കോഴിക്കോട്: എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ ദുരൂഹത. വടകര വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെയാണ് പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിങ്കളാഴ്ച രാത്രിയോടെ മഹേഷും സുഹൃത്തും കുറിഞ്ഞാലിയോട് സ്വദേശിയുമായ നിധീഷും ചേര്‍ന്ന് മദ്യപിച്ചിരുന്നു. ആ സമയത്ത് മഹേഷ് കൊണ്ടു വന്ന ബീഫ് വിഭവം നിധീഷ് കഴിക്കുകയും ചെയ്തു.

താന്‍ ബീഫില്‍ എലിവിഷം ചേര്‍ത്തിട്ടുണ്ടെന്ന് മഹേഷ് പറഞ്ഞെങ്കിലും തമാശയാകുമെന്ന് കരുതി നിധീഷ് ബീഫ് കഴിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് നിധീഷിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിധീഷിന്റെ പരാതിയിലാണ് വടകര പോലീസ് കേസെടുത്തത്.

ഭക്ഷണാവശിഷ്ടം പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. നിലവില്‍ നിധീഷ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് പേര്‍ മാത്രമാണ് മദ്യപിച്ചത് എന്നാണു പരാതിയില്‍ ഉള്ളത്. എന്നാല്‍ ആറുപേര്‍ ആണ് മദ്യപിച്ചത് എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. മദ്യപാനം തീരുമ്പോഴാണ് നിധീഷ് എത്തിയത്. മദ്യപിക്കുമ്പോള്‍ ബീഫ് ഉണ്ടായിരുന്നില്ല. പഴങ്ങള്‍ ആണ് മദ്യത്തിനൊപ്പം ഉണ്ടായിരുന്നത്.