- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുനന്മയുടെ പേരില്‍ ഏതു സ്വകാര്യ സ്വത്തും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ല; എല്ലാ സ്വകാര്യ സ്വത്തുക്കളും സമൂഹത്തിന്റെ ഭൗതിക വിഭവങ്ങളായി കണക്കാക്കാന്‍ ആകില്ല; നിര്‍ണായക വിധിയുമായി സുപ്രീംകോടതി; റദ്ദാക്കിയത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ 1978ലെ വിധി
പൊതുനന്മയുടെ പേരില്‍ ഏതു സ്വകാര്യ സ്വത്തും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ല;
ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. പൊതുനന്മയുടെ പേരില്‍ എല്ലാ സ്വകാര്യ സ്വത്തുക്കളും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചു. എല്ലാ സ്വകാര്യ സ്വത്തുക്കളും സമൂഹത്തിന്റെ ഭൗതിക വിഭവങ്ങള്‍ ആയി കണക്കാക്കാനാകില്ലെന്നും സുപ്രീംകോടതിയുടെ ഒന്‍പതംഗ ബെഞ്ച് വിധിച്ചു. ഏതു ഭൂമിയും ഏറ്റെടുക്കാമെന്ന, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ 1978ലെ വിധിയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ച് റദ്ദാക്കിയത്.
ഒന്‍പതംഗ ബെഞ്ചിലെ ഏഴുജഡ്ജിമാര്‍ യോജിച്ചപ്പോള്‍, രണ്ടുപേര്‍ വിയോജിച്ചു. ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ബി വി നാഗരത്ന വിധിയോട് ഭാഗികമായ വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ജസ്റ്റിസ് സുധാംശു ധൂലിയ ഭൂരിപക്ഷ വിധിയോട് പൂര്‍ണമായും വിയോജിച്ചു. പൊതുനന്മ ലക്ഷ്യമിട്ട് വിതരണത്തിനായി സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ വിഭവങ്ങളും ഏറ്റെടുക്കാന്‍ ഭരണഘടനാപരമായി സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് ഭൂരിപക്ഷ വിധിയില്‍ കോടതി വ്യക്തമാക്കി.
എന്നാല്‍ ചില കേസുകളില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വകാര്യ സ്വത്തുക്കളില്‍ അവകാശവാദം ഉന്നയിക്കാമെന്നും ചീഫ് ജസ്റ്റിസ് വിധിയില്‍ പറഞ്ഞു. എല്ലാ സ്വകാര്യ സ്വത്തുക്കളും ഏറ്റെടുക്കാമെന്നത് സാധാരണക്കാരെ പോലും വലിയ രീതിയില്‍ ബാധിക്കും. അതനുവദിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി. സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ വിഭവങ്ങളും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 39 (ബി) പ്രകാരം പൊതുനന്മ ലക്ഷ്യമിട്ട് സംസ്ഥാനങ്ങള്‍ക്ക് ഏറ്റെടുക്കാമെന്നാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍ വിധി പ്രസ്താവിച്ചത്.
സോഷ്യലിസ്റ്റ് ആശയം ഉള്‍ക്കൊണ്ടുള്ള വിധിയില്‍, പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ സ്വത്തുക്കളും സംസ്ഥാനങ്ങള്‍ക്ക് ഏറ്റെടുക്കാമെന്നായിരുന്നു ഉത്തരവിട്ടത്. ഈ വിധിയാണ് ഭരണഘടനാ ബെഞ്ച് അസാധുവാക്കിയത്. 1992ല്‍ മുംബൈ ആസ്ഥാനമായുള്ള പ്രോപ്പര്‍ട്ടി ഓണേഴ്‌സ് അസോസിയേഷന്‍ (പിഒഎ) സമര്‍പ്പിച്ച ലീഡ് പെറ്റീഷന്‍ ഉള്‍പ്പെടെ 16 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. സ്വകാര്യസ്വത്തുക്കള്‍ പൊതുനന്മ ലക്ഷ്യമിട്ട് ഏറ്റെടുക്കാമെന്ന നിയമം നിലനില്‍ക്കുന്നത് നിക്ഷേപകരെ അകറ്റുമെന്ന് മെയ് ഒന്നിന് ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.
രാജ്യത്തെ വികസന ആവശ്യങ്ങള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കലില്‍ ഭാവിയില്‍ ഏറെ നിര്‍ണായകമായേക്കാവുന്ന വിധിയാണ് പരമോന്ന കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.