തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉന്നതരിലേക്ക് അന്വേഷണം നീങ്ങുമ്പോഴും പ്രാഥമികമായി ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ നിരവധി ബാക്കി. എത്രത്തോളം സ്വര്‍ണം അപഹരിക്കപ്പെട്ടു, കണ്ടുകിട്ടിയ സ്വര്‍ണം ശബരിമലയിലേതു തന്നെയാണോ, ആരാണ് കൊണ്ടുപോയത് തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തത വന്നിട്ടില്ല. ഇക്കാര്യങ്ങളാണ് ഈ കേസിന്റെ ഭാവിയിലെ നിലനില്‍പ്പില്‍ അടക്കം നിര്‍ണായകമാകുക.

ഇതൊരു ആസൂത്രിത കൊള്ളയാണെന്നും കുറ്റകരമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രത്യേക അന്വേഷണസംഘം കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം അതിലേക്ക് വിരല്‍ചൂണ്ടുന്ന കൃത്യമായ തെളിവുകള്‍ ഇല്ലെന്നതാണ് പ്രശ്‌നം.

ശബരിമല സന്നിധാനത്തുനിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും കടത്തിയ രണ്ടുകിലോയോളം സ്വര്‍ണത്തില്‍ ഒന്നരകിലോ സ്വര്‍ണം പോയ വഴിയറിയാതെ പ്രത്യേക അന്വേഷണസംഘം. ഈഞ്ചക്കലിലെ ഓഫിസിലും ക്രൈംബ്രാഞ്ച് ആസ്ഥാനത്തും പോറ്റിയെയും സ്വര്‍ണം വേര്‍തിരിച്ചെടുത്ത സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരി ജ്വല്ലറി ഉടമ ഗോവര്‍ധനെയും മാറിമാറിയും ഒപ്പമിരുത്തിയും മണിക്കൂറുകള്‍ ചോദ്യംചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചില്ല. മുന്‍മൊഴികളില്‍ മൂവരും ഉറച്ചുനിന്നതോടെ അന്വേഷണം വഴിമുട്ടിയ നിലയിലാണ്.

ദ്വാരപാലക ശില്‍പത്തില്‍നിന്ന് വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തിലെ ഒരു ഭാഗം 14 ലക്ഷം രൂപക്ക് ഗോവര്‍ധനന് നല്‍കിയത് പോലെ ഇതരസംസ്ഥാനക്കാരായ മറ്റു പല സമ്പന്നര്‍ക്കും വിറ്റതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇവരെക്കുറിച്ച് വെളിപ്പെടുത്താന്‍ പോറ്റി തയാറാകുന്നില്ലെന്നതാണ് അന്വേഷണസംഘത്തെ കുഴക്കുന്നത്.

പാളികളില്‍നിന്ന് ലഭിച്ച സ്വര്‍ണം ഭണ്ഡാരിക്കും ഗോവര്‍ധനനും മാത്രമാണ് നല്‍കിയതെന്നും ഭണ്ഡാരിക്ക് നല്‍കിയത് പാളികളില്‍ സ്വര്‍ണം പൂശിയതിനുള്ള കൂലിയാണെന്നും ഗോവര്‍ധനന് നല്‍കിയ സ്വര്‍ണത്തിനുള്ള തുക പണമായും 10 പവന്റെ ആഭരണമായും ദേവസ്വം ബോര്‍ഡിന് തിരിച്ചുനല്‍കിയെന്നുമാണ് പോറ്റി ആവര്‍ത്തിക്കുന്നത്.

എന്നാല്‍, ഈ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഏകദേശം 2000 ഗ്രാം സ്വര്‍ണം കവര്‍ന്നെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇതില്‍ 584.203 ഗ്രാം സ്വര്‍ണത്തിന്റെ ഉറവിടം മാത്രമാണ് കണ്ടെത്താനായത്. ഭണ്ഡാരിയില്‍ നിന്ന് 109.243 ഗ്രാമും ഗോവര്‍ധനനില്‍ നിന്ന് 474.960 ഗ്രാമുമാണ് പിടിച്ചെടുത്തത്.

മോഷ്ടിച്ച സ്വര്‍ണം എത്രയാണെന്ന് പോറ്റിയും കൂട്ടരും വെളിപ്പെടുത്താത്ത സാഹചര്യത്തില്‍ സന്നിധാനത്തുനിന്ന് എത്ര സ്വര്‍ണം നഷ്ടമായി എന്നത് ശാസ്ത്രീയ പരിശോധയിലൂടെ കണ്ടെത്താന്‍ വിക്രം സാരാഭായി സ്‌പേസ് സെന്ററിന്റെ (വി.എസ്.എസ്.സി) സഹായം ക്രൈംബ്രാഞ്ച് മേധാവിയും പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനുമായ എച്ച്. വെങ്കിടേഷ് തേടിയിട്ടുണ്ട്.

സന്നിധാനത്തുനിന്ന് എസ്.ഐ.ടി ശേഖരിച്ച സാമ്പിളുകള്‍ കഴിഞ്ഞ മാസം തന്നെ വി.എസ്.എസ്.സിക്ക് കൈമാറിയെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. സ്വര്‍ണം പതിപ്പിച്ച പാളികള്‍ മാറ്റി പകരം പോറ്റിയും കൂട്ടരും സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ തിരികെ എത്തിച്ചതിനാല്‍ സാമ്പിളുകളില്‍നിന്ന് കൃത്യമായ കണക്ക് കണ്ടെത്തുക പ്രയാസരകരമായ കാര്യമാണ്.

ഗോവര്‍ധനനെപ്പോലെ ഉണ്ണികൃഷ്ണന്‍ പോറ്റി മറ്റുപലര്‍ക്കും സ്വര്‍ണം വിറ്റിട്ടുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ദിണ്ടിഗല്‍ സ്വദേശിയായ എം.എസ്.മണിയെയും രാജപാളയം സ്വദേശി ശ്രീകൃഷ്ണനെയും കഴിഞ്ഞദിവസം ചോദ്യം ചെയ്തത്. ഉന്നതരായവരാകും ശബരിമലയിലെ സ്വര്‍ണം വാങ്ങിയിരിക്കുക എന്നുമാണ് സൂചന.

ബുധനാഴ്ചത്തെ ചോദ്യംചെയ്യലില്‍ സ്വര്‍ണത്തിന്റെ അളവിലും മൂല്യത്തിലും വ്യക്തതലഭിച്ചെന്ന് സൂചനയുണ്ട്. കൊള്ളയടിച്ച സ്വര്‍ണം എന്തുചെയ്തെന്നും പോറ്റിയും ഗോവര്‍ധനും ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. പൂജ നടത്തിയ സ്ഥലങ്ങള്‍, കൊണ്ടുപോകാനുപയോഗിച്ച വാഹനങ്ങള്‍ എന്നിവയെക്കുറിച്ചും മൊഴികൊടുത്തു.

സോണിയാഗാന്ധിയെ കണ്ടതുമായി ബന്ധപ്പെട്ടുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയിലെ വിവരമടക്കം എല്ലാം അന്വേഷണസംഘം തിങ്കളാഴ്ച ഹൈക്കോടതിക്ക് കൈമാറും. കേസുകളിലെ പ്രതികളായ മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്. ബൈജു, ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ബെള്ളാരിയിലെ ജൂവലറി ഉടമ ഗോവര്‍ധന്‍ എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി വ്യാഴാഴ്ച കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചു.