ന്യൂഡല്‍ഹി: മകന്റെ ജന്മദിനാഘോഷത്തെ തുടര്‍ന്നുണ്ടായ കുടുംബകലഹം അവസാനിച്ചത് കൊലപാതകത്തില്‍. ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തിക്കൊലപ്പെടുത്തിയ യുവാവ് പൊലീസ് പിടിയില്‍. രോഹിണി സെക്ടറില്‍ 17ല്‍ കഴിഞ്ഞിരുന്ന ഭാര്യയെയും മാതാവിനെയും ആണ് ഇയാള്‍ കൊലപ്പെടുത്തിയത്. ശനിയാഴ്ചയാണ് സംഭവം. കുസും സിന്‍ഹ (63), മകള്‍ പ്രിയ സേഗല്‍ (34) എന്നിവരാണ് മരിച്ചത്. പ്രതി യോഗേഷ് സേഗല്‍ (36)യെ പൊലീസ് അറസ്റ്റുചെയ്തു. ഈ മാസം 28ന് മകന്റെ ജന്മദിനാഘോഷത്തിനിടെ നല്‍കിയ സമ്മാനത്തെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത് എന്ന് പൊലീസ് പറഞ്ഞു.

തര്‍ക്കത്തിനു ശേഷം കുസും മകളുടെ വീട്ടില്‍ തന്നെ തങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെ ഫോണില്‍ വിളിച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് കുസുമിന്റെ മകന്‍ മേഘ് സിന്‍ഹ ഫ്ലാറ്റിലെത്തിയപ്പോള്‍ പുറത്തുനിന്നു പൂട്ടിയിട്ട വാതിലിനരികില്‍ രക്തക്കറകള്‍ കാണുകയായിരുന്നു. പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ചപ്പോള്‍ അമ്മയെയും സഹോദരിയെയും രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തി. യോഗേഷിനെയും മക്കളെയും ഫ്‌ളാറ്റില്‍ തിരഞ്ഞിട്ടും കണ്ടെത്തിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

കൊലപാതകത്തില്‍ ഉപയോഗിച്ചതായി കരുതുന്ന കത്രികയും രക്തം പുരണ്ട വസ്ത്രങ്ങളും പൊലീസ് പിടിച്ചെടുത്തു. രണ്ട് പേരെയും കത്രിക ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം യോഗേഷ് കുട്ടികളുമായി കടന്ന് കളയുകയായിരുന്നു. ഫ്‌ളാറ്റില്‍ നിന്നും രക്തം പുരണ്ട വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. യോഗേഷിനൊപ്പം ഉണ്ടായിരുന്ന രണ്ടു മക്കളെയും പൊലീസ് സുരക്ഷിതമായി ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റി. മുന്‍പ് ജ്വല്ലറിയില്‍ ജോലി ചെയ്തിരുന്ന യോഗേഷ് കുറച്ചു നാളായി തൊഴിലില്ലായിരുന്നു എന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ തുടര്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.