കൊച്ചി: ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നതിന്റെ പേരില്‍ ഭര്‍ത്താവിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച കുടുംബ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഇത്തരം ബന്ധങ്ങള്‍ വിവാഹമോചനത്തിന് അല്ലാതെ നഷ്ടപരിഹാരത്തിന് കാരണമാകുന്നില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എംബി സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഭാര്യ ഒളിച്ചോടി പോയതിന്റെ പേരില്‍ ഭര്‍ത്താവിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു തിരുവനന്തപുരം കുടുംബ കോടതിയുടെ ഉത്തരവ്. ഭര്‍ത്താവിന് ഉണ്ടായ മനോവേദനയ്ക്കും മാനഹാനിക്കും നഷ്ടപരിഹാരം എന്ന നിലയില്‍ ആയിരുന്നു വിധി. 2006 വിവാഹിതരായ ദമ്പതികളുടെ കേസില്‍ ആയിരുന്നു തിരുവനന്തപുരം കുടുംബ കോടതിയുടെ ഉത്തരവ്.

വിവാഹത്തിന് ആറു വര്‍ഷങ്ങള്‍ക്കുശേഷം പണവും സ്വര്‍ണാഭരണങ്ങളുമായി ഭാര്യവീട് വിട്ടുപോയി എന്നായിരുന്നു ഭര്‍ത്താവിന്റെ ആരോപണം. നഷ്ടപരിഹാരമായി 20 ലക്ഷം രൂപയും പണവും സ്വര്‍ണവും തിരികെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കുടുംബ കോടതി ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍.

വിവാഹേതര ബന്ധങ്ങള്‍ വിവാഹമോചനത്തിന് കാരണമായി കണക്കാക്കാമെങ്കിലും അതുമൂലം ഉണ്ടാകുന്ന മാനസിക വ്യഥയ്ക്ക് നഷ്ടപരിഹാരം തേടാന്‍ ഇന്ത്യയില്‍ ഒരിടത്തും വ്യവസ്ഥയില്ലെന്ന് കോടതി പറഞ്ഞു. പരസ്ത്രീ പരപുരുഷഗമനം ഭാരതീയ ന്യായ സംഹിത പ്രകാരം കുറ്റകരമല്ല. സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യവും അന്തസ്സും അനുവദിക്കുന്നതാണ് നിയമം. സ്ത്രീയുടെ ലൈംഗികത ഭര്‍ത്താവിന്റെ സ്വത്താണ് എന്ന് വ്യാഖ്യാനിക്കപ്പെടുന്നിടത്ത് നിയമപരമായ അവകാശം ലംഘിക്കപ്പെടുകയാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹം എന്നത് സിവില്‍ കരാര്‍ ആണെന്നും പങ്കാളിയുടെ സ്വഭാവവുമായി അതിനെ ബന്ധപ്പെടുത്തി സ്വത്വവകാശത്തിന് അര്‍ഹതയില്ലെന്നും ഉത്തരവില്‍ പറയുന്നു.