തിരുവനന്തപുരം: വീടിനു പിന്നില്‍ ചിതയൊരുക്കി ജീവനൊടുക്കാന്‍ ശ്രമിച്ച വീട്ടമ്മ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരി(67)യാണ് മരിച്ചത്. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് വീടിനു പിന്നില്‍ ചിതയൊരുക്കി നളിനകുമാരി ജീവനൊടുക്കാന്‍ ശ്രമിച്ചത്. വീടിന്റെ പിറകുവശത്ത് വിറകും തൊണ്ടും അടുക്കിവച്ച് ചിതയൊരുക്കി അതില്‍ കിടന്നശേഷം മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

അലര്‍ച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ കെടുത്തി ഇവരെ ആശുപത്രിയിലെത്തിച്ചത്. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വലിയ രീതിയില്‍ പൊള്ളലേറ്റിരുന്നതായി അധികൃതര്‍ പറഞ്ഞിരുന്നു. ഭര്‍ത്താവ് ക്രിസ്തുദാസിന്റെ ആരോഗ്യസ്ഥിതിയിലെ മനോവിഷമമാണ് ഇവരെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. നെയ്യാറ്റിന്‍കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ എ.ടി.ഒയായിരുന്ന ക്രിസ്തുദാസ് ദീര്‍ഘകാലമായി കിടപ്പുരോഗിയാണ്.

അതിന്റെ മാനസിക ബുദ്ധിമുട്ടുകളാണ് നളിനികുമാരി ജീവനൊടുക്കിയതിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നിഗമനം. നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരുവര്‍ഷം മുമ്പ് നളിനകുമാരിയും വീട്ടില്‍ വീണ് കാലൊടിഞ്ഞ് ചികിത്സയിലായിരുന്നു. മൂത്ത മകന്‍ അരുണ്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് അസി.മാനേജരാണ്. രണ്ടാമത്തെ മകന്‍ അനൂപ് ഗള്‍ഫില്‍ എന്‍ജിനിയറാണ്.