കല്‍പ്പറ്റ: വയനാട് മീനങ്ങാടിയിൽ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മീനങ്ങാടി മണങ്ങുവയൽ കൊന്നക്കാട്ടുവിളയിൽ സൈദലവി (57) ആണ് ഇന്നലെ മരിച്ചത്. കഴിഞ്ഞ ദിവസം മീനങ്ങാടി 53-ൽ വെച്ച് സൈദലവിയെ ഒരു ബുള്ളറ്റ് ബൈക്ക് ഇടിക്കുകയായിരുന്നു.

അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സൈദലവിയെ ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് സൈദലവി മരിച്ചത്. സംഭവത്തിൽ മീനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.