ഭുവനേശ്വർ: മനുഷ്യർ ഇപ്പോൾ നിസാരകാര്യങ്ങൾക്ക് വരെ പെട്ടെന്ന് പ്രകോപിതരാകുന്നു. പക മനസ്സിൽ വച്ച് കാണിക്കുന്നത് കൊടും ക്രൂരത ആയിരിക്കും. അങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ ഒഡിഷയിൽ നടന്നിരിക്കുന്നത്. 20-കാരിയായ ആദിവാസി യുവതിയെ മർദിച്ചശേഷം മനുഷ്യവിസർജ്യം തീറ്റിച്ചെന്നാണ് പരാതി. ബൊലാൻ​ഗീർ ജില്ലയിലെ ഭം​ഗമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുരാബന്ദ ​ഗ്രാമത്തിലാണ് അറപ്പ് ഉളവാക്കുന്ന സംഭവം നടന്നത്.

പ്രതി ആദിവാസി വിഭാ​ഗക്കാരനല്ല, പ്രതി യുവതിയുടെ കൃഷിയിടത്തിലൂടെ ട്രാക്ടർ ഓടിച്ച് വിളകൾ നശിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച യുവതിയെ ക്രൂരമായി മർദിക്കുകയും നിർബന്ധിച്ച് മനുഷ്യവിസർജ്യം തീറ്റിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പിന്നാലെ യുവതിയെ രക്ഷിക്കാൻ പോയ ബന്ധുവിനേയും ആക്രമിച്ചെന്നും ആരോപണം ഉയരുന്നുണ്ട്.

തുടർന്ന് പ്രതിക്കെതിരെ പോലീസ് യാതൊരു നടപടിയും സ്വീകരിക്കാത്തത് ആദിവാസികളുടെ ഇടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതേസമയം ഭം​ഗമുണ്ടയിൽ ക്രമസമാധാനനില തകർന്നാൽ സംസ്ഥാന സർക്കാർ ആയിരിക്കും ഉത്തരവാദിയെന്നും മുന്നറിയിപ്പ് നൽകി.

അതേസമയം, പ്രതി ഒളിവിലാണെന്നും പറയുന്നു. രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചതായും പ്രതിയെ പിടികൂടാൻ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും അവർ പറഞ്ഞു.