വിജയവാഡ: പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ ഇപ്പോൾ സമൂഹത്തിൽ വർധിച്ചുവരുകയാണ്. അങ്ങനെയൊരു ഞെട്ടിപ്പിക്കുന്ന സംഭവമാണ് ഇപ്പോൾ വിജയവാഡയിൽ നടന്നിരിക്കുന്നത്. യുവാവിന്റെ ക്രൂരപ്രവർത്തിയിൽ ഒരു നാട് മുഴുവനും ഞെട്ടിയിരിക്കുകയാണ്. തന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ 17കാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി. യുവാവ് പെൺകുട്ടിയെ മൂന്ന് വർഷം ശല്യപ്പെടുത്തിയിരുന്നു.

വഴങ്ങില്ലെന്ന് വ്യക്തമായതിന് പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തീയിട്ട് കൊല്ലാൻ ശ്രമിച്ച് 21കാരൻ. വിജയവാഡയ്ക്ക് സമീപത്തെ നന്ദ്യാലിലെ നന്ദികോട്കൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. യുവാവിന്റെ ശല്യം മൂലം 17കാരിയെ വീട്ടുകാർ മുത്തശ്ശിയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. ഇവിടെയും എത്തി ശല്യം ചെയ്തിട്ടും പഠനം തുടരണമെന്നും പ്രണയത്തിന് താൽപര്യമില്ലെന്ന് 17കാരി യുവാവിനോട് പറഞ്ഞിരുന്നു.

ഇതിൽ പ്രകോപിതനായ യുവാവ് 17കാരിയുടെ പഠന മുറിയിൽ അതിക്രമിച്ച് കയറിയ ശേഷം പെൺകുട്ടിക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉച്ചത്തിൽ നിലവിളിക്കാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷമായിരുന്നു കൊടും ക്രൂരത നടത്തിയത്. പുകയും തീപിടിച്ചതും കണ്ട് അയൽവാസികൾ വീട്ടിലേക്ക് എത്തിയപ്പോൾ കണ്ടത് പൊള്ളലേറ്റിട്ടും സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന യുവാവിനെയായിരുന്നു.

സംഭവത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്. യുവാവിന്റെ ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ആറ് മാസം മുൻപാണ് 17കാരി മുത്തശ്ശിയുടെ വീട്ടിൽ എത്തിയത്. ഇയാൾക്കെതിരെ നേരത്തെ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടിരുന്നതായാണ് റിപ്പോർട്ടുകൾ ഉണ്ട്.

അടുത്തടുത്ത ഗ്രാമങ്ങളിൽ നിന്നുള്ള യുവാവും പെൺകുട്ടിയും ഒരേ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. ദാരുണ സംഭവത്തിന് പിന്നാലെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. യുവാവിനെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.