ചെന്നൈ: പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിക്ക് 54 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. തിരുച്ചിറപ്പള്ളി മഹിളാ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പീഡനത്തിനിരയായ വിദ്യാർത്ഥിക്ക് ആറുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തമിഴ്നാട് സർക്കാരിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

2021-ലാണ് ഈ ദാരുണമായ സംഭവം നടന്നത്. തിരുവാരൂർ ജില്ലയിലെ എളവഞ്ചേരിയിൽ അങ്കണവാടിയിൽ പാചകക്കാരിയായി ജോലി ചെയ്തിരുന്ന ലളിത എന്ന യുവതിയാണ് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടത്. ഭർത്താവിനും മകൾക്കുമൊപ്പം താമസിക്കുകയായിരുന്ന ലളിത, അയൽവാസിയായ പ്രായപൂർത്തിയാകാത്ത ബാലനുമായി അടുപ്പത്തിലാവുകയായിരുന്നു. ഈ ബന്ധം മുറുകിയതോടെ, ബാലന്റെ വീട്ടുകാർ അവനെ ബന്ധുവീട്ടിലേക്ക് മാറ്റി. എന്നാൽ, അവിടെ നിന്ന് ബാലനെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി.

പോലീസിന്റെ അന്വേഷണത്തിൽ, യുവതിയും ബാലനും വേളാങ്കണ്ണിയിൽ വെച്ച് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത ബാലനെ തട്ടിക്കൊണ്ടുപോയി ഊട്ടിയിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്നാണ് കേസ് തിരുച്ചിറപ്പള്ളിയിലെ പ്രത്യേക കോടതിയിൽ വിചാരണയ്ക്ക് എത്തിയത്.

വിചാരണയുടെ അവസാനം, പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം ലളിതക്ക് 20 വർഷം വീതവും, കുട്ടിയെ തട്ടിക്കൊണ്ടുപോയതുൾപ്പെടെയുള്ള മറ്റ് വകുപ്പുകളിൽ 14 വർഷവും കൂട്ടിച്ചേർത്ത് ആകെ 54 വർഷത്തെ കഠിനതടവാണ് കോടതി വിധിച്ചത്. കൂടാതെ, അതിജീവിതനായ വിദ്യാർത്ഥിക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കോടതി ഉത്തരവിട്ടു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.