- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടി; മനംനൊന്ത് യുവാവ് ജീവനൊടുക്കി; പിന്നാലെ വിവാഹം നടത്തിക്കൊടുത്ത ബന്ധുവും ആത്മഹത്യ ചെയ്തു; പീഡനാരോപണം ഉന്നയിച്ച് പോലീസിനെ തെറ്റിദ്ധരിപ്പിച്ചു; ഒടുവിൽ ഭാര്യ കുടുങ്ങി

ദാവൻഗരെ: കർണാടകയിൽ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. വിവാഹം കഴിഞ്ഞ് മൂന്നാം മാസമാണ് ഭാര്യ കാമുകനൊപ്പം പോയത്. ഈ വാർത്തയറിഞ്ഞതിന് പിന്നാലെ, വിവാഹത്തിന് മധ്യസ്ഥത വഹിച്ച ബന്ധുവും ആത്മഹത്യ ചെയ്തതോടെ കർണാടകയിലെ ദാവൻഗരെ ജില്ല കണ്ണീരിലായിരിക്കുകയാണ്. ഗുമനൂരു സ്വദേശിയായ ഹരീഷ് (30), ഭാര്യയുടെ സഹോദരീ ഭർത്താവായ രുദ്രേഷ് (36) എന്നിവരാണ് മരണപ്പെട്ടത്. സംഭവത്തിൽ ഹരീഷിന്റെ ഭാര്യ സരസ്വതിയെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ സരസ്വതി, മുൻ കാമുകനായ കുമാറിനൊപ്പം നാടുവിടുകയായിരുന്നു. വിവരം അറിഞ്ഞ ഹരീഷ് തകർന്നുപോയി. തന്റെ മരണത്തിന് ഉത്തരവാദികളായവരുടെ പേരുകൾ എഴുതി വെച്ച ശേഷമാണ് ഹരീഷ് ജീവനൊടുക്കിയത്. ഹരീഷിന്റെ മരണവാർത്ത കേട്ടതോടെ, താൻ മുൻകൈ എടുത്ത് നടത്തിയ വിവാഹം തകർന്നതിലും ഹരീഷിന്റെ മരണത്തിലും മനംനൊന്ത് രുദ്രേഷും ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ സരസ്വതി പോലീസിനെ സമീപിച്ചിരുന്നു. ഹരീഷും കുടുംബവും തന്നെ പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതി. എന്നാൽ സരസ്വതിക്ക് കുമാറുമായി നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നുവെന്നും വിവാഹശേഷവും ഇവർ ഹരീഷിനെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. തന്റെ മരണത്തിന് സരസ്വതിയും കാമുകൻ കുമാറും കൂടാതെ ബന്ധുക്കളായ ഗണേഷ്, അഞ്ജനമ്മ എന്നിവരും ഉത്തരവാദികളാണെന്ന് ഹരീഷ് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ദാവൻഗരെ റൂറൽ പോലീസ് കേസെടുത്ത് കാമുകനായ കുമാറിനും മറ്റുള്ളവർക്കുമായി തിരച്ചിൽ ഊർജിതമാക്കി.


