തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ കൂട്ടക്കൊല നടത്തിയ പ്രതി അഫാന്‍ ആദ്യം വെട്ടിക്കൊലപ്പെടുത്തിയത് പാങ്ങോട്ടുള്ള വീട്ടിലെത്തി മുത്തശ്ശി സല്‍മാ ബീവിയെ (88). സാമ്പത്തിക പ്രയാസം തീര്‍ക്കാന്‍ സ്വര്‍ണമാല ചോദിച്ചിട്ട് കൊടുക്കാതിരുന്നതാണ് അഫാനെ പ്രകോപിപ്പിച്ചത്. ഇതോടെ, ഇയാള്‍ സല്‍മാ ബീവിയുടെ മാല പിടിച്ചുവാങ്ങിയ ശേഷം ആ മാല വിറ്റ പണം കൊണ്ട് ബൈക്കിന് പെട്രോള്‍ അടിക്കുകയും മറ്റു ചെയ്തതായി പറയുന്നു. പിന്നീട് വല്യച്ഛന്റെ( പിതൃസഹോദരന്‍) വീട്ടിലെത്തി. കടം ചോദിച്ചിട്ട് കൊടുക്കാതിരുന്ന ലത്തീഫിനോട് അഥാന് വിരോധമുണ്ടായിരുന്നു. അതിന്റെ പേരിലാണ് വല്യച്ഛന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊന്നതെന്ന് പറയുന്നു. ഒടുവില്‍ സ്വന്തം വീട്ടിലെത്തി 9ാം ക്ലാസുകാരനായ അനിയനെയും കാമുകിയെയും അമ്മയെയും വെട്ടി. വെട്ടേറ്റ അനിയനും കാമുകിയും തല്‍ക്ഷണം മരിച്ചു. 2 മണിക്കൂറിനുള്ളില്‍ 3 വീടുകളിലെത്തിയാണ് പ്രതി 5 പേരെ വെട്ടിക്കൊന്നത്.

വിദേശത്തെ സ്‌പെയര്‍ പാര്‍ട്ട്‌സ് കട പൊളിഞ്ഞ വലിയ സാമ്പത്തിക ബാധ്യത താങ്ങാനാവാതെയെന്നാണ് പ്രതിയുടെ മൊഴി. നാട്ടിലടക്കം പലരില്‍ നിന്നായി വന്‍ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടി കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. എലി വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമല്ല.

പിതാവിന്റെ കൂടെ വിദേശത്തായിരുന്നു പ്രതി. വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോയി തിരിച്ചു വന്നതാണ്. അമ്മ ഷമീന കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ്. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട അനുജന്‍ അഹസാന്‍. റിട്ടയേര്‍ഡ് സി ആര്‍ പി എഫ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ലത്തീഫ്.

നാലുപേരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. രണ്ടുപേരെ വെട്ടുകയായിരുന്നു. വേട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ അമ്മ ആശുപത്രിയിലാണ്. സ്വന്തം വീട്ടിലും കിലോമീറ്ററുകള്‍ സഞ്ചരിച്ചുമാണ് അഫാന്‍ കൊലപാതകം നടത്തിയത്. പുല്ലംപാറ, പാങ്ങോട്, ചുള്ളാളം എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലായിട്ടാണ് ഇരുപത്തിമൂന്നുകാരന്‍ കൊലപാതകം നടത്തിയത്.

പുല്ലംപാറയില്‍നിന്ന് 29 കിലോമീറ്ററോളം സഞ്ചരിച്ച് പാങ്ങോടെത്തി പിതാവിന്റെ ഉമ്മ പാങ്ങോട് സ്വദേശി സല്‍മാ ബീവിയെയാണ് അഫാന്‍ ആദ്യം വെട്ടി കൊലപ്പെടുത്തിയത്. അവിടെനിന്ന് ചുള്ളാളത്തെത്തിയാണ് പിതാവിന്റെ സഹോദരന്‍ ലത്തീഫിനെയും അദ്ദേഹത്തിന്റെ ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തി. വീട്ടില്‍നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരമാണ് ചുള്ളാളത്തേക്കുള്ളത്. വീട്ടില്‍ തിരിച്ചെത്തിയശേഷമാണ് അനിയന്‍ ഒമ്പതാം ക്ലാസുകാരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍ഷാന, മാതാവ് ഷെമി എന്നിവരെ ആക്രമിച്ചത്

മൊഴികളില്‍ വൈരുധ്യമുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നുമാണ് പൊലീസ് പറയുന്നത്. പിതാവിന് 75 ലക്ഷം രൂപയുടെ കടമുണ്ടെന്നാണ് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാന്റെ മൊഴി. കടത്തെ ചൊല്ലി വീട്ടില്‍ ഇന്ന് തര്‍ക്കം ഉണ്ടായെന്നും അങ്ങനെയെങ്കില്‍ ആരും ജീവിക്കണ്ട എന്ന് പറഞ്ഞുവെന്നും അഫാന്‍ മൊഴി നല്‍കിയിട്ടുണ്ട്.

കടബാധ്യതയ്ക്കിടെ പെണ്‍സുഹൃത്തിനെ വീട്ടില്‍ വിളിച്ചു കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് വീട്ടില്‍ തര്‍ക്കമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ബന്ധുവീടുകളിലേക്കും പോയെന്നും അവിടെയും തര്‍ക്കമുണ്ടായെന്നും സഹായം ചോദിച്ചിട്ട് ആരും കൂടെ നിന്നില്ലെന്നും പ്രതി മൊഴി നല്‍കി. പ്രതിയുടെ മാതാവുമായാണ് തര്‍ക്കമുണ്ടായത്. ആദ്യം മാതാവിന്റെ കഴുത്ത് ഞെരിച്ചു. ഇതിനുശേഷം മരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, സഹായം ചോദിച്ച് ബന്ധുക്കളെ സമീപിച്ചപ്പോള്‍ ആരും കടം തന്നില്ലെന്നും പ്രതി മൊഴി നല്‍കി.