തൃപ്പൂണിത്തുറ: സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ നവവരൻ മരിച്ചു. എരൂർ റോഡിലാണ് ദാരുണ അപകടം നടന്നത്. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരങ്ങൾ ഉണ്ട്.

ചെമ്പ് ബ്രഹ്മമംഗലം കണ്ടത്തിൽ വീട്ടിൽ വേണുഗോപാലിൻ്റെ മകൻ വിഷ്ണു വേണുഗോപാൽ (31) ആണ് മരിച്ചത്. ഭാര്യ കുറവിലങ്ങാട് മരങ്ങാട്ടുപള്ളി സ്വദേശിനി ആര്യയെ തലയ്ക്ക് ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കൽ സെൻ്ററിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ വിവാഹം ഇക്കഴിഞ്ഞ നാലിനായിരുന്നു നടന്നത്.

എരൂർ ഗുരു മഹേശ്വര ക്ഷേത്രത്തിന് സമീപം പാലത്തിൻ്റെ ഇറക്കത്തിൽ രാത്രി 7.30 ഓടെയായിരുന്നു അപകടം നടന്നത്. എറണാകുളത്ത് രണ്ട് സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്ന വിഷ്ണുവും ആര്യയും ജോലി കഴിഞ്ഞ് ഒരുമിച്ച്‌ സ്കൂട്ടറിൽ ബ്രഹ്മമംഗലത്തുള്ള വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്. സ്കൂട്ടർ എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് കേസന്വേഷിക്കുന്ന ഹിൽപ്പാലസ് പോലീസ് അറിയിച്ചു. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.