യത്തിനൊപ്പം രോഗികളോടുള്ള പ്രതിബദ്ധതയും എടുത്തു പറയേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയില്‍ വൃക്കരോഗ ചികിത്സയില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്കു തുടക്കമിട്ട സര്‍ജനാണു ഡോ. ജോര്‍ജ് പി. ഏബ്രഹാമെന്നു മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ കണ്‍സല്‍റ്റന്റ് നെഫ്രോളജിസ്റ്റ് ഡോ. മാമ്മന്‍ എം. ജോണ്‍ പറഞ്ഞു.